എടിഎം കാർഡ് ഇല്ലെങ്കിലും വിഷമിക്കേണ്ട, ഇനി ക്യൂആർ കോഡ് സ്കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണമെടുക്കാം
എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നതിൽ പുതിയ മാറ്റവുമായി ഐസിസിഡബ്ലു സംവിധാനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എടിഎം കാർഡ് കൈയിലില്ലെങ്കിലും യുപിഐ വഴി ക്യൂആർ കോഡ് സ്കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻ വലിക്കാം എന്നതാണ് ഐസിസിഡബ്ലു( ഇന്റർഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ) സംവിധാനത്തിന്റെ പ്രത്യേകത.
2022 മേയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ ) എല്ലാ ബാങ്കുകളോടും അവരുടെ എടിഎമ്മുകളിൽ ഇന്ററോപ്പറബിൾ കാർഡ്-ലെസ് ക്യാഷ് വിത്ഡ്രോവൽ ( ഐസിസിഡബ്ല്യു ) ഓപ്ഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴാണ് ഒരു ബാങ്ക് ആദ്യമായി ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ മാറ്റത്തോടെ, ഇന്ത്യയിൽ ഐസിസിഡബ്ല്യു സൗകര്യമൊരുക്കിയ ആദ്യപൊതുമേഖലാ ബാങ്ക് എന്ന നേട്ടം ബാങ്ക് ഓഫ് ബറോഡ( ബിഒബി) സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസിഡബ്ല്യു ഓപ്ഷൻ എത്തിയതോടെ ബിഒബിയുടെ എടിഎമ്മുകളിൽനിന്ന് ഇനിമുതൽ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിക്കും. യുപിഐ സംവിധാനം വഴിയാണ് പണം പിൻവലിക്കുന്നത് എന്നതിനാൽ മറ്റ് ബാങ്കുകളുടെ ഉപയോക്താക്കൾക്കും ബിഒബി എടിഎമ്മുകൾ വഴി കാർഡില്ലാതെ പണമെടുക്കാം.
എന്നാൽ ഭീം യുപിഐ, ബോബ് വേൾഡ് യുപിഐ, അല്ലെങ്കിൽ ഐസിസിഡബ്ല്യു പ്രാപ്തമാക്കിയ മറ്റേതെങ്കിലും യുപിഐ ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടായിരിക്കണം, എങ്കിൽ മാത്രമേ ഐസിസിഡബ്ലു സൗകര്യം ഉപയോഗിക്കാനാകൂ. ആദ്യഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരത്തിൽ ഒരു ദിവസം രണ്ട് ഇടപാടുകൾ മാത്രമാണ് നടത്താനാകുക.

യുപിഐയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ഐസിസിഡബ്ലു അനുവദിക്കും. അതിനാൽ വിവിധ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ഉപഭോക്താക്കൾ ഒന്നിലധികം കാർഡുകൾ കൈയിൽ കരുതേണ്ടതില്ല. എന്നാൽ ഐസിസിഡബ്ലു സംവിധാനത്തിൽ ഓരോ ഇടപാടിലും പരമാവധി 5000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
എടിഎം കാർഡ് വേണ്ട എന്നതിന് പുറമെ, സ്കിമ്മിംഗ്, ക്ലോണിംഗ്, എടിഎം കാർഡുമായി ബന്ധപ്പെട്ട മറ്റ് തട്ടിപ്പുകൾ എന്നിവ ഇല്ലാതാക്കാം എന്നതാണ് ഐസിസിഡബ്ലു സംവിധാനത്തിന്റെ പ്രധാന നേട്ടം. അപകടസാധ്യത ലഘൂകരിക്കുന്നതിനായി ഒരൊറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡൈനാമിക് ക്യുആർ കോഡാണ് ഓരോ ഇടപാടുകൾക്കും സൃഷ്ടിക്കപ്പെടുക.
യുപിഐ ഉപയോഗിച്ച് എടിഎമ്മിൽനിന്ന് പണം എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം: ആദ്യം തൊട്ടടുത്തുള്ള ബാങ്ക് ഓഫ് ബറോഡ എടിഎം സന്ദർശിക്കുക. തുടർന്ന് സ്ക്രീനിൽ കാണുന്ന 'UPI Cash Withdrawal' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം എത്രരൂപയാണ് പിൻവലിക്കേണ്ടത് എന്ന് വ്യക്തമാക്കുക (പരമാവധി 5000 രൂപവരെ മാത്രമേ പിൻവലിക്കാനാകൂ എന്നകാര്യം ശ്രദ്ധിക്കണം ).

തുക എത്രയാണെന്ന് വ്യക്തമാക്കിയാൽ തുടർന്ന് സ്ക്രീനിൽ ഒരു ക്യുആർ കോഡ് ദൃശ്യമാകും. നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും യുപിഐ ആപ്ലിക്കേഷൻ ( ICCW Enabled ) ഓപ്പൺ ചെയ്ത് ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുക. ശേഷം തുക പിൻവലിക്കൽ ഉറപ്പിക്കുന്നതിനായി യുപിഐ പിൻ നമ്പർ നൽകുക.
ഇത്രയും നടപടികൾ പൂർത്തീകരിക്കുന്നതിലൂടെ ഐസിസിഡബ്ലുവഴി പണം പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുകയും പണം ലഭിക്കുകയും ചെയ്യും. യുപിഐ ഉപയോഗിക്കുന്ന ഫോണിൽ ഐസിസിഡബ്ലു ഓപ്ഷൻ 'enable ' ചെയ്തിരിക്കണം എന്നതു മാത്രമാണ് ഇവിടത്തെ നിബന്ധന. അധികം വൈകാതെ രാജ്യത്തുടനീളമുള്ള തങ്ങളുടെ എല്ലാ എടിഎമ്മുകളിലും കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കാവുന്ന ഈ സേവനം ലഭ്യമാകുമെന്ന് ബിഒബി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications