മുട്ടിയത് മൂർഖനോട്..! എൻഎച്ച്എഐയെ കോടതി കയറ്റി ബെംഗളൂരു യുവാവ്
നമ്മൾ ഏതെങ്കിലും ഒരു ദേശീയ പാതയിലൂടെ വാഹനം ഓടിക്കുകയാണെന്ന് കരുതുക. മുക്കിന് മുക്കിന് ടോൾ പ്ലാസകൾ തുറന്ന് വച്ചിരിക്കുന്നത് തന്നെ ഒരു അലോസരമാണ്. ടോൾ പിരിവും അതിനൊപ്പം നടക്കുന്ന അനീതികളും നമ്മുടെ നാട്ടിൽ പുതിയ സംഭവം ഒന്നുമല്ല. ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ പോലും നാം തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.
ഈ രീതിയിൽ ഫാസ്ടാഗിൽ ( FASTag) അഞ്ചോ പത്തോ രൂപ അധികമായി ഈടാക്കിയെന്ന് വയ്ക്കുക. എന്താവും നിങ്ങളുടെ പ്രതികരണം. പോട്ടേയെന്ന് വയ്ക്കുമായിരിക്കും അല്ലേ..? അഞ്ച് രൂപയ്ക്ക് വേണ്ടി ആരോട് പരാതി പറയാനെന്നാകും നമ്മളൊക്കെ ചിന്തിക്കുക, എന്നാൽ 10 രൂപയുടെ പേരിൽ നാഷണൽ ഹൈവേ അതോറിറ്റിയെ വട്ടം ചുറ്റിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ യുവാവ്. സംഭവം എന്താണെന്ന് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

കർണാടകയിലെ ഗാന്ധിനഗർ സ്വദേശിയും 38 -കാരനുമായ സന്തോഷ് കുമാറാണ് കഥയിലെ താരം. 2020 ഫെബ്രുവരി 20 -നും മെയ് 16 -നും ചിത്രദുർഗ ഭാഗത്തുള്ള ദേശീയപാതയിലൂടെ അദ്ദേഹം യാത്ര ചെയ്തിരുന്നു. ഈ യാത്രകൾക്കിടയിൽ സന്തോഷ് കുമാർ ഒരു കാര്യം ശ്രദ്ധിച്ചു. 35 രൂപ ടോൾ നിരക്കുള്ളിടത്ത് ഫാസ്ടാഗിൽ നിന്നും 40 രൂപ വച്ചാണ് ഡിഡക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ട് തവണയായി മൊത്തത്തിൽ 10 രൂപ അധികമായി ഫാസ്ടാഗിൽ നിന്നും നഷ്ടമായെന്ന് സാരം.
ഈ സാഹചര്യത്തിൽ നമ്മളെന്താകും ചെയ്യുക... നേരത്തെ പറഞ്ഞത് പോലെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നതാണ് വാസ്തവം. 10 രൂപയെന്നത് വലിയൊരു കാര്യമല്ലെന്ന് തന്നെയാകും നമ്മുടെയൊക്കെ ചിന്ത. എന്നാൽ നമ്മുടെ കഥാനായകന് അതങ്ങനെയങ്ങ് ഒഴിവാക്കാൻ തോന്നിയില്ല. തന്റെ കൈയ്യിൽ നിന്ന് അന്യായമായി ഈടാക്കിയ പണം തിരിച്ചുകിട്ടാനായി സന്തോഷ് പ്രോജക്റ്റ് ഡയറക്ടർ അടക്കമുള്ള എൻച്ച്എഐ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
തുടർന്ന് ചിത്രദുർഗ പ്രോജക്റ്റ് ഡയറക്ടർ, എൻഎച്ച്എഐ, നാഗ്പൂരിലെ ജെഎഎസ് ടോൾ റോഡ് കമ്പനി ലിമിറ്റഡ് മാനേജർ എന്നിവരെ പ്രതിയാക്കി സംഭവത്തിൽ കേസ് നൽകുകയും ചെയ്തു. കേസ് പരിഗണിച്ച സമയത്ത് ഫാസ്ടാഗ് വഴി തുക ഈടാക്കിയത് നിയമപരമായി തന്നെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2020 ജൂലൈ 1 വരെ കാറുകളുടെ ടോൾ നിരക്ക് 38 രൂപയും ഇടത്തരം ചരക്ക് വണ്ടികളുടെ (LCV) ടോൾ നിരക്ക് 66 രൂപയായിരുന്നുവെന്നും അവർ കോടതിയിൽ ബോധിപ്പിച്ചു.
ഫാസ്ടാഗ് സംവിധാനം സജ്ജീകരിച്ചത് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എൻഎച്ച്എഐ പ്രതിനിധികളോ ജെഎഎസ് കമ്പനി പ്രതിനിധികളോ ഹാജരായില്ലെന്നതാണ് മറ്റൊരു വസ്തുത. പ്രതിഭാഗത്തിനായി പ്രോജക്റ്റ് ഡയറക്ടറെ പ്രതിനിധീകരിച്ച് ഒരു അഭിഭാഷകൻ മാത്രമാണ് എത്തിയത്. കോടതിയിലെ വാദങ്ങൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും 2018ൽ പുറത്തിറക്കിയ എൻഎച്ച്എഐ സർക്കുലർ പ്രകാരം കാറുകൾക്ക് 35 രൂപയും എൽസിവികൾക്ക് 65 രൂപയുമാണ് ടോൾ നിരക്ക്.
രണ്ട് വാദങ്ങളും കേട്ട ശേഷം സന്തോഷ് കുമാറിന് അനുകൂലമായിട്ടായിരുന്നു കോടതി വിധി. അധികമായി ഈടാക്കിയ ടോൾ തുകയും 8,000 രൂപ നഷ്ടപരിഹാരമായും നൽകാനും ഉപഭോക്തൃ കോടതി ഉത്തരവ് പുറത്തിറക്കി. അപ്പോൾ വീണ്ടും ചിലർക്ക് തോന്നാം 2,000 രൂപയ്ക്ക് വേണ്ടിയാണോ ഇത്ര വലിയ നിയമയുദ്ധം നടത്തിയതെന്ന്. തിരിച്ചുകിട്ടിയ തുകയുടെ വലിപ്പമല്ല, പകരം അനീതി പ്രവർത്തിച്ച സർക്കാർ എജൻസിയെ മുട്ടുകുത്തിക്കാൻ ഒരു പൌരനായെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.


Click it and Unblock the Notifications








