ഈ മെട്രോ പാതയിൽ ഇനി ഡ്രൈവർ വേണ്ട; ആദ്യ ട്രെയിൻ കൊണ്ടുവന്നത് ചൈനയിൽനിന്ന്!
ബംഗളുരു മെട്രോയുടെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ചൈനയിൽ നിന്ന് ഇന്ത്യയിലെത്തി. ചെന്നൈ തുറമുഖത്ത് എത്തിച്ചിരിക്കുന്ന ഈ ഡ്രൈവറില്ലാ ട്രെയിൻ, കസ്റ്റംസിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ബംഗളുരുവിലേക്ക് കൊണ്ടുപോകും. തുടർന്ന്, ട്രെയിൻ ഇലക്ട്രോണിക്‌സ് സിറ്റിയിൽ അസംബിൾ ചെയ്യും, ഒരു സംഘം ചൈനീസ് എഞ്ചിനീയർ അസംബ്ലിങ്ങിന് മേൽനോട്ടം വഹിക്കും.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ പാതയിലൂടെയാണ് ഈ ഡ്രൈവറില്ലാ ട്രെയിൻ ഓടുക. സിൽക്ക് ബോർഡ് വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കാൻ സജ്ജീകരിച്ചിരിക്കുന്ന യെല്ലോ ലൈനിൽ ഈ പ്രോട്ടോടൈപ്പ് ട്രെയിൻ ട്രയൽ റൺ നടത്തും എന്നാണ് ബിഎംആർസിഎൽ അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ എത്തിച്ചിരിക്കുന്ന ഡ്രൈവറില്ലാ ട്രെയിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തിയ ശേഷം റെയിൽവേ സുരക്ഷാ ചീഫ് കമ്മീഷണർക്ക് (സിസിആർഎസ്) റിപ്പോർട്ട് സമർപ്പിക്കും. മെയ് മാസത്തോടെ രണ്ട് ട്രെയിനുകളും ജൂൺ മുതൽ എല്ലാ മാസവും രണ്ട് ട്രെയിനുകളും കൂടി ബംഗളുരുവിലെത്തുമെന്ന് ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നത്.
ഡ്രൈവറില്ലാ ട്രെയിനുകൾക്കായുള്ള കരാറിൽ 2019ൽ ആണ് ബെംഗളൂരു മെട്രോ റെയിൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഒപ്പുവയ്ക്കുന്നത്. സിആർസിസി നാൻജിംഗ് പുജെൻ കോ ലിമിറ്റഡ് എന്ന ചൈനീസ് കമ്പനിയുമായിട്ടായിരുന്നു കരാർ. 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഏകദേശം 1,578 കോടി രൂപയ്ക്കാണ് ഒപ്പിട്ടിരിക്കുന്നത്.

ബിഎംആർസിഎല്ലിന്റെ ഡ്രൈവറില്ലാ ട്രെയിനുകൾ 90 സെക്കൻഡ് ഫ്രീക്വൻസിയിൽ ആണ് ഓടുക. ഓരോ കോച്ചിനും 21 മീറ്റർ നീളമുണ്ട്. ബൊമ്മസാന്ദ്രയ്ക്കും ആർവി റോഡിനും ഇടയിലുള്ള യെല്ലോ ലൈനിൽ 16 സ്റ്റേഷനുകൾ ഉണ്ടാകും, ഏകദേശം 19 കിലോമീറ്റർ നീളമാണ് നമ്മ മെട്രോയുടെ ഈ പാതയ്ക്ക് ഉള്ളത്.
ഗതാഗതക്കുരുക്കിന് കുപ്രസിദ്ധി നേടിയിട്ടുള്ള ബംഗളുരുവിന്റെ യാത്രാ പ്രശ്നം പരിഹരിക്കാൻ ബൊമ്മസാന്ദ്രയ്ക്കും ആർവി റോഡിനും ഇടയിലുള്ള യെല്ലോ ലൈൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ബൊമ്മസാന്ദ്രയെ വളരെ തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് മേഖലയുമായി ബന്ധിപ്പിക്കാൻ ഈ പ്രോജക്ട് സഹായിക്കും. പദ്ധതി പ്രകാരം, ഈ മാസം തന്നെ യെല്ലോ ലൈൻ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ പ്രതീക്ഷിച്ച വിധം പണി പുരോഗമിക്കാത്തതിനാൽ യെല്ലോ ലൈൻ ലോഞ്ച് വൈകും. രാജ്യത്തെ ഏറ്റവും വിപുലമായ മെട്രോ സർവീസുകളിൽ ഒന്നാണ് ബംഗളുരുവിലെ 'നമ്മ മെട്രോ. ഇവിടെ ആദ്യമായാണ് ഡ്രൈവർ ഇല്ലാ ട്രെയിൻ അവതരിപ്പിക്കാൻ പോകുന്നത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോയാണ് ബംഗളുരുവിലേത് എന്ന് കരുതരുത്. ഡൽഹി മെട്രോ ഇതിനകം ഡ്രൈവറില്ലാ സർവീസുകൾ നടത്തുന്നുണ്ട്.

രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസിനു തുടക്കം കുറിക്കപ്പെട്ടത് ഡൽഹിയിൽ ആയിരുന്നു. 2020 ഡിസംബറിൽ ആയിരുന്നു അത്. ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് നടത്തുക. നമ്മുടെ കൊച്ചി മെട്രോയിലും സിബിടിസി ടെക്നോളജി പാതയാണ് ഒരുക്കിയിരിക്കുന്നത്.
ഡ്രൈവറില്ലാ ട്രെയിനുകൾ ഭാവിയിൽ ബംഗളുരുവിന്റെയും ബിഎംആർസിഎല്ലിന്റെയും മുഖമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ ബംഗളുരു മെട്രോ ട്രെയിനിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയും ആരംഭിക്കും. ബംഗളുരുവിന്റെ മെട്രോ സംവിധാനത്തിലേക്ക് പുതിയ ടെക്നോളജിയുമായി ഡ്രൈവറില്ലാ ട്രെയിൻ എത്തുമ്പോൾ ബംഗളുരുവിലെ ലക്ഷക്കണക്കിന് മലയാളികൾക്കും അത് ഏറെ ഉപകാരപ്പെടും എന്നത് ഉറപ്പാണ്.


Click it and Unblock the Notifications








