സകലകലാ വല്ലഭൻ, വകതിരിവ് വട്ടപ്പൂജ്യം! വനിതാ സുഹൃത്തുമൊത്ത് താമസിക്കാൻ വാടകവീട് തേടി, പോയത് 1.6 ലക്ഷം
ഓൺലൈൻ പരസ്യങ്ങളിൽ വിശ്വസിച്ച് പണമിടപാട് നടത്തിയവർ അപകടങ്ങളിൽ ചെന്ന് ചാടിയ സംഭവങ്ങൾ ഇതിനോടകം നാം നിരവധി തവണ കേട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ ദിവസവും നടക്കുന്നുണ്ട്. അവ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കാണുന്നുണ്ടെങ്കിലും വീണ്ടും ഇതേ അപകടങ്ങളിലേക്ക് തന്നെ ആളുകൾ എത്തിപ്പെടുന്നു എന്നതാണ് ഏറെ ആശ്ചര്യകരം.
സാധാരണക്കാരെക്കാൾ, ഏറെ വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള ആളുകളാണ് ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടിക്കൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. വനിതാ സുഹൃത്തുമായി ഒന്നിച്ച് താമസിക്കാൻ ഒരു വാടക വീട് അന്വേഷിച്ചിറങ്ങിയ ടെക്കിയായ യുവാവിനെ കബളിപ്പിച്ച് 1.6 ലക്ഷം രൂപ തട്ടിയെടുത്ത സംഭവും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

ബംഗളുരുവിൽ ഒരു ജോലി തരപ്പെടുത്തിയെടുക്കാൻ ചിലപ്പോൾ എളുപ്പത്തിൽ കഴിഞ്ഞേക്കും. എന്നാൽ ഒരു വാടകവീട് തപ്പിയെടുക്കാൻ കുറച്ച് പാട് പെടേണ്ടിവരും. നഗരപ്രദേശത്താണ് വീട് തപ്പുന്നത് എങ്കിൽ ചോദിക്കുകയും വേണ്ട, കുഴഞ്ഞതുതന്നെ. ഉയർന്ന വാടകയും നൂറുകൂട്ടം നിബന്ധനകളോടെ അഡ്വാൻസ്, മെയിന്റനൻസിന്റെയും മറ്റും പേരിലും നല്ലൊരു തുക പോയിക്കിട്ടും.
ഉയർന്ന ഡിമാൻഡും മറ്റും മൂലം വീട് കിട്ടാനുള്ള ഈ ബുദ്ധിമുട്ട് തട്ടിപ്പുകാർ ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്യുന്നത് ഇപ്പോൾ കൂടിവരുന്നുമുണ്ട്. ഇതൊന്നുമറിയാതെയാകാം യുവാവ് അബദ്ധത്തിൽ ചെന്ന് ചാടിയത്. കൊൽക്കത്ത സ്വദേശിയായ ഇരുപത്തഞ്ചുകാരനായ യുവാവിന് ബംഗളുരു കടുബീസനഹള്ളിയിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ സോഫ്ട്വേർ എൻജിനീയറായി ജോലി ലഭിച്ചു.

പ്രണയിനിയുമായി ജൂൺ ഒന്നുമുതൽ നഗരത്തിലേക്ക് താമസം മാറാനും പുതിയ ജോലിയിൽ പ്രവേശിക്കാനുമാണ് യുവാവ് പദ്ധതിയിട്ടത്. അതിന്റെ ഭാഗമായി ജോലിയിൽ പ്രവേശിക്കും മുമ്പ് താമസിക്കാൻ നല്ലൊരു വീട് കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടു. ഓൺലൈനിലൂടെ ആയിരുന്നു വീടന്വേഷണം. അതിനിടെയാണ് ഒരു പ്രമുഖ ഓൺലൈൻ സൈറ്റിൽ മാർത്തഹള്ളിയിലെ ഒരു ഫ്ലാറ്റിന്റെ ആകർഷകമായ ഓഫർ കാണുന്നത്.
പ്രതിമാസ വാടക 25,000 രൂപ, രണ്ട് മാസത്തെ വാടക അഡ്വാൻസ് എന്നതായിരുന്നു പരസ്യത്തിലെ നിബന്ധന. അതിന് സമ്മതമായിരുന്നതിനാൽ അതിൽ കണ്ട കോണ്ടാക്ട് നമ്പരിൽ ബന്ധപ്പെട്ടു. താൻ ഒരു ആർമി ഓഫീസർ ആണെന്നും മുംബൈയിൽ ആണ് താമസിക്കുന്നത് എന്നുമാണ് വീട്ടുടമ സ്വയം പരിചയപ്പടുത്തിയത്. ഫ്ലാറ്റ് വാടകയ്ക്ക് വേണമെങ്കിൽ വാടകക്കരാറുമായി മുന്നോട്ട് പോകാമെന്ന് അയാൾ നിർദേശിച്ചു.
തുടർന്ന് വീട്ടുടമയെന്ന് പരിചയപ്പെടുത്തിയയാൾ ബംഗളൂരു ഫ്ലാറ്റിന്റെ മാനേജരാണെന്ന് പറഞ്ഞ് മറ്റൊരാളുമായി യുവാവിനെ പരിചയപ്പെടുത്തി. ഇടപാട് ഉറപ്പിക്കാൻ ഇരുവരും തന്നോട് 4,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതായി യുവാവ് പറയുന്നു. പ്രോപ്പർട്ടി ഒരു സർക്കാർ ഏരിയയിലാണ് ഉള്ളതെന്നും അവിടെ കയറാൻ പാസെടുക്കണമെന്നും പറഞ്ഞാണ് ഈ തുക വാങ്ങിയത്.

ഏറെ വിശ്വാസ്യതയുള്ള പോർട്ടലിൽ കണ്ട പരസ്യം ആയതിനാൽ താൻ അവരെ വിശ്വസിച്ചതെന്ന് യുവാവ് പറയുന്നു. തുടർന്ന് ഗൂഗിൾ പേയിലൂടെ ആ പണം നൽകി. തുടർന്ന് കരാറിന്റെ പേരിൽ എട്ട് തവണയായി 1.6 ലക്ഷം രൂപ ഓൺലൈനിലൂടെ ഇവർ വാങ്ങിയെടുത്തു. എന്നാൽ ഇവരെ നേരിൽ കാണാനോ കരാർ ഉണ്ടാക്കാനോ കഴിഞ്ഞില്ല എന്നാണ് യുവാവ് ടൈസം ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയത്.
പണം നൽകിയശേഷം പിന്നീട് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഓൺലൈൻ സൈറ്റിൽനിന്ന് അവരുടെ പരസ്യം അപ്രത്യക്ഷമാകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടവർ ബന്ധപ്പെട്ടതിനെത്തുടർന്ന് സൈറ്റ് തന്നെ പരസ്യം നീക്കം ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇവിടെ ഉടമയെ കാണാതെ ഒന്നിലധികം തവണ പണം കൈമാറിയത് യുവാവിന്റെ മണ്ടത്തരമായാണ് വിലയിരുത്തപ്പെടുന്നത്.
ഓൺലൈനിൽ വാടകവീട് തിരയുമ്പോൾ ശ്രദ്ധിക്കേണ്ടവ: ഡെപ്പോസിറ്റ് പണം നൽകും മുമ്പ് ഒപ്പിട്ട പാട്ടക്കരാർ നേടുക. സാമ്പത്തിക വിവരങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കുക. പ്രോപ്പർട്ടി ഉടമയെ നേരിൽ കണ്ട് സംസാരിക്കുക. അവരുടെ ഐഡന്റിറ്റിയും വിശ്വാസ്യതയും ഉറപ്പാക്കുക. ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകാതിരിക്കുക. ആകർഷകമായ ഓഫറുകളെ സംശയത്തോടെ നോക്കിക്കാണുക. വിശ്വസനീയ പ്ലാറ്റ്ഫോം ഉപയോഗിക്കുക.


Click it and Unblock the Notifications