ബാങ്കിംഗ് പാസ്‌വേര്‍ഡ് കൈക്കലാക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

Posted By: Super

ബാങ്കിംഗ് പാസ്‌വേര്‍ഡ് കൈക്കലാക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

ബാങ്കിംഗ് പാസ്‌വേര്‍ഡുകള്‍ കൈക്കലാക്കാന്‍ സാധിക്കുന്ന ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാല്‍വെയര്‍ പുറത്തിറങ്ങിയിരിക്കുന്നു. അപകടകരമായ ഈ ആപ്ലിക്കേഷനെക്കുറിച്ച് വ്യക്തമാക്കിയത് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനിയായ മക്അഫീയാണ്. ട്രോജന്‍ വൈറസ് സാന്നിധ്യമുള്ള ഈ ആപ്ലിക്കേഷന്‍

ടോക്കണ്‍ ജനറേറ്റര്‍ ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് എത്തുന്നത്. ഫെയ്ക്ക്‌ടോക്കണ്‍ എന്നാണ് മക്അഫീ ഇതിനെ വിളിക്കുന്നത്.മാല്‍വെയര്‍ സാന്നിധ്യമുള്ള ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ആകുന്നത്. ടോക്കണ്‍ ജനറേറ്ററായി എത്തുന്നതിനാല്‍ അറിഞ്ഞുകൊണ്ട് ഇത് ഡൗണ്‍ലോഡ് ചെയ്യുന്നവരും ഉണ്ട്.

ഫെയ്ക്ക്‌ടോക്കണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുടെ മൊബൈലില്‍ ബാങ്കിംഗ് പ്രവൃത്തികള്‍ നടത്തുമ്പോള്‍ ബാങ്കുമായി ഇടപാട് നടത്തുന്നതിന്  ഉപയോഗിക്കുന്ന ടോക്കണ്‍ നമ്പര്‍ നേരിട്ട് ബാങ്കില്‍ നിന്ന് ഉപയോക്താവിലേക്കും ഉപയോക്താവില്‍ നിന്ന് ബാങ്കിലേക്കും എത്താതെ അതിനെ പകുതിയില്‍ വെച്ച്  ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യും.

പിന്നീട് പ്രസ്തുത ടോക്കണ്‍ നമ്പര്‍ ആപ്ലിക്കേഷനെ നിയന്ത്രിക്കുന്ന വിദൂരസര്‍വ്വറിലേക്ക് അയച്ച് പണം തട്ടിയെടുക്കാനും മറ്റും ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

പാസ്‌വേര്‍ഡ് കൈക്കലാക്കുന്നതിനൊപ്പം ഐഎംഇഐ, ഐഎംഎസ്‌ഐ, ഫോണ്‍ മോഡല്‍, സോഫ്റ്റ്‌വെയര്‍, സെക്യൂരിറ്റി സംബന്ധിച്ച വിവരങ്ങളും ഇത് ഹാക്കറിന് കൈമാറുന്നതാണ്. കോണ്ടാക്റ്റ് ലിസ്റ്റ്, ടെക്‌സ്റ്റ് മെസേജ് എന്നിവയില്‍ നിന്നും ഇത് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ ഏറ്റവും വിശ്വസനീയമായതെന്ന് ബോധ്യപ്പെട്ടശേഷം തെരഞ്ഞെടുക്കുന്നതാണ് ഇത്തരം ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ഇതിനായി ബാങ്കുകളുടെ അഭിപ്രായവും ആരായാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot