കാശില്ലെന്നൊക്കെ പറയുന്നത് വെറുതേയാണ് സുഹൃത്തേ! ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിന്റെ സത്യാവസ്ഥ
ടെക്നോളജി മേഖലയിലെ സുഹൃത്തുക്കളോട് എന്നാ ഉണ്ട് വിശേഷം എന്ന് തിരക്കിയാൽ ആഗോളതലത്തിൽ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലിന്റെയും കദനകഥകളുടെയും ഒരു കുത്തൊഴുക്കാകും മറുപടി. എവിടെ നോക്കിയാലും കൂട്ടപ്പിരിച്ചുവിടൽ. എന്തിനേറെ പറയുന്നു ചിലവുചുരുക്കൽ എന്നപേരിൽ ചില വമ്പൻ കമ്പനികൾ ജീവനക്കാരുടെ നാലുമണിപ്പലഹാരത്തിൽ വരെ കൈവയ്ക്കുന്നതും കഴിഞ്ഞ മാസങ്ങളിൽ കാണേണ്ടിവന്നു.
വളരെ കഠിനമായ അവസ്ഥകളിലൂടെയാണ് ടെക്നോളജി മേഖല ഇപ്പോൾ കടന്നുപോകുന്നത് എന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ അടുത്തിടെ നടന്ന കൂട്ടപ്പിരിച്ചുവിടലുകളും ചെലവുചുരുക്കൽ പ്രക്രിയകളും കാരണമായിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ ഈ പറയുന്ന പ്രതിസന്ധി അവിടെ ഉണ്ടോ എന്ന് ഒന്നുകൂടി കടുപ്പിച്ച് ചോദിച്ചാൽ ഇല്ല എന്ന് പറയുന്ന ഒരു വിഭാഗവുമുണ്ട്.

സാമ്പത്തിക പ്രതിസന്ധി എന്ന കാരണം മുന്നോട്ടുവച്ച് 12,000 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ വാർഷിക ശമ്പളത്തിന്റെ കണക്ക് മാത്രം മതി ഇതിന് തെളിവ് എന്നാണ് ഇവർ വാദിക്കുന്നത്. പിരിച്ചുവിടലുകൾക്ക് പിന്നിലെ യഥാർഥ കാരണം പണമോ പ്രതിസന്ധിയോ അല്ലെന്നും മറ്റ് ചില കാരണങ്ങളാണ് എന്നും ഒരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നു.
ഗൂഗിൾ, മെറ്റാ, ആമസോൺ, മൈക്രോസോഫ്റ്റ്, കോഗ്നിസന്റ്, ഐബിഎം തുടങ്ങിയ ചെറുതും വലുതുമായ നിരവധി ടെക് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ഏതു സമയവും തൊഴിൽ നഷ്ടപ്പെടാം എന്ന അവസ്ഥ ടെക്നോളജി മേഖലയിൽ നിലനിൽക്കുന്നു എന്നതും വാസ്തവമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് അതിന്റെ കാരണം എന്ന വാദം ശരിയല്ല എന്നുമാത്രം.

മോശം ബിസിനസ് അന്തരീക്ഷം, കഠിനമായ സാമ്പത്തിക സാഹചര്യം എന്നിവ കണക്കിലെടുത്ത് ചെലവുചുരുക്കൽ എന്ന് പറഞ്ഞ് പാവങ്ങളെ പിരിച്ചുവിടുന്ന ഇതേ കമ്പനികൾ സ്വീകരിക്കുന്ന മറ്റ് ചില നടപടികൾ അതിലെ പൊള്ളത്തരം വെളിയിൽ കൊണ്ടുവരുന്നുണ്ട്. ദാരിദ്ര്യം പറയുന്ന ഗൂഗിൾ 2022-ൽ ഉടനീളം 279.8 ബില്യൺ ഡോളറിന്റെ വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയത്.
2022-ൽ ഇത് ഏകദേശം 60 ബില്യൺ ഡോളറായിരുന്നു. ചില രാജ്യങ്ങളുടെ മൊത്തം ജിഡിപിയെക്കാൾ വലുതാണ് ഗൂഗിളിന്റെ ലാഭം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ കാര്യവും അതുപോലെ തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. 2023 മാർച്ച് 31-ന് അവസാനിച്ച 12 മാസത്തെ വരുമാനം 207.591 ബില്യൺ ഡോളർ ആയിരുന്നു.
ഇലോൺ മസ്കിന്റെ ട്വിറ്ററിൽ പക്ഷേ കാര്യങ്ങൾ കുറച്ച് കുഴപ്പത്തിൽ തന്നെയാണ്. കാര്യമായ വരുമാനം ഉണ്ടാക്കാൻ ട്വിറ്ററിന് കഴിഞ്ഞിട്ടില്ല. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം കമ്പനകിളുടെ മാതൃകമ്പനിയായ മെറ്റയും സാമ്പത്തികാവസ്ഥ മോശമാണ് എന്ന് പറയുന്നുണ്ടെങ്കിലും പറയത്തക്ക നഷ്ടമൊന്നും മെറ്റയ്ക്കും ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പിരിച്ചുവിടൽ എന്ന നിലയ്ക്കും ചില ന്യായീകരണങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ അതിലും അത്രവലിയ കാര്യമൊന്നുമില്ല. മിക്ക കമ്പനികളിലും കാര്യങ്ങൾ നല്ലനിലയിൽത്തന്നെയാണ് പോകുന്നത്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിരിച്ചുവിടൽ എന്ന ചോദ്യം വീണ്ടും ഉയർന്നേക്കാം. അതിനുള്ള ഉത്തരമായി മൂന്ന് നാല് കാര്യങ്ങൾ നമുക്ക് മുന്നിൽത്തന്നെയുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് പിരിച്ചുവിടലുകൾക്ക് പിന്നിലുള്ളത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
അമിത നിയമനങ്ങൾ ക്രമീകരിക്കുക: ഇപ്പോൾ ആളുകളെ പിരിച്ചുവിടുന്ന പല കമ്പനികളും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കോവിഡ് സമയത്ത് കൂടുതൽ ആളുകളെ ജോലിക്കെടുത്തിരുന്നു എന്നതാണ് അത്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ടെക്നോളജി മേഖലയുടെ പ്രാധാന്യം വർധിക്കുകയും പല ടെക് കമ്പനികളും സാമ്പത്തികമായി ഏറെ മെച്ചപ്പെടുകയും ചെയ്തിരുന്നു.
വളർച്ചയ്ക്കനുസരിച്ച് വരുമാനം കൂടിയപ്പോൾ ആളുകളെ അമിതമായി നിയമിച്ചു എന്ന് ഗൂഗിൾ സിഇഒ തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അന്ന് നടത്തിയ അധിക നിയമനങ്ങൾ ഇപ്പോൾ കുറച്ച് ആളുകളെ പിരിച്ചുവിട്ട് ക്രമപ്പെടുത്തുകയാണ് എന്നാണ് പിരിച്ചുവിടലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു വസ്തുത. ഓവർഹയർ എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും മെറ്റ സിഇഒയും ഇതേ കാര്യം സൂചിപ്പിച്ചിരുന്നു.
പുതിയ പ്രോജക്ടുകൾക്ക് അനുയോജ്യമല്ലാത്തവരെ ഒഴിവാക്കുക: ജീവനക്കാരുടെ ജോലിയിൽ തൃപ്തിക്കുറവുള്ള ചില കമ്പനികൾ ഇപ്പോൾ നിലനിൽക്കുന്ന പിരിച്ചുവിടൽ അന്തരീക്ഷം തന്ത്രപരമായി വിനിയോഗിക്കുകയും ഇഷ്ടമില്ലാത്ത തൊഴിലാളികളെ പിരിച്ചുവിടാൻ സാമ്പത്തിക പ്രതിസന്ധി എന്ന പല്ലവി ഉപയോഗിക്കുകയും ചെയ്തുവരുന്നു എന്നതാണ് പിരിച്ചുവിടലുകൾക്ക് പിന്നിലെ രണ്ടാമത്തെ വസ്തുത. ജീവനക്കാരോടുള്ള ഈ അതൃപ്തിക്ക് പിന്നിൽ രണ്ട് കാരണങ്ങളാകും പ്രധാനമായി ഉണ്ടാകുക.

അതിൽ ആദ്യത്തേത് ജീവനക്കാരുടെ പ്രകടനം അത്രമെച്ചമല്ല എന്നതാണ്. രണ്ടാമത്തേത് സ്ഥാപനം ഇപ്പോൾ പിന്തുടരുന്ന പ്രോജക്ടുകളിൽ നിലവിലുള്ള തൊഴിലാളികളെ ഉപയോഗിക്കാൻ കഴിയാതിരിക്കുക. അതായത് പഴയ തൊഴിലാളികൾക്ക് ചെയ്തുവരുന്ന ജോലി ഇപ്പോൾ സ്ഥാപനത്തിന് ആവശ്യം ഉണ്ടായിരിക്കില്ല. പകരം പുതിയ പ്രോജക്ടുകളിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നവരെയാകും കമ്പനികൾക്ക് വേണ്ടത്. അതിനാൽ ആവശ്യമില്ലാത്തവരെ ഒഴിവാക്കുന്നു.
എന്നാൽ 'മോശം പ്രകടനം' എന്ന വാക്ക് പിരിച്ചുവിടലിന്റെ കാരണമായി പറയാതിരിക്കാനുള്ള മാന്യത ചില കമ്പനികൾ കാണിച്ചിട്ടുണ്ട്. പൊതുവേദികളിൽ പറഞ്ഞില്ല എങ്കിലും മോശം പ്രകടനം നടത്തുന്നവർ പുറത്താകുമെന്ന മുന്നറിയിപ്പ് മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ ആഭ്യന്തര മീറ്റിങ്ങുകളിൽ നൽകിയിരുന്നു. എഐയുടെയും മറ്റും വരവും ചില ജീവനക്കാരെ ഒഴിവാക്കാൻ കമ്പനികൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
വേണ്ടത് എഐ എൻജിനീയർമാരെ: ഭാവിയുടെ സാങ്കേതികവിദ്യയായിട്ടാണ് എഐ സാങ്കേതികവിദ്യ വിലയിരുത്തപ്പെടുന്നത്. ഇനിയുള്ള കാലം എഐയുടേത് ആണെന്ന് കമ്പനികൾ വിശ്വസിക്കുന്നു. അതിനാൽ തങ്ങളുടെ സേവനങ്ങളിൽ എഐ കൊണ്ടുവരാൻ പരിശ്രമിക്കുന്നു. ഈ എഐ യുദ്ധത്തിൽ മുന്നിലെത്താൻ മികച്ച എഐ എൻജിനീയർമാരെ സ്വന്തമാക്കാൻ കമ്പനികൾ പരസ്പരം മത്സരിക്കുന്നു.
എഐ സാങ്കേതികവിദ്യയിൽ കമ്പനികൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടെ മറ്റ് പല മേഖലകളും പിന്തള്ളപ്പെടുകയും അവിടങ്ങളിൽ ജോലിചെയ്തിരുന്നവരുടെ പ്രസക്തി നഷ്ടമായി അവർ പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇനിയുള്ള കാലം എഐ ടൂളുകൾ, എഐ സേവനങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, എആർ, വിആർ എന്നിവയെ കുറിച്ചുള്ളതായിരിക്കുമെന്ന് പല ടെക് കമ്പനികളും വിശ്വസിക്കുന്നു.
അതിനാൽ, ഈ ടൂളുകളുമായി ബന്ധപ്പെട്ട ജോലികളിൽ വൈദഗ്ധ്യമില്ലാത്തവരെ പിരിച്ചുവിടാൻ അവർ ആഗ്രഹിക്കുന്നു. പകരം എഐ, മെഷീൻ ലേണിങ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള എഞ്ചിനീയർമാരെയും ജീവനക്കാരെയും കൊണ്ട് ഈ വിടവുകൾ നികത്താൻ അവർ ശ്രമിക്കുന്നു. ഭാവിയിലെ തന്ത്രപ്രധാന മേഖലകളിലേക്കുള്ള നിക്ഷേപമായി പുതിയ ആളുകളെ നിയമിക്കുന്നു. കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണം സാമ്പത്തികമല്ലെന്ന് ഈ കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications








