പാകിസ്താൻ യുവതിയും ചൈനീസ് പേടിയും പണിയായി; ബിഗ്മി ഗെയിം വീണ്ടും ഇന്ത്യയിൽ നിരോധിച്ചേക്കും
ഗെയിമിങ് പ്രേമികളുടെ ഇഷ്ട ഗെയിമുകളിൽ ഒന്നായ ബിഗ്മി ( Battlegrounds Mobile India ) ഇന്ത്യയിൽ വീണ്ടും നിരോധിച്ചേക്കും. ഏറെ ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി മൊബൈലിന്റെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ ) സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിൽ നിരോധിച്ചിരുന്നു.
എന്നാൽ പത്ത് മാസങ്ങൾക്ക് ശേഷം ചില കർശന നിബന്ധനകളോടെ ബിഗ്മി ഇന്ത്യയിൽ വീണ്ടും അനുവദിച്ചു. എന്നാലിപ്പോൾ കേന്ദ്ര ഗവൺമെൻ്റിൻ്റെ സൈബർ സുരക്ഷാ വിഭാഗത്തിന്റെ ശുപാർശയെ തുടർന്ന് ബിഗ്മി വീണ്ടും നിരോധിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ചില കുറ്റകൃത്യങ്ങളടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

ബിഗ്മി ഗെയിം ഇന്ത്യയിൽ അനുവദിച്ചതിൽ കേന്ദ്ര സൈബർ സുരക്ഷാ സംഘത്തിന് ചില ആശങ്കകൾ ഉണ്ടെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതിന് കാരണമായ ചില സംഭവങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പബ്ജി വഴി പ്രണയത്തിലായ തൻ്റെ കാമുകനെ കാണാൻ സീമ ഹൈദർ എന്ന വിദേശ യുവതി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എത്തിയിരുന്നു.
മറ്റൊരു കാരണം എന്തെന്നാൽ, ക്രാഫ്റ്റൺ ഇന്ത്യയുടെ കീഴിലാണ് ബിഗ്മി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. എങ്കിലും ക്രാഫ്റ്റൺ ചൈനീസ് കമ്പനിയാണ്. അവർ ഗെയിമർമാരുടെ ഡാറ്റ ദുരുപയോഗം ചെയ്യുമെന്ന് സൈബർ സംഘം ആശങ്കപ്പെടുന്നുണ്ട്. ഈ ഗെയിം ഉപയോക്താക്കളുടെ വിവിധ ഡാറ്റകൾ ശേഖരിക്കുന്നു, ഇത് നിരീക്ഷണത്തിനും സൈബർ ആക്രമണങ്ങൾക്കും ഉപയോഗിക്കാവുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ആശങ്കപ്പെടുന്നു.
സൈബർ സുരക്ഷാ സംഘത്തിന്റെ ഈ ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ ഐഒഎസ്, ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ബിഗ്മി ഗെയിം നീക്കപ്പെടും. അടുത്തയാഴ്ച കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥരുമായി ക്രാഫ്റ്റൺ ഒരു മീറ്റിങ് നടത്തുന്നുണ്ട്. ഈ മീറ്റിങ്ങിൽ വിഷയം ചർച്ച ചെയ്യും എന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ബിഗ്മിയുടെ നിരോധനം ഇന്ത്യയുടെ ഗെയിമിങ് വ്യവസായ മേഖലയെ തകർക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അടുത്തിടെയുള്ള FICCI-EY റിപ്പോർട്ട് ( Storyboard18 വഴി ) പ്രകാരം ഇന്ത്യയിൽ 450 ദശലക്ഷം ഗെയിമർമാർ ഉണ്ട്. അതിൽ 100 ദശലക്ഷം ആളുകൾ ദിവസവും ഗെയിമിങ്ങിൽ ഏർപ്പെടാറുണ്ട്.
2024-ൽ 269 ബില്യൺ രൂപയുടെ വളർച്ചയാണ് ഗെയിമിംഗ് വ്യവസായം പ്രതീക്ഷിക്കുന്നത്. ഇത് സിനിമാ വ്യവസായത്തിൻ്റെ 207 ബില്യൺ പ്രൊജക്ഷനെ മറികടക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഗെയിമിങ് വ്യവസായത്തിന്റെ വളർച്ചയ്ക്ക് ബിഗ്മിയും അതിന്റെ മുൻഗാമിയായ പബ്ജിയും വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബിഗ്മി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷം കടന്നിരുന്നു. മുഖ്യധാരാ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ആദ്യത്തെ സ്‌പോർട്‌സ് ഇവന്റായി മാറിയും ബിഗ്മി ഗെയിം ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ ഗെയിം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ഒക്കെ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളോടെ ഗെയിം തുടരണം എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്.
നിരവധി പുതിയ ഗെയിമർമാർക്കും സ്ട്രീമർമാർക്കും ബിഗ്മി ഗെയിം ജീവൻ നൽകി. ഇപ്പോൾ ബിഗ്മി ഗെയിം വീണ്ടും നിരോധിക്കപ്പെട്ടാൽ അത് രണ്ട് കളിക്കാരുടെയും വിദേശ കമ്പനികളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തിന് വിള്ളൽ വീഴ്ത്തിയേക്കാം എന്നാണ് ബിഗ്മി ഗെയിം നിരോധനത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതിലേക്കാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








