തയാറായിരിക്കൂ സുഹൃത്തേ, മേയ് 29 ന് യുദ്ധം തുടങ്ങും; ബിഗ്മി വീണ്ടുമെത്തുന്ന നാൾ കുറിച്ചു
ഇന്ത്യയിലെ ഗെയിമർമാരിൽ ആവേശമുണർത്തിക്കൊണ്ട് ഒടുവിൽ ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പത്ത് മാസത്തെ വിലക്കിന് ശേഷമെത്തുന്ന ബിഗ്മി ( Battlegrounds Mobile India ) ഗെയിം മേയ് 29 മുതൽ ഇന്ത്യയിൽ കളിച്ചുതുടങ്ങാം. ഗെയിം ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് പ്രീലോഡ് ചെയ്യാൻ സാധിക്കും.
ബിഗ്മി എന്നറിയപ്പെടുന്ന ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് പ്രീലോഡ് ചെയ്യാൻ സാധിക്കുക. ഐഒഎസ് ഉപയോക്താക്കൾക്ക് മേയ് 28 മുതൽ മാത്രമേ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. അതേസമയം ഇപ്പോൾ പ്രീലോഡ് ചെയ്താലും മെയ് 29 മുതൽ മാത്രമേ എല്ലാവർക്കും ഗെയിം കളിക്കാൻ കഴിയൂ.

വീണ്ടും ഇന്ത്യയിൽ ഗെയിം ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയ ക്രാഫ്റ്റൺ ഇന്ത്യയുടെ സിഇഒ സീൻ ഹ്യൂനിൽ സോൺ തന്റെ ആവേശവും പങ്കുവച്ചു. "ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഇപ്പോൾ പ്രീലോഡിന് ലഭ്യമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കൾക്കും സുഗമമായ ഗെയിംപ്ലേ അനുഭവം നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം പറഞ്ഞു.
''എല്ലാവരേയും തിരികെ സ്വാഗതം ചെയ്യാൻ ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു. ഇന്ത്യയിലെ ഞങ്ങളുടെ ആരാധകർക്ക് ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങൾ പരിശ്രമിക്കുന്നു. അതിന് അധികൃതരും ഉപയോക്താക്കളും നൽകുന്ന തുടർച്ചയായ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നു. യുദ്ധക്കളത്തിൽ കാണാം!" എന്ന് ക്രാഫ്റ്റൺ ഇന്ത്യ അധികൃതർ അറിയിച്ചു.

ചില ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ലഭിച്ചിരിക്കാം. ഈ അപ്‌ഡേറ്റ് പ്രീലോഡ് പ്രക്രിയയുടെ ഭാഗമാണ്, എല്ലാവർക്കും സുഗമമായ ഗെയിമിംഗ് അനുഭവം ഉറപ്പാക്കുന്നതിന്, ബിഗ്മി( ബിജിഎംഐ ) ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പ്ലേ ചെയ്യുന്നതിനുമുള്ള ഘട്ടം ഘട്ടമായുള്ള സമീപനം കമ്പനി അവതരിപ്പിക്കും. ഗെയിമർമാർക്ക് യാതൊരു തടസവുമില്ലാതെ കളിക്കുന്നതിനുള്ള നടപടികൾ തങ്ങൾ പൂർത്തിയാക്കിവരികയാണെന്നും കമ്പനി അറിയിച്ചു.
മെയ് 29 മുതൽ ഗെയിമർമാർക്ക് യുദ്ധക്കളങ്ങളിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ആവേശകരമായ യുദ്ധങ്ങളിൽ പങ്കെടുക്കാനും കഴിയും. ബിഗ്മിയുടെ ഇപ്പോൾ ലഭ്യമായ പുതിയ അപ്‌ഡേറ്റ് ഒരു പുതിയ മാപ്പ്, ഇൻ-ഗെയിം ഇവന്റുകൾ, കൂടുതൽ ആവേശകരമായ ഫീച്ചറുകൾ എന്നിവ അടങ്ങുന്നതാണ് എന്നും കമ്പനി വ്യക്തമാക്കി.
ബിഗ്മി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷം കടന്നിരുന്നതായി ക്രാഫ്റ്റൺ വെളിപ്പെടുത്തി. മുഖ്യധാരാ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ആദ്യത്തെ സ്‌പോർട്‌സ് ഇവന്റായി മാറിയും തങ്ങളുടെ ഗെയിം ചരിത്രം സൃഷ്ടിച്ചതായി കമ്പനി പറഞ്ഞു. ഒരുസമയം 24 ദശലക്ഷം കാഴ്ചക്കാരെയും മൊത്തം 200 ദശലക്ഷം കാഴ്ചക്കാരെയും ആകർഷിക്കാൻ ബിഗ്മിക്ക് കഴിഞ്ഞതായും കമ്പനി പറയുന്നു.

ബിഗ്മിയെ വീണ്ടും സജീവമാക്കുന്നതിനായി ഗെയിം ആപ്പ് സ്റ്റോറുകളിൽ ലഭ്യമാക്കിയതിന് പുറമേ "ഇന്ത്യ കി ഹാർട്ട്‌ബീറ്റ്" എന്ന പേരിൽ ഒരു പുതിയ മാർക്കറ്റിംഗ് കാമ്പെയ്നും ക്രാഫ്റ്റൺ ആരംഭിച്ചു. ബിഗ്മിയുമായി ഏറെ അടുപ്പമുള്ള, ഒരു ഗെയിം എന്നതിലുപരി വികാരമായി കാണുന്ന ഗെയിമർമാരുടെ കഥകൾ കാമ്പെയ്‌ൻ ഹൈലൈറ്റ് ചെയ്യുന്നു.
ഏറെ ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി മൊബൈലിന്റെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ ) സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. കുട്ടികളിൽ ഈ ഗെയിം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ചിലർ നിരോധനത്തിനായി വാദിക്കുന്നുണ്ട്. അതിനാൽ ചില നിയന്ത്രണങ്ങളോടെയാണ് ഗെയിം വീണ്ടുമെത്തുന്നത്.


Click it and Unblock the Notifications







