ആരും പോകരുത്! ബിഗ്ബോസ് ഒടിടി സീസൺ 2 ലൈവ് ജിയോസിനിമയിൽ ജൂൺ 17 മുതൽ സൗജന്യമായി കാണാം
ഐപിഎൽ അവസാനിച്ചു എന്നുകരുതി ജിയോസിനിമ ഉപേക്ഷിക്കാൻ തയാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, തിടുക്കപ്പെട്ട് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നതുപോലുള്ള സാഹസങ്ങൾ ചെയ്യാൻ വരട്ടെ, കിടിലൻ ഒരു സൗജന്യവുമായി ജിയോ വീണ്ടും എത്തുന്നുണ്ട്. മുൻപ് ഐപിഎൽ ക്രിക്കറ്റ് ഫാൻസിനെ ലക്ഷ്യമിട്ടായിരുന്നു എങ്കിൽ ഇത്തവണ ജിയോ ലക്ഷ്യമിട്ടിരിക്കുന്നത് ബിഗ്ബോസ് റിയാലിറ്റി ഷോ ആരാധകരെയാണ്.
ബിഗ്ബോസ് ഒടിടി സീസൺ 2 ജൂൺ 17 മുതൽ ജിയോസിനിമ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാകുമെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ സൗജന്യ സ്ട്രീമിങ് നൽകിയ ആവേശോജ്ജ്വല പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ ഒടിടി രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ മറ്റൊരു സൗജന്യ പ്രഖ്യാപനവുമായി ജിയോസിനിമ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

ബിഗ് ബോസ് ഒടിടി സീസൺ 2 ന്റെ 24x7 സ്ട്രീമിങ് ആണ് ജിയോസിനിമ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബോസിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ആളുകൾക്ക് തൽസമയം കാണാം. പ്രേക്ഷകരുടെ കാഴ്ചാ അനുഭവം സമ്പന്നമാക്കുന്നതിനായി ചില പ്രത്യേക ഫീച്ചറുകളും ജിയോസിനിമ വാഗ്ദാനം ചെയ്യും എന്നാണ് വിവരം.
സെലിബ്രിറ്റി റിയാലിറ്റി ഷോ ആയ ബിഗ്ബോസ് ഒടിടി സീസൺ 2 ജൂൺ 17 ന് ആണ് ആരംഭിക്കുന്നത്. അന്നുമുതൽ തന്നെ ഉപയോക്താക്കൾക്ക് ഒന്നിലധികം ക്യാമറകളുടെ പിന്തുണയോടെ ഷോ ലൈവ് ആയി കാണാൻ സാധിക്കുമെന്നാണ് ജിയോസിനിമ വാഗ്ദാനം ചെയ്യുന്നത്. പ്രേക്ഷകർക്ക് ഗെയിമിന് മേൽ കൂടുതൽ ആധിപത്യം നൽകുന്ന ഫീച്ചറുകൾ ഉണ്ടാകുമെന്നും ജിയോ പറയുന്നു.

പ്രേക്ഷകർക്ക് മത്സരാർഥികളുമായി ലൈവ് ആയി സംവദിക്കാനും പ്രതിവാര റേഷൻ, സ്പോട്ട് എലിമിനേഷനുകൾ, ടാസ്‌ക് തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പങ്കാളികളാകാനും അവസരം ഉണ്ടാകും എന്നാണ് ജിയോസിനിമയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒന്നിലധികം ക്യാമറകളിലെ കാഴ്ചകളിലേക്ക് പ്രേക്ഷകർക്ക് ആക്സസ് ഉണ്ടാകും. അതുവഴി ഹൗസിൽ നടക്കുന്ന ഒരു സംഭവം പോലും തങ്ങളുടെ കണ്ണിൽപ്പെടാതെ പോകുന്നില്ലെന്ന് പ്രേക്ഷകർക്ക് ആശ്വസിക്കാം.
കൂടാതെ, ജിയോസിനിമയുടെ ലൈവ് സ്ട്രീമിംഗ് കാഴ്ചക്കാർക്ക് വീടിനുള്ളിലെ 360-ഡിഗ്രി ക്യാമറ കാഴ്ചയും 1000 മണിക്കൂറിലധികം ലൈവ് ഉള്ളടക്കവും നൽകും. വീട്ടിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് കട്ടുകളും റൌണ്ട്-ദി-ക്ലോക്ക് കണ്ടന്റ് ഡ്രോപ്പുകളും പ്രേക്ഷകർക്ക് ലഭ്യമാകും. വീടിന്റെ വിവിധ ഭാഗങ്ങൾ കാണുമ്പോൾ തത്സമയ ചാറ്റുകളിലൂടെയും ഇമോജികളിലൂടെയും തത്സമയം പ്രതികരിക്കാൻ കാഴ്ചക്കാർക്ക് അവസരമുണ്ട്.
പ്രേക്ഷകരുടെ ഈ തത്സമയ ഇടപെടലിലൂടെ ഇത്തവണത്തെ ബിഗ് ബോസ് ഒടിടി ഹിന്ദിയുടെ രണ്ടാം സീസൺ മറ്റൊരു തലത്തിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ആണ് ഈ ബിഗ്ബോസ് ഷോയിൽ അവതാരകനായി എത്തുന്നത്. അതേസമയം, ബിഗ് ബോസ് ഒടിടി സീസൺ 2 ന്റെ മത്സരാർത്ഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മുൻ സീസൺ പോലെ ഇത്തവണയും ബിഗ്ബോസ് ഒടിടി ആറാഴ്ചത്തേക്ക് ആണ് ഉണ്ടാകുക. കൂടാതെ 10 സെലിബ്രിറ്റികളും മത്സരത്തിന് ഉണ്ടാകും. ഇന്ത്യയിലെമ്പാടുമായി ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ബിഗ് ബോസ് ഒടിടി സീസൺ ആരംഭിക്കാൻ കാത്തിരിക്കുന്നത്. ഇതിനോടകം അത്രയും ജനപ്രീതി നേടാൻ കഴിഞ്ഞ ഷോ ആണ് ബിഗ് ബോസ്.
അതേസമയം ജിയോ സിനിമയ്ക്ക് ഇതൊരു മികച്ച അവസരമാണ് തുറന്നു നൽകുന്നത്. ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്ത് ജിയോ ഒടിടി കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡുകൾ സൃഷ്ടിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ 3.2 കോടിയിലധികം തത്സമയ കാഴ്‌ചക്കാരുമായാണ് ജിയോസിനിമ ഒടിടി പ്ലാറ്റ്ഫോം ചരിത്രത്തിൽ ലോക റെക്കോഡുകൾ സ്ഥാപിച്ചു.
എന്നാൽ ഐപിഎൽ അവസാനിക്കുകയും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുകയും ചെയ്തതോടെ പ്രേക്ഷകർ വീണ്ടും ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് മടങ്ങിപ്പോയിരുന്നു. ബിഗ് ബോസ് ഒടിടി സ്ട്രീം ചെയ്യുന്നതിലൂടെ മത്സരാധിഷ്ഠിത ഇന്ത്യൻ ഒടിടി വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാമെന്ന് ജിയോസിനിമ കണക്കുകൂട്ടുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളുമായി മത്സരിക്കാൻതന്നെയാണ് ജിയോസിനിമയുടെ നീക്കം.


Click it and Unblock the Notifications








