ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്

വാർത്തകൾ സൃഷ്ടിക്കുന്നതിൽ ട്വിറ്റർ മുതലാളി ഇലോൺ മസ്കും മൈക്രോസോഫ്ട് സഹ സ്ഥാപകൻ ബിൽഗേറ്റ്സും ഏറെ മുന്നിലാണ്. ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റെടുക്കുന്നതിന് മുൻപ് തന്നെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ പ്രശസ്തനായ ആളാണ് ഇലോൺ മസ്ക്. സ്പേസ്എക്സ്, ടെസ്ല തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത ഇലോൺ മസ്കിന്റെ ഇച്ഛാശക്തിയും കഴിവും ലോകം ഏറെ അംഗീകരിച്ചിട്ടുമുണ്ട്. ഇന്നും പല വമ്പൻ രാജ്യങ്ങൾക്കുപോലും സാധിക്കാത്ത നേട്ടങ്ങൾ ബഹിരാകാശ രംഗത്ത് സ്വന്തമാക്കാൻ ഇലോൺ മസ്കിനും അദ്ദേഹത്തിന്റെ സ്പേസ്എക്സിനും കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ നിലവിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായി അറിയപ്പെടുന്ന സ്പേസ്എക്സിന്റെ ഫാൽക്കൻ 9 തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
സൽപ്പേര് ചീത്തപ്പേരായി...
എങ്കിലും ട്വിറ്ററിന്റെ ചുമതലയേറ്റതിന് പിന്നാലെ മസ്ക് നടത്തില ഭരണപരിഷ്കാരങ്ങളും നടപടികളും ലോകത്തിന്റെ മുന്നിൽ മസ്കിനെ മണ്ടൻ തീരുമാനങ്ങളെടുക്കുന്ന കോമാളിയായും നിരവധി പേരുടെ ജോലികളഞ്ഞ വില്ലനായും ഒക്കെയാണ് വരച്ചുകാട്ടിയത്. അതുവരെ മസ്ക് സമ്പാദിച്ച പേരും പ്രശസ്തിയും ചീത്തപ്പേരായി മാറുന്നതും ലോകകോടീശ്വരൻ സ്ഥാനത്തുനിന്നടക്കം അദ്ദേഹം പിന്നോട്ടുപോകുന്നതും ട്വിറ്റർ വാങ്ങലിന്റെ പരിണിത ഫലങ്ങളായി വിലയിരുത്തപ്പെടുന്നു. വിവാദ തീരുമാനങ്ങളുടെ ഘോഷയാത്രയുമായി ട്വിറ്റർ ചുമതലയേറ്റെടുത്തതു മുതൽ ഇന്നുവരെ മസ്ക് വാർത്തകളിൽ തുടർച്ചയായി ഇടം പിടിച്ചുകൊണ്ടേയിരിക്കുന്നു. മുൻപ് നേട്ടങ്ങളാണ് മസ്കിനെ സംബന്ധിച്ച വാർത്തകളായി വന്നിരുന്നത് എങ്കിൽ ഇന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവാദമാണ് ആസ്ഥാനം കൈയടക്കിയിരിക്കുന്നത്.

മസ്കിനെ തള്ളി ബിൽ ഗേറ്റ്സ്
മൈക്രോ സോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും പ്രശസ്തിയിൽ മസ്കിനൊപ്പമോ അതിലും ഒരു പടി മുകളിലോ നിൽക്കുന്ന ആളാണ്. മികച്ച ഒരു വ്യവസായി എന്നതിനൊപ്പം തന്നെ എഴുത്തുകാരൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങിയിട്ടുള്ള വ്യക്തിത്വമാണ് ബിൽ ഗേറ്റ്സിന്റേത്. ബിൽ ഗേറ്റ്സും ട്വിറ്ററിന്റെ കാര്യത്തിൽ ചെറിയ പാളിച്ച പറ്റിയെന്നതൊഴിച്ചാൽ ഇലോൺ മസ്കും തങ്ങൾ കൈവച്ച മേഖലകളിലെല്ലാം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരാണ്. അങ്ങനെയിരിക്കെ മസ്കിന്റെ സ്വപ്നപദ്ധതിയെ തള്ളിക്കൊണ്ട്, അൽപ്പം പരിഹാസത്തോടെയും എന്നാൽ ഉപദേശരൂപത്തിലും ബിൽ ഗേറ്റ്സ് കഴിഞ്ഞ ദിവസം ചില പരാമർശങ്ങൾ നടത്തുകയുണ്ടായി. ഇതോടെ ഇലോൺ മസ്കും ബിൽ ഗേറ്റ്സും വീണ്ടും ലോകമാകെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
സ്വപ്നങ്ങളുടെ ബഹിരാകാശം
ബഹിരാകാശ മേഖലയിൽ ഒരുപാട് സ്വപ്ന പദ്ധതികൾ ഇലോൺ മസ്കിനുണ്ട്. ചാന്ദ്ര പദ്ധതികളും ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കലുമൊക്കെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാൽ ഇതൊക്കെ തള്ളിക്കളഞ്ഞുകൊണ്ടുള്ളതായിരുന്നു ബിൽ ഗേറ്റ്സിന്റെ പ്രസ്താവന. മസ്കിന്റെ ചൊവ്വാ ദൗത്യം ഒരു പാഴ്ചെലവാണ് എന്നാണ് ബിൽ ഗേറ്റ്സിന്റെ നിലപാട്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വയിലേക്ക് പോകുന്നത് വളരെ ചെലവേറിയ കാര്യമാണ്. അതിനാൽത്തന്നെ അത് അത്ര മികച്ച ആശയമല്ല എന്നാണ് ബിൽ ഗേറ്റ്സ് പറയുന്നത്. ചൊവ്വയിലേക്ക് പോകുന്ന പദ്ധതികളൊക്കെ ഉപേക്ഷിച്ച് അഞ്ചാംപനി വാക്സിനുകൾ വാങ്ങാൻ പണം മുടക്കിയാൽ അതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാം എന്നതാണ് ബിൽ ഗേറ്റ്സിന്റെ നിലപാട്. മസ്ക് നല്ലൊരു മനുഷ്യസ്നേഹിയാണ് എന്നാണ് തന്റെ വിശ്വാസമെന്നും ബിൽ ഗേറ്റ്സ് അഭിമുഖത്തിൽ പറഞ്ഞു.
ആരെങ്കിലും മുന്നിട്ടിറങ്ങണ്ടേ?
എന്നാൽ ബിൽഗേറ്റ്സിന്റെ ഉപദേശത്തോടെ അനുകൂലമായും പ്രതികൂലമായും വാദങ്ങൾ ഉയരുന്നുണ്ട്. ബഹിരാകാശ രംഗത്ത് വമ്പൻ രാജ്യങ്ങൾക്ക് പോലും നേടാൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ് മസ്കിന്റെ സ്പേസ്എക്സ്. ഇന്ന് നാസയും അമേരിക്കയുമടക്കം ലോകമാകെ സ്പേസ്എക്സ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ആരെങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് മുന്നിട്ടിറങ്ങിയാലേ പുതിയ പാതകൾ മനുഷ്യരാശിക്ക് മുന്നിൽ വെട്ടിത്തുറക്കപ്പെടൂ എന്നാണ് ഉയരുന്ന ഒരു വാദം. എന്നാൽ ബിൽഗേറ്റ്സ് പറഞ്ഞതിലും ശരിയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ട്. അനാവശ്യമായി കോടികൾ ചെലവഴിക്കാതെ ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് നല്ലത് എന്നതുതന്നെയാണ് നല്ലത് എന്നാണ് മറുഭാഗം വാദിക്കുന്നത്.

മൗനം വെടിഞ്ഞ് പ്രതികരണം
ബിബിസി അഭിമുഖത്തിൽത്തന്നെ താനുമായി ബന്ധപ്പെട്ട് ഏതാനും നാൾ മുമ്പ് ഉയർന്നുവന്ന കോവിഡ് ആരോപണങ്ങൾക്കും ബിൽ ഗേറ്റ്സ് മറുപടി നൽകി. കോവിഡ് വ്യാപിച്ച സമയത്ത്, കോവിഡ് മനുഷ്യസൃഷ്ടിയാണ് എന്നും വാക്സിൻ വിൽപ്പനയ്ക്കായി കോർപറേറ്റുകളാണ് കോവിഡ് സൃഷ്ടിച്ചതെന്നും ആരോപണങ്ങൾ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിൽ ആണ് ചിലർ ബിൽ ഗേറ്റ്സിനെതിരേയും രംഗത്തെത്തിയത്. കോവിഡിനു പിന്നിൽ ബിൽ ഗേറ്റ്സ് ആണ് എന്നായിരുന്നു ഇവരുടെ ആരോപണം. ഈ വാദങ്ങൾ ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. രണ്ട് വർഷങ്ങൾക്കിപ്പുറം, ഇതു സംബന്ധിച്ചും ബിബിസി അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് മൗനം വെടിഞ്ഞ് പ്രതികരണത്തിന് തയാറായി.
തലയിൽ വച്ചുകെട്ടൽ
കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് തന്നെപ്പറ്റി കേട്ട ആരോപണങ്ങൾ അഭ്ദുതപ്പെടുത്തിയെന്നായിയുന്നു ബിൽ ഗേറ്റ്സിന്റെ പ്രതികരണം. ലോകത്ത് എന്ത് സംഭവമുണ്ടായാലും അത് ആരുടെയെങ്കിലും തലയിൽ വച്ചുകെട്ടാൻ ചിലർ ശ്രമിക്കാറുണ്ട്. കോവിഡ് മഹാമാരി താന്‍ മനഃപ്പൂര്‍വം സൃഷ്ടിച്ചതാണെന്നും മറ്റുമുള്ള ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ തനിക്കും ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം ദുഷ്പ്രചാരണമാണ്. ഞാൻ വാക്സിനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷേ ജീവൻ രക്ഷിക്കാനുള്ള വാക്സിനുകളുമായി ബദ്ധപ്പെട്ടായിരുന്നു തന്റെ പ്രവർത്തനം എന്നും അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് വ്യക്തമാക്കി.


Click it and Unblock the Notifications