ജോലിയെക്കാൾ വലിയ കാര്യങ്ങളുണ്ടെന്ന് അറിയാൻ അച്ഛനാകേണ്ടിവന്നു; 5 ജീവിതപാഠങ്ങളുമായി ബിൽ ഗേറ്റ്സ്
ജീവിതം പല അനുഭവപാഠങ്ങളും പഠിപ്പിച്ചാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാവിയിൽ ചില കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇത് ഒരു 20 വയസ് ഉണ്ടായിരുന്നപ്പോൾ, അല്ലെങ്കിൽ കുറച്ചുകൂടി നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈക്രോസോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.
വിവിധ രംഗങ്ങളിൽ പ്രഗത്ഭരായിട്ടുള്ളവർ പലവിധ ജീവിതാനുഭവങ്ങളാൽ സമ്പന്നരാണ്. തങ്ങളുടെ പ്രവർത്തന മേഖലയിലൂടെയുള്ള യാത്രയിൽ ഒരുപാട് പ്രതിസന്ധികൾ മറികടന്നാണ് അവർ വിജയം നേടിയെടുത്തത്. അതിനാൽത്തന്നെ പ്രശസ്തരുടെ ജീവിതപാഠങ്ങൾ മറ്റുള്ളവർക്ക് എപ്പോഴും പാഠപുസ്തകമാണ്. ടെക്നോളജി മേഖലയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളിൽ ഒന്നാണ് ബിൽ ഗേറ്റ്സ്.

ഒരുപാട് പ്രതിസന്ധികൾ നേരിട്ടുതന്നെയാണ് ഇന്ന് ലോകം കാണുന്ന വൻ ബിസിനസുകാരൻ എന്ന നിലയിലേക്ക് ബിൽഗേറ്റ്സ് വളർന്നത്. ഈ വളർച്ചയുടെ നാളുകളിൽ താൻ പഠിച്ച പാഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ അരിസോണ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ബിൽഗേറ്റ്സ്.
പിൽക്കാലത്ത് അറിഞ്ഞ പല കാര്യങ്ങളും പണ്ട് ബിരുദ വിദ്യാർഥി ആയിരുന്ന സമയത്ത് അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ഗേറ്റ്സ് പറഞ്ഞു. തുടർന്നാണ് തനിക്ക് കൃത്യസമയത്ത് ലഭിക്കാതെ പോയ ആ പാഠങ്ങൾ ജീവിതത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കാൻ പോകുന്ന യുവതലമുറയ്ക്കായി ബിൽ ഗേറ്റ്സ് പങ്കുവച്ചത്.

ബിരുദ വിദ്യാർഥിയായിരിക്കെ, മൈക്രോസോഫ്റ്റ് തുടങ്ങാൻ മൂന്ന് സെമസ്റ്ററുകൾക്ക് ശേഷം ഗേറ്റ്സ് ഹാർവാർഡ് യൂണിവേഴ്സിറ്റി വിട്ടു. അതിനാൽ ബിരുദം പൂർത്തിയാക്കാനായിരുന്നില്ല. അത് സൂചിപ്പിച്ചുകൊണ്ട് "വ്യക്തിപരമായി സത്യസന്ധമായി പറഞ്ഞാൽ, ഒരു കോളേജ് ഡ്രോപ്പ്ഔട്ടിന് ബിരുദദാനത്തെക്കുറിച്ച് എന്തറിയാം? " എന്ന ചോദ്യത്തോടെയാണ് ഗേറ്റ്സ് പ്രസംഗം ആരംഭിച്ചത്. തുടർന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നെന്ന് ആഗ്രഹിച്ച അഞ്ച് കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തി.
1) കരിയർ തീരുമാനങ്ങൾ ശാശ്വതമല്ല: ബിരുദദാരികൾക്കുള്ള ഗേറ്റ്സിന്റെ ആദ്യ ഉപദേശം നമ്മുടെ കരിയർ തീരുമാനങ്ങൾ ശാശ്വതമല്ല എന്നതായിരുന്നു. '' ഇപ്പോൾ നിങ്ങൾ കരിയറിനെപ്പറ്റി ശരിയായ തീരുമാനം എടുക്കാൻ വളരെയധികം സമ്മർദ്ദം നേരിടുന്നുണ്ടാകാം, ഇപ്പോളെടുക്കുന്ന തീരുമാനങ്ങൾ ശാശ്വതമാണ് എന്നും നമുക്ക് തോന്നിയേക്കാം. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല''.
കരിയർ എപ്പോഴും മാറിക്കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യങ്ങൾ പുനർമൂല്യനിർണയം ചെയ്യുന്നത് ഒരു 'നല്ല കാര്യമാണ്', നിങ്ങൾ ആദ്യം സങ്കൽപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ മികച്ചതും അനുയോജ്യവുമായ കരിയർ മറ്റൊന്നാണ് എന്ന് തോന്നിയാൽ ആ വഴിയേ സഞ്ചരിക്കാൻ മടിക്കേണ്ടതില്ല എന്നാണ് ബിൽഗേറ്റ്സിന്റെ ഉപദേശം.
2) പുതിയ കാര്യങ്ങൾ പഠിക്കാൻ ഭയപ്പെടരുത്: പുതിയ അനുഭവങ്ങളിലേക്കും പഠനങ്ങളിലേക്കും സ്വയം തുറക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോളജിൽനിന്ന് ഇറങ്ങിയപ്പോൾ എല്ലാം അറിയാമെന്നായിരുന്നു തന്റെ ധാരണ. എന്നാൽ പിന്നീടത് മാറി, അറിയാവുന്ന കാര്യങ്ങൾക്ക് പകരം അറിയാത്തവയിലേക്ക് ശ്രദ്ധിക്കുക എന്നതാണ് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആദ്യവഴിയെന്നും ഗേറ്റ്സ് പറഞ്ഞു.
സ്വന്തമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും നേരിടേണ്ടിവരുമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. "അത് സംഭവിക്കുമ്പോൾ, പരിഭ്രാന്തരാകരുത്. ഒരു ശ്വാസം എടുക്കുക. കാര്യങ്ങൾ ചിന്തിക്കാൻ സ്വയം നിർബന്ധിക്കുക. തുടർന്ന് പാഠങ്ങൾ പഠിക്കാൻ അനുയോജ്യരായ ആളുകളെ കണ്ടെത്തുക" - ഗേറ്റ്സ് പറഞ്ഞു.
3) മറ്റുള്ളവരെ സഹായിക്കുക: മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസവും വൈദഗ്ധ്യവും ഉപയോഗിക്കാൻ അദ്ദേഹം വിദ്യാർഥികളോട് നിർദേശിച്ചു. മാറ്റം സൃഷ്ടിച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്ന കാലത്താണ് നിങ്ങൾ ജീവിക്കുന്നത് എന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ഒരു വലിയ പ്രശ്‌നം പരിഹരിക്കുന്ന എന്തെങ്കിലും ചെയ്യാൻ സമയം ചെലവഴിക്കുമ്പോൾ, അത് നിങ്ങൾക്ക് ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

4. ബന്ധങ്ങൾക്ക് ഇടം ലഭിക്കും: നിങ്ങളോട് ഒപ്പമുള്ളവർ വെറും സഹപാഠികൾ അല്ലെന്നും നിങ്ങളുടെ ബന്ധങ്ങളാണെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. നിങ്ങളുടെ ഭാവി സഹപ്രവർത്തകരും സഹസ്ഥാപകരും നിങ്ങൾക്ക് ഉപദേശങ്ങളും പിന്തുണയും നൽകുന്ന മികച്ച ഉറവിടങ്ങളുമാണ് അവരെന്നും സൗഹൃദത്തിന്റെ ശക്തിയെ കുറച്ചുകാണരുതെന്നും അദ്ദേഹം പറഞ്ഞു.
5) ജോലിമാത്രമല്ല, ജീവിതം: വിദ്യാർഥികൾക്ക് ബിൽഗേറ്റ്സ് ഏറ്റവും അവസാനം നൽകി ഏറ്റവും പ്രധാന ഉപദേശം ജോലിമാത്രമല്ല ജീവിതം എന്ന് മനസിലാക്കിയിരിക്കണം എന്നായിരുന്നു. ആളുകൾക്ക് വിശ്രമം ആവശ്യമാണെങ്കിൽ അവരെ അതിന് അനുവദിക്കണം. ജീവിതം മറന്നുകൊണ്ടാകരുത് കഠിനാധ്വാനം എന്ന് ഒരു സംരംഭകനെന്ന നിലയിലുള്ള തന്റെ ആദ്യകാലങ്ങൾ ഗേറ്റ്സ് അനുസ്മരിച്ച് അദ്ദേഹം ഉപദേശിച്ചു.
"എനിക്ക് നിങ്ങളുടെ പ്രായമുണ്ടായിരുന്നപ്പോൾ, ഞാൻ അവധിക്കാലങ്ങൾ ആഗ്രഹിച്ചിരുന്നില്ല. വാരാന്ത്യങ്ങളിൽ വിശ്വസിച്ചില്ല. തന്നോടൊപ്പം ജോലി ചെയ്യുന്ന ആളുകളും അങ്ങനെയായിരിക്കണമെന്ന് കരുതി. ജീവിതത്തിൽ ജോലിയേക്കാൾ വലിയകാര്യങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ ഒരു അച്ഛനാകേണ്ടി വന്നു. ഞാൻ ഈ പാഠം പഠിക്കാൻ എടുത്ത സമയംവരെ നിങ്ങൾ കാത്തിരിക്കരുത് '' എന്ന് അദ്ദേഹം ഉപദേശിച്ചു.
''ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സമയം കണ്ടെത്തുക. വിജയങ്ങൾ ആഘോഷിക്കുക, നഷ്ടങ്ങളിൽ നിന്ന് കരകയറുക, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വിശ്രമിക്കുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കും വിശ്രമം ആവശ്യമാണ് എന്ന് മനസിലാക്കി അവരെയും പറ്റാവുന്നിടത്തോളം സഹായിക്കുക'' എന്നും വിദ്യാർഥികളോട് അഭ്യർഥിച്ചുകൊണ്ടാണ് ബിൽ ഗേറ്റ്സ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Click it and Unblock the Notifications








