കുഞ്ഞുറങ്ങുമ്പോൾ അമ്മയ്ക്ക് ഇനി പേടിവേണ്ട, അച്ഛനോളം കരുതലോടെ, ബോഷിന്റെ AI തൊട്ടിൽ കാവലാകും!
ലോകം 2025ലേക്ക് കടന്നതിനൊപ്പം ബീറ്റ ജനറേഷന്റെ (Beta Generation) കാലവും ആരംഭിച്ചിരിക്കുന്നു. 2025 മുതൽ 2039 വരെ ജനിക്കാൻ പോകുന്ന തലമുറയാണ് ബീറ്റ ജനറേഷന്‍ എന്ന് അറിയപ്പെടുന്നത്. ഈ ജനറേഷനിൽ ജനിക്കുന്ന കുട്ടികൾ ടെക്നോളജിയുമായും ശാസ്ത്രവുമായും അടുത്ത ബന്ധം പുലർത്തുന്നവർ ആയിരിക്കും എന്നാണ് വിഗദ്ധർ പറയുന്നത്. അതായത് ദിവസത്തിന് ദിവസം വികസിച്ചുവരുന്ന ടെക്നോളജിയുടെ സുഖസൗകര്യങ്ങൾ അനുഭവിച്ച് വളരാൻ ഭാഗ്യമുള്ള ഒരു തലമുറയാണ് ഇനി ജനിക്കുന്നത്. വിദഗ്ധരുടെ ഈ വിലയിരുത്തൽ ശരിയാണ് എന്ന് നമുക്കുചുറ്റുമുള്ള ടെക്നോളജികൾ കണ്ടാൽ ആർക്കും മനസിലാകും.
ഇനി ജനിക്കാൻ പോകുന്ന കുട്ടികൾ മാത്രമല്ല, അവരുടെ മാതാപിതാക്കളും ഏറെ ഭാഗ്യവാന്മാരാണ് എന്ന് സിഇഎസ് (Consumer Electronics Show) 2025ൽ ബോഷ് പ്രദർശിപ്പിച്ച ഏറ്റവും പുതിയ തൊട്ടിൽ (bassinet ) സൂചിപ്പിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കൾക്ക് അവരെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച സംവിധാനമായി ബോഷിന്റെ തൊട്ടിൽ പ്രശംസിക്കപ്പെടുന്നു.

ഒട്ടനവധി സെൻസറുകളുമായി AI- പിന്തുണയോടെ എത്തുന്ന ബോഷിന്റെ ഈ തൊട്ടിലിന്റെ പേര് റിവോൾ എന്നാണ്. വ്യാവസായിക അടിസ്ഥാനത്തിൽ ഇത് എപ്പോൾ മുതൽ വിപണിയിലെത്തും എന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കളുടെ ഏറ്റവും വിശ്വസ്തനായ സഹായിയായി മാറാൻ ഈ തൊട്ടിലിന് കഴിയും എന്ന് അതിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ജനപ്രിയമായ Snoo പോലെയുള്ള മറ്റ് സ്മാർട്ട് തൊട്ടിലുകളുമായി ബോഷിന്റെ റിവോളിന് സാമ്യമുണ്ട്. എന്നാലിതിൽ ഒട്ടനവധി എഐ ഫീച്ചറുകൾ അടങ്ങുന്നു എന്ന വ്യത്യാസമുണ്ട്, അതിനാൽത്തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഈ തൊട്ടിലിന് കഴിയും. റിവോളിന് മെഷ് ഭിത്തികളുണ്ട്, ഉറങ്ങുന്ന കുഞ്ഞിനെ ഓട്ടോമേറ്റഡ് ചലനങ്ങളാൽ സുഖകരമായ അന്തരീക്ഷമൊരുക്കാൻ ഇതിന് കഴിയും.

പിഞ്ചുകുട്ടികൾ ഭൂരിഭാഗം സമയവും ഉറക്കമായിരിക്കും. ഇങ്ങനെ കുട്ടികൾ ഉറങ്ങുമ്പോൾ അവരുടെ സുരക്ഷയ്ക്കായി അടുത്ത് എപ്പോഴും ആരെങ്കിലും ഉണ്ടാകേണ്ടിവരാറുണ്ട്. കുട്ടി ഉറങ്ങുന്ന സമയത്തായിരിക്കും അമ്മമാർക്ക് അവരുടെ കാര്യങ്ങൾ നിർവഹിക്കാൻ അൽപ്പം സമയം ലഭിക്കുക. അതിനാൽ ഉറങ്ങുന്ന സമയത്ത് കുഞ്ഞിന് കാവലായി അച്ഛനെയോ മറ്റ് ബന്ധിക്കളെയോ ഒക്കെ ഏൽപ്പിച്ചിട്ടാണ് അമ്മ മാറുക.
എന്നാൽ ബോഷിന്റെ പുതിയ റിവോൾ ഉണ്ടെങ്കിൽ കുഞ്ഞിന്റെ അടുത്ത് ആരുടെയും കാവൽ ആവശ്യമില്ല, കുഞ്ഞിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും കാര്യങ്ങൾ ആപ്പ് വഴി രക്ഷിതാക്കളെ അറിയിക്കാനും ബോഷ് റിവോൾ-ന് സാധിക്കും. മാത്രമല്ല, കുട്ടികളെ എടുക്കാനും മറ്റും ഇതിൽ അധികം ബുദ്ധിമുട്ടേണ്ടതില്ല.
ഈ എഐ തൊട്ടിലിന്റെ ശക്തികേന്ദ്രം ഇതിനുള്ളിലുള്ള ബേബി മോണിറ്ററിലാണ്, അത് രക്ഷിതാക്കൾക്ക് തത്സമയ വീഡിയോ ഫീഡ് നൽകുന്നു. തൊട്ടിലിനു മുകളിലൂടെ നീണ്ടുകിടക്കുന്ന ഇതിന്റെ സെൻസറുകളുടെ നിരയ്ക്ക് തൊട്ടിലിനുള്ളിലും അതിനുചുറ്റുപാടും എന്താണ് സംഭവിക്കുന്നത് എന്ന് ട്രാക്ക് ചെയ്യാൻ സാധിക്കും. കൂടാതെ ഇതിൽ ഒരു മില്ലിമീറ്റർ വേവ് റഡാർ സെൻസർ ഉപയോഗിക്കുന്നു, കുഞ്ഞിൻ്റെ ഹൃദയമിടിപ്പും ശ്വസനവും കൃത്യമായി അളക്കാൻ ഇതിന് കഴിയുമെന്നാണ് ബോഷ് പറയുന്നത്.

കുട്ടിയുടെ ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള ഡാറ്റയും രക്ഷിതാക്കളുടെ ഫോണിലെ ഒരു ആപ്പിലേക്ക് അയയ്‌ക്കും, അവിടെ അവർക്ക് തത്സമയ സ്ഥിതിവിവരക്കണക്കുകളും ആരോഗ്യ റിപ്പോർട്ടുകളും കാണാം. താപനില, ഈർപ്പം, വായുവിൻ്റെ ഗുണനിലവാരം എന്നിവ ഉൾപ്പെടെ നിരീക്ഷിക്കുന്നതിനുള്ള സെൻസറുകൾ ഇതിലുണ്ട്. ഇത് എഐ യുഗം ആയതിനാൽ ഒട്ടനവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.
ഉദാഹരണത്തിന് ഉറക്കത്തിൽ കുഞ്ഞിന്റെ മുഖം മറയുന്ന തരത്തിൽ എന്തെങ്കിലും തുണിയോ മറ്റോ വന്ന് മൂടിയാൽ അത് തിരിച്ചറിയാനും അപകടത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാനും ഇതിലെ കമ്പ്യൂട്ടർ വിഷന് കഴിയും. എന്നാൽ ഈ ഫീച്ചറുകൾ ഒക്കെ കണ്ട് കൊതിച്ച് ഉടൻ തന്നെ ഇത് വാങ്ങാം എന്ന് മാതാപിതാക്കൾ കരുതരുത്.
കാരണം മുൻപ് പറഞ്ഞതുപോലെ തന്നെ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ വിപണിയിൽ ഇറക്കിത്തുടങ്ങിയിട്ടില്ല. ആദ്യം ചൈനയിലാകും ഇതിന്റെ വിൽപ്പന ആരംഭിക്കുക. യുഎസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനാൽ 2026 ൽ ആയിരിക്കും ഇത് അമേരിക്കയിൽ ലോഞ്ച് ചെയ്യുക. ഇതിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏകദേശം 1200 ഡോളർ ആയിരിക്കും ഇതിന്റെ വില എന്ന് ബോഷ് തങ്ങളോട് വെളിപ്പെടുത്തിയതായി engadget റിപ്പോർട്ട് ചെയ്യുന്നു.
Image credit: kelvin agustinus, pexels
Details Credit: engadget


Click it and Unblock the Notifications








