ബ്രോഡ്‌ബാൻഡ് കണക്ഷനും ഇന്റർനെറ്റ് സ്പീഡും; അറിയേണ്ടതെല്ലാം
കൊവിഡാനന്തര ലോകത്തെ ഡാറ്റ ഉപയോഗത്തിൽ ഏറ്റവും നിർണായകമായ ഘടകം ഇന്റർനെറ്റ് സ്പീഡ് തന്നെയാണ്. കുറഞ്ഞ ഡാറ്റ സ്പീഡ് പോലെ അരോചകമാകുന്ന മറ്റൊരു കാര്യം ഇന്നില്ല താനും. വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാര്യവും അങ്ങനെ തന്നെ. കൂടുതൽ ജിബി ഡാറ്റ ലഭിക്കുന്നവയേക്കാളും മികച്ച ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകളും ഐഎസ്പികളുമാണ് ( ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ) ഇക്കാലത്ത് യൂസേഴ്സ് തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ മിക്കവാറും ബ്രോഡ്ബാൻഡ് പ്ലാനുകളും അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളും ഓഫർ ചെയ്യുന്നു.

ഡാറ്റ സ്പീഡ് നിർണായകമാണെന്ന് പറഞ്ഞല്ലോ. ഇങ്ങനെ ആവശ്യമായ ഇൻ്റർനെറ്റ് സ്പീഡ് നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാൻ തിരഞ്ഞെടുക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓൺലൈനിൽ നിർവഹിക്കേണ്ടി വരുന്ന പ്രോസസ്, വീട്ടിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം, ഡാറ്റ യൂസ് ചെയ്യുന്ന വിധം, തുടങ്ങി നിരവധി ഘടകങ്ങൾ നമ്മുടെ വീട്ടിലേക്കാവശ്യമായ ഡാറ്റ വേഗത്തെ സ്വാധീനിക്കുന്നു. ഈ ഘടകങ്ങളുടെയും നിങ്ങൾക്കാവശ്യമായ ഡാറ്റ സ്പീഡിന്റെയും വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

50 എംബിപിഎസ് സ്പീഡ് : രണ്ട്, മൂന്ന് ഡിവൈസുകൾക്കും ഇമെയിൽ, ബ്രൗസിങ്, സോഷ്യൽ മീഡിയ, മോഡറേറ്റ് വീഡിയോ സ്ട്രീമിങിനും അനുയോജ്യം. ചെറിയ കുടുംബങ്ങൾക്ക് ചേർന്ന പ്ലാൻ ആണിത്. പ്രത്യേകിച്ചും ഒരേ സമയം മൂന്ന് ഡിവൈസുകളിൽ കൂടുതൽ ഉപയോഗിക്കാത്തവർക്ക്. ഇമെയിൽ പരിശോധിക്കാൻ, സോഷ്യൽ മീഡിയ സർഫിങ്, സാധാരണ റെസല്യൂഷനിൽ വീഡിയോകൾ കാണുക എന്നീ ആവശ്യങ്ങൾക്ക് 50 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് തരുന്ന ബ്രോഡ്ബാൻഡ് കണക്ഷൻ മതിയാകും.

100 എംബിപിഎസ് സ്പീഡ് : അഞ്ച് ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാനും ഓൺലൈൻ ക്ലാസുകൾ, ഓൺലൈൻ ഗെയിമിങ്, 4കെ സ്ട്രീമിങ് മുതലായ ഉപയോഗങ്ങൾക്കും അനുയോജ്യം. ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്ട്രീമിങ് ഗെയിമുകൾ, മ്യൂസിക് എന്നിവയിൽ ഉയർന്ന റെസല്യൂഷൻ കണ്ടന്റ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് 100 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് നൽകുന്ന ബ്രോഡ്ബാൻഡ് കണക്ഷൻ. കുടുംബങ്ങളിൽ അഞ്ച് ഡിവൈസുകൾ എന്നത് ഇന്ന് വലിയൊരു കണക്ക് അല്ല. അതിനാൽ തന്നെ മിക്കവാറും എല്ലാവർക്കും തിരഞ്ഞെടുക്കാവുന്ന പ്ലാൻ ആണ് 100 എംബിപിഎസ് സ്പീഡ് നൽകുന്നവ.

200 എംബിപിഎസ് സ്പീഡ് : കൂടുതൽ അംഗങ്ങൾ ഉള്ള വീടുകൾക്ക് അനുയോജ്യമായ ഇന്റർനെറ്റ് സ്പീഡ്. പ്രത്യേകിച്ച് 7 ഡിവൈസുകളും കനത്ത ഡാറ്റ ഉപയോഗവുമുള്ള ഫാമിലികൾക്ക്. ആളുകൾ കൂടുതൽ ഉള്ള വീടുകളിൽ ആവശ്യമുള്ളതിനേക്കാൾ അൽപ്പം വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. എങ്കിൽ മാത്രമേ ലാഗ് ഇല്ലാത്ത ഇന്റർനെറ്റ് അനുഭവം ലഭിക്കുകയുള്ളൂ. 7 ഡിവൈസുകൾ എന്ന് പറയുമ്പോൾ ഒരേ സമയം ഒന്നിൽ കൂടുതൽ 4കെ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ക്ലാസുകൾ എന്നിവയും പ്രതീക്ഷിക്കണം.

200 എംബിപിഎസിലും കൂടിയ ഡാറ്റ സ്പീഡ് : കൂട്ട് കുടുംബങ്ങൾ പോലെ ഒരുപാട് ആളുകൾ തിങ്ങിപ്പാർക്കുന്ന വലിയ വീടുകൾക്ക് അനുയോജ്യമായ പ്ലാനുകൾ. 10ൽ കൂടുതൽ ഡിവൈസുകൾ കണക്റ്റ് ചെയ്യാനും ഒരേ സമയം ഉപയോഗിക്കപ്പെടാനും സാഹചര്യം ഉള്ള വീടുകൾക്കാണ് 200 എംബിപിഎസിലും കൂടിയ ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകൾ ആവശ്യമായി വരിക. ഇൻറർനെറ്റ് സേവന ദാതാക്കൾ നിലവിൽ ഇന്ത്യയിൽ 1 ജിബിപിഎസ് വരെ ഡാറ്റ സ്പീഡ് നൽകുന്നുണ്ട്. താരതമ്യേന കൂടുതൽ ആളുകൾ ഒരേ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ആവശ്യാനുസരണം 200 എംബിപിഎസിനേക്കാൾ ഡാറ്റ സ്പീഡ് നൽകുന്ന ബ്രോഡ്ബാൻഡ് കണക്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ടവ
എപ്പോഴും ഓർക്കുക, ഒരു ബ്രോഡ്ബാൻഡ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ ഇന്റർനെറ്റ് ആവശ്യകത മാത്രമല്ല പരിഗണിക്കേണ്ടത്. നിങ്ങളുടെ വീടിന്റെ വലിപ്പം, താമസിക്കുന്ന ആളുകളുടെ എണ്ണം, ഡിവൈസുകളുടെ എണ്ണം തുടങ്ങിയ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കണം. അത്പോലെ എച്ച്ഡി നിലവാരമുള്ള വീഡിയോ കോളുകൾക്കോ കോൺഫറൻസ് കോളുകളിൽ പങ്കെടുക്കാനോ നല്ല ഇന്റർനെറ്റ് വേഗത ആവശ്യമാണ്.

സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ജനപ്രിയ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമുകൾ ഒരു ഫുൾ എച്ച്‌ഡി വീഡിയോ കോൺഫറൻസിങ് കോളിനായി ഒരു ഉപയോക്താവിന് കുറഞ്ഞത് 3 മുതൽ 4 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗത ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്‌ക്രീൻ ഷെയറിങ്, മീഡിയ ഷെയറിങ് തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ ബാൻഡ്‌വിഡ്ത്ത് ആവശ്യകത വർധിക്കും. അതും മനസിൽ വയ്ക്കുക.

ഓൺലൈൻ ഗെയിമുകൾ കളിക്കണമെങ്കിലും മികച്ച ഡാറ്റ സ്പീഡ് വേണം. ഇത് മാത്രമല്ല, സുഗമമായ ഗെയിമിങ് എക്സ്പീരിയൻസിനായി ഇന്റർനെറ്റ് കണക്ഷന്റെ പിങ്ങും ലേറ്റൻസിയും പരിശോധിക്കേണ്ടതുണ്ട്. 4കെ റെസല്യൂഷനിൽ ഓൺലൈൻ ഗെയിമുകൾ സ്ട്രീം ചെയ്യാൻ കുറഞ്ഞത് 35 എംബിപിഎസ് കണക്ഷനെങ്കിലും ഗൂഗിൾ ശുപാർശ ചെയ്യുന്നു. 150 മില്ലി സെക്കൻഡിൽ താഴെയുള്ള പിങ്ങും നിർബന്ധമാണ്.

മിക്ക ഇന്റർനെറ്റ് സേവന ദാതാക്കളും നല്ല ഡൗൺലോഡ് സ്പീഡ് നൽകുന്നുണ്ട്. പക്ഷേ അപ്‌ലോഡ് വേഗതയിൽ കുറവ് വരുത്തുകയും ചെയ്യും. നല്ല ഇന്റർനെറ്റ് പ്ലാൻ എന്ന് പറയുന്നത് നല്ല അപ്‌ലോഡ് വേഗതയും കൂടി നൽകുന്നതാണ്. ക്ലൗഡ് സ്റ്റോറേജിലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോഴും സ്‌മാർട്ട്‌ഫോണുകൾ, ഫോട്ടോകൾ, വീഡിയോകൾ മുതലായവയുടെ ഓൺലൈൻ ബാക്കപ്പ് എടുക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്.

ഒടിടി / വീഡിയോ സ്ട്രീമിങിനും ധാരാളം ബാൻഡ്‌വിഡ്ത്ത് ആവശ്യമാണ്. പ്രത്യേകിച്ച് 4കെ കണ്ടന്റ് സ്ട്രീം ചെയ്യുമ്പോൾ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവ പോലുള്ള സ്ട്രീമിങ് സേവനങ്ങൾ 4കെ കണ്ടന്റ് സ്ട്രീം ചെയ്യുന്നതിന് കുറഞ്ഞത് 25 എംബിപിഎസ് കണക്ഷൻ ഉണ്ടായിരിക്കണമെന്ന് ഉപയോക്താക്കളോട് ശുപാർശ ചെയ്യുന്നുണ്ട്. അതിനാൽ, ഇന്റർനെറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇക്കാര്യവും മനസിൽ വയ്ക്കുക.


Click it and Unblock the Notifications








