സംതൃപ്തിയോടെ മുന്നോട്ട് പോകാം! ബിഎസ്എൻഎല്ലിന്റെ രണ്ട് 'സൂപ്പർ' ബ്രോഡ്ബാൻഡ് പ്ലാനുകൾ
മികച്ച വേഗത, കുറഞ്ഞ പ്രതിമാസ ചെലവ്, മികച്ച ആനുകൂല്യങ്ങൾ, വീട്ടിലേക്ക് ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്ന മിക്കവാറും ആളുകളുടെ പരിഗണനകൾ ഈ ക്രമത്തിലാണ് കാണുന്നത്. ആളുകളുടെ ഈ താൽപര്യം മനസിലാക്കി ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കളിൽ പ്രമുഖനായ ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.
മൊബൈൽ ടെലിക്കോം രംഗത്ത് ഏറെ പിന്നിലാണെങ്കിലും ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ബിഎസ്എൻഎൽ അത്ര പിന്നിലല്ല. മറ്റാരും നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകാൻ ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് സാധിക്കുന്നുണ്ട്. അതിനാൽത്തന്നെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളിൽ നല്ലൊരുഭാഗം ബിഎസ്എൻഎല്ലിന്റെ വരിക്കാരാണ്. ആളുകളുടെ ശേഷിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ലഭ്യമാണ്. മികച്ച വേഗതയും ആവശ്യത്തിന് ഡാറ്റയും കുറഞ്ഞ നിരക്കിൽ നൽകുന്ന ധാരാളം ബിഎസ്എൻഎൽ പ്ലാനുകൾ ഉണ്ടെങ്കിലും 1000 രൂപയിൽ താഴെ നിരക്കിൽ തെരഞ്ഞെടുക്കാവുന്ന രണ്ട് സൂപ്പർ പ്ലാനുകളെ മാത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 799 രൂപ, 999 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക.
799 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 100 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണ് 799 രൂപയുടേത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള അടിസ്ഥാന 100 എംബിപിഎസ് പ്ലാനാണ് ഇതെന്നും പറയാം. 1 ടിബി പ്രതിമാസ ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 5 എംബിപിഎസ് ആയി കുറയും. പ്ലാനിനൊപ്പം സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനുമുണ്ട്. എന്നിരുന്നാലും, ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപകരണങ്ങൾക്ക് പണം നൽകണം. ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ, സോണി ലിവ്, സീ5, യപ്ടിവി, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യമായി ലഭ്യമാണ്.
999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 1000 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ചത് 999 രൂപയുടെ പ്ലാനാണ്. ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. 799 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് വേഗതയാണുള്ളത്, ഈ സൂപ്പർസ്റ്റാർ പ്ലാനിൽ 150 എംബിപിഎസ് വേഗതയുണ്ട്.
2000 ജിബി ഡാറ്റയും 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ നിശ്ചിത 2ടിബി ഡാറ്റയുടെ ഉപയോഗിച്ചു കഴിഞ്ഞാൽ എഫ്യുപി നയം അനുസരിച്ച് ഡാറ്റ വേഗത 10 എംബിപിഎസ് ആയി കുറയും. ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ സൂപ്പർ സ്റ്റാർ പ്ലാനിനൊപ്പം ലഭിക്കും.

ഒടിടി ആനുകൂല്യങ്ങളാണ് 999 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ മറ്റൊരു ആകർഷണം. Disney+ Hotstar, Lionsgate, ShemarooMe, Hungama, SonyLIV, ZEE5, Voot, YuppTV എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഈ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനൊപ്പം ലഭ്യമാണ്.
ആവശ്യത്തിന് ഡാറ്റ, മികച്ച വേഗത, കുറഞ്ഞ നിരക്ക് എന്നീ മൂന്ന് താൽപര്യങ്ങളും ഒറ്റയടിക്ക് സംരക്ഷിച്ചുകൊണ്ട് മികച്ചൊരു ബ്രോഡ്ബാൻഡ് പ്ലാൻ സ്വന്തമാക്കാൻ ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും ഏറെ സഹായിക്കും. വീട്ടിൽ അത്യാവശ്യം ഡാറ്റ ഉപയോഗം ഉണ്ടെങ്കിലോ, അതല്ല ഒരു ചെറിയ ഓഫീസിലേക്കാണ് കണക്ഷൻ വേണ്ടതെങ്കിലോ ഈ പ്ലാനുകൾ തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








