ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കും
മൊബൈൽ ഡാറ്റ കണക്ഷനുകളെക്കാളും വിശ്വസനീയവും കൂടിയ വേഗത നൽകുന്നതുമാണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകൾ. വർക്ക് ഫ്രം ഹോം രീതിയിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായതും ബ്രോഡ്ബാൻഡ് കണക്ഷനുകൾ തന്നെ. രാജ്യത്ത് അടുത്തിടെ പ്രീപെയ്ഡ് മൊബൈൽ സേവനങ്ങൾക്ക് ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടിയിരുന്നു. 20 മുതൽ 25 ശതമാനം വരെയാണ് കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയത്. ഇപ്പോഴിതാ പ്രീപെയ്ഡിന് പിന്നാലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾക്കും വില കൂടാനുള്ള സാധ്യതകൾ തെളിയുകയാണ്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടിയതിന് സമാനമായ രീതിയിൽ ആകും ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് ഉയരുക. ഒരു ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം ( എആർപിയു ) കൂട്ടാൻ തന്നെയാണ് ബ്രോഡ്ബാൻഡ് സെക്ടറും ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 20 ശതമാനം വരെയാകും ബ്രോഡ്ബാൻഡ് താരിഫുകളിൽ വരാൻ സാധ്യതയുള്ള വർധനവ്. 20 ശതമാനം എങ്കിലും നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാൻ ആകില്ലെന്നാണ് ചില കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. സൌജന്യ ഒടിടി സബ്സ്ക്രിപ്ഷൻ അടക്കമുള്ള ഫീച്ചറുകൾ വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും ചില കമ്പനികൾ പറയുന്നു. മിക്കവാറും എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളും (ഐഎസ്പി) ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള പ്ലാനുകളോടെ ഒന്നിലധികം ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ ചെയ്യുന്നു. ഇത്തരത്തിൽ സൗജന്യ ഒടിടി സേവനങ്ങൾ ഓഫർ ചെയ്യുന്നത് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളുടെ മേൽ അധിക സമ്മർദ്ദം ഏൽപ്പിക്കുന്നതായാണ് ചില കമ്പനികളുടെ വാദം. ഒരു പരിധി വരെ ഇത് ശരിയുമാണ്.

മേഖ്ബാല ബ്രോഡ്ബാൻഡ് സർവീസിന്റെ സഹ സ്ഥാപകൻ തപാബ്രത മുഖർജി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിരക്ക് കൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. എന്നാൽ താരിഫ് വർധന ചെറിയ ഐഎസ്പികൾക്ക് തുടങ്ങി വയ്ക്കാവുന്ന കാര്യമല്ല. എയർടെൽ, ജിയോ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തുടങ്ങിയ ദേശീയവും പ്രമുഖവുമായ ഐഎസ്പികൾ നിരക്ക് വർധനവിന് തുടക്കം കുറിച്ചാൽ മാത്രമെ ഇത് സാധ്യമാകുകയുള്ളൂ. പക്ഷേ, മുൻനിര ഐഎസ്പിമാർ തങ്ങൾക്ക് വരുമാനം കുറഞ്ഞതായി ഒരിക്കലും സൂചിപ്പിച്ചിട്ടില്ല എന്നതാണ് കാര്യം. ഇത് ഇപ്പോൾ മുഖർജിയിൽ നിന്ന് മാത്രമാണ് ഇത്തരം ഒരു പ്രസ്താവന പുറത്ത് വന്നത്. മൊബൈൽ താരിഫുകൾ വളരെ കുറവാണെന്ന് മാത്രമാണ് ടെലിക്കോം ഓപ്പറേറ്റർമാർ പറഞ്ഞിട്ടുള്ളത്.

ബ്രോഡ്ബാൻഡ് പ്ലാനുകളുടെ നിരക്ക് വർധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ആഘാതമാകും. പ്രത്യേകിച്ചും പ്രീപെയ്ഡ് നിരക്കുകൾ കൂടി നിൽക്കുന്ന സാഹചര്യത്തിൽ. ഉപഭോക്താക്കൾ 100 എംബിപിഎസ്, 200 എംബിപിഎസ് എന്നിങ്ങനെ ഡാറ്റ വേഗത ഓഫർ ചെയ്യുന്ന ലോ എൻഡ് പ്ലാനുകൾക്ക് 150 മുതൽ 200 രൂപ വരെ അധികം നൽകേണ്ടി വരും. ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇപ്പോൾ തന്നെ വില കൂടി നിൽക്കുകയാണ്. ഇനി വില കൂട്ടുകയാണെങ്കിൽ തന്നെ അത് വളരെയധികം ആസൂത്രണവും സൂക്ഷ്മമായ വിലയിരുത്തലും ആവശ്യമായ ഒന്നാണ്. മാന്യമായ ഫൈബർ ബ്രോഡ്‌ബാൻഡ് അനുഭവം ലഭിക്കുന്നതിന് ഓരോ മാസവും 1,000 രൂപയിൽ കൂടുതൽ അടയ്ക്കുന്ന ഉപഭോക്താക്കളുണ്ട്. അങ്ങനെയിരിക്കെ താരിഫ് നിരക്കുകളിൽ 20% വർധന വന്നാൽ അത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകും.

ഇങ്ങനെയൊരു നിരക്ക് വർധന ഉടൻ സംഭവിക്കുമെന്ന് ഉറപ്പിയ്ക്കുന്ന റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. പ്രീപെയ്ഡ് നിരക്കുകൾ ഉയർന്നതിനാൽ ഇതിനുള്ള ചർച്ചകളും അണിയറയിൽ സജീവമായിരിക്കുമെന്നും കരുതാം. ഇനി രാജ്യത്തെ പ്രധാന കമ്പനികൾ നൽകുന്ന 800 രൂപയിൽ താഴെ വില വരുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം. എയർടെൽ, ബിഎസ്എൻഎൽ, ജിയോഫൈബർ, എക്‌സിടെൽ എന്നീ പ്രധാന ബ്രോഡ്ബാൻഡ് സേവനദാതാക്കൾ 800 രൂപയിൽ താഴെയുള്ള വിലയ്ക്ക് നൽകുന്ന വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിശോധിക്കാം.

ബിഎസ്എൻഎൽ പ്ലാനുകൾ
പൊതുമേഖല ഇന്റർനെറ്റ് സേവന ദാതാവായ ബിഎസ്എൻഎൽ അടുത്തിടെ അതിന്റെ 499 രൂപയുടെ 100 ജിബി സിയുഎൽ ബ്രോഡ്‌ബാൻഡ് പ്ലാൻ നിർത്തലാക്കുകയും ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കായി ത്രൈമാസ പേയ്‌മെന്റ് രീതി അവതരിപ്പിക്കുകയും ചെയ്തിരുന്നു. 100 ജിബി പ്ലാൻ റദ്ദാക്കിയെങ്കിലും, ബിഎസ്എൻഎൽ 449 രൂപയുടെ ഫൈബർ ബേസിക് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 3300 ജിബി പരിധി വരെ 30 എംബിപിഎസ് വേഗതയാണ് കമ്പനി ഓഫർ ചെയ്യുന്നത്. ശേഷം, വേഗത 2 എംബിപിഎസ് ആയി കുറയും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ലഭ്യമാണ്. 800 രൂപയ്ക്ക് താഴെയുള്ള നിരവധി പ്രമോഷണൽ പ്ലാനുകളും ബിഎസ്എൻഎൽ വെബ്സൈറ്റിൽ ലഭ്യമാണ്.

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
ജിയോ ഫൈബർ 800 രൂപയ്ക്ക് താഴെ രണ്ട് പ്രതിമാസ പ്ലാനുകൾ അവതരിപ്പിക്കുന്നു. 399 രൂപയ്ക്കും 699 രൂപയ്ക്കും. 399 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റാണ് കമ്പനിയുടെ ഓഫർ ചെയ്യുന്നത്. 100 എംബിപിസ് ഡാറ്റ സ്പീഡാണ് 699 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് കമ്പനി ഓഫർ ചെയ്യുന്നത്. യൂസേഴ്സിന് അൺലിമിറ്റഡ് ഇന്റർനെറ്റും ലഭിക്കും. പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഓഫർ ഉണ്ടെങ്കിലും ഈ രണ്ട് പ്ലാനുകളിലും ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഇല്ല.

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
800 രൂപയ്ക്ക് താഴെ രണ്ട് പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നു. 499 രൂപയുടെ ബേസിക്ക്, 799 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ എന്നിവ. ബേസിക്ക് പ്ലാനിൽ 40 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. 799 രൂപയുടെ അൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാൻ 100 എംബി വരെ ഡാറ്റ സ്പീഡും ലഭ്യമാക്കും. അൺലിമിറ്റഡ് കോളിങ് സൌകര്യങ്ങൾ, എയർടെൽ താങ്ക്സ് ആപ്പ്, എയർടെൽ എക്സ്ട്രീം, വിങ്ക് മൂസിക്, ഷാ അക്കാഡമി തുടങ്ങിയ ആനുകൂല്യങ്ങൾ രണ്ട് പ്ലാനുകളിലും ലഭിക്കും.

എക്‌സിടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന വാർഷിക പ്ലാനുകളാണ് എക്സിടെലിന്റേത്. ഒരു വർഷത്തേക്ക് 4,788 രൂപ, 5,988 രൂപ എന്നിങ്ങനെയാണ് എക്സിടെൽ നൽകുന്ന പ്ലാനുകൾ. പ്ലാനുകൾക്ക് മാസക്കണക്കിൽ യഥാക്രമം 399 രൂപ, 499 രൂപ എന്നിങ്ങനെയാണ് ചിലവ് വരിക. 399 രൂപ പ്ലാനിൽ 100 എംബിപിഎസും 499 രൂപ പ്ലാനിൽ 300 എംബിപിഎസും ഡാറ്റ സ്പീഡ് ലഭിക്കും. 699 രൂപയ്ക്ക് പ്രതിമാസം 100 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന മറ്റൊരു എക്‌സിടെൽ ബ്രോഡ്‌ബാൻഡ് പ്ലാനും കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications








