ബിഎസ്എൻഎല്ലിന്റെ 4G, 5G കവറേജ് മാപ്പ് റെഡി; പക്ഷേ... ക്ഷമവേണം, സമയമെടുക്കും
ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ 2G, 3G, 4G, 5G നെറ്റ്‌വർക്കുകൾക്കായി ജിയോസ്‌പേഷ്യൽ കവറേജ് മാപ്പുകൾ മാർച്ച് 31ന് അകം സജ്ജമാക്കണ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിച്ചുകൊണ്ട് ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് കവറേജ് മാപ്പ് ലൈവ് ആയിരിക്കുന്നു. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ കഴിഞ്ഞ ആഴ്ച തന്നെ നെറ്റ്വർക്ക് കവറേജ് മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു, ബിഎസ്എൻഎൽ മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാലിപ്പോൾ എല്ലാ ടെലിക്കോം കമ്പനികളുടെയും കവറേജ് മാപ്പുകൾ ലൈവാണെന്ന് TRAI സ്ഥിരീകരിച്ചു.
ബിഎസ്എൻഎൽ നെറ്റ്വർക്ക് കവറേജ് മാപ്പ് ഇപ്പോൾ ലൈവ് ആണ്, ഉപയോക്താക്കൾക്ക് പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ ഇത് ആക്‌സസ് ചെയ്യാൻ കഴിയും. ഇതിനായി https://bsnl.co.in/coveragemap എന്ന ലിങ്ക് സന്ദർശിച്ചാൽ മതിയാകും. എന്നാൽ മാപ്പ് ലൈവ് ആണെന്ന് പറയുമ്പോഴും മാപ്പ് ഇപ്പോൾ നെറ്റ്‌വർക്ക് കവറേജിനെ കൃത്യമായി സൂചിപ്പിക്കുന്നില്ല.

ട്രായിയുടെ ഉത്തരവ് പാലിക്കേണ്ടതിനാൽ അതിവേഗം മാപ്പ് സജ്ജമാക്കിയതാകാം, ഉടൻ തന്നെ ഇത് സ്വിച്ച് ഓൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിഐയും നെറ്റ്വർക്ക് മാപ്പ് പ്രസിദ്ധീകരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അത് ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല. തങ്ങൾ തെരഞ്ഞെടുക്കാൻ പോകുന്ന ടെലിക്കോം കമ്പനികളുടെ സേവനങ്ങളെക്കുറിച്ചും നിലവാരത്തെക്കുറിച്ചും ഉപയോക്താവിന് മനസിലാക്കുന്നതിനായാണ് ട്രായി നെറ്റ്വർക്ക് കവറേജ് മാപ്പ് എന്ന ആശയം നടപ്പിലാക്കിയിരിക്കുന്നത്.
ടെലികോം കമ്പനികൾ തങ്ങളുടെ നെറ്റ്‌വർക്കുകളുടെ ജില്ലാതല കവറേജ് പോലും ഈ കവറേജ് മാപ്പിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്. 4G, 5G നെറ്റ്‌വർക്കുകളുടെ കവറേജ് വെവ്വേറെയും കാണിക്കണം. കവറേജിന്റെയും മികച്ച എക്സ്പീരിയൻസിന്റെയും കാര്യത്തിൽ ഏത് നെറ്റ്‌വർക്കാണ് ഏറ്റവും മികച്ചത് എന്ന് വിലയിരുത്താൻ ഈ മാപ്പ് ഉപഭോക്താക്കളെ സഹായിക്കും എന്ന് ട്രായി പ്രതീക്ഷിക്കുന്നു.

റിലയൻസ് ജിയോയുടെയും ഭാരതി എയർടെല്ലിന്റെയും നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. അതേസമയം ബിഎസ്എൻഎൽ, വിഐ എന്നിവയ്ക്കുള്ള കവറേജ് മാപ്പ് ഉടൻ തന്നെ പ്രവർത്തനക്ഷമമാവുകയും പൂർണ്ണമായും ദൃശ്യമാകുകയും ചെയ്യും. ഇന്ത്യയിലെ 5G, 4G നെറ്റ്‌വർക്കുകളുടെ ഏറ്റവും വിപുലമായ കവറേജ് ജിയോയ്ക്കാണ്. Ookla, Opensignal എന്നിവ തങ്ങളുടെ റിപ്പോർട്ടുകളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ടെലികോം കമ്പനികൾക്കായുള്ള പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) റെഗുലേഷന്റെ ഭാഗമായി ട്രായി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിയോസ്പേഷ്യൽ കവറേജ് മാപ്പ് കമ്പനികൾ പുറത്തിറക്കിയിരിക്കുന്നത്. മാപ്പ് പരിശോധിക്കാൻ മാത്രമല്ല, മാപ്പിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിക്കാനും അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണ് എന്ന് തോന്നിയാൽ അത് റിപ്പോർട്ട് ചെയ്യാനും ഉള്ള ഓപ്ഷനുകളും ടെലിക്കോം കമ്പനികൾ ഉറപ്പാക്കണമെന്ന് ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപയോക്താക്കൾക്ക് ടെലിക്കോം കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നെറ്റ്വർക്ക് കവറേജ് മാപ്പ് പരിശോധിക്കാൻ കഴിയും. ജിയോയുടെ മാപ്പ് 'കവറേജ് മാപ്പ്' എന്നതിന് കീഴിലും, എയർടെല്ലിന്റെ മാപ്പ് 'ചെക്ക് കവറേജ്' എന്നതിന് കീഴിലും, വോഡഫോൺ ഐഡിയയുടെത് 'നെറ്റ്‌വർക്ക് കവറേജ്' എന്ന ലിങ്കിന് കീഴിലും കാണാം.

ജിയോ നെറ്റ്വർക്ക് കവറേജ് മാപ്പ് പരിശോധിക്കാൻ, ഉപയോക്താക്കൾക്ക് വിലാസമോ പിൻ കോഡോ നൽകാം അല്ലെങ്കിൽ മാപ്പിന്റെ ലൊക്കേഷൻ ഐക്കണിൽ ടാപ്പ് ചെയ്‌ത് 4G+5G, 5G, അല്ലെങ്കിൽ 4G ഓപ്ഷൻ തിരഞ്ഞെടുക്കാം. jio.com/selfcare/coverage-map/ എന്നതാണ് യുആർഎൽ. ജിയോയുടെ മാപ്പ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത് 2025 മാർച്ച് 1-നാണ്.
എയർടെൽ നെറ്റ്‌വർക്ക് കവറേജ് പരിശോധിക്കാനുള്ള യുആർഎൽ airtel.in/wirelesscoverage/ എന്നതാണ്. തങ്ങളുടെ പ്രദേശത്തെ നെറ്റ്‌വർക്ക് കവറേജ് അറിയാൻ വിഐ ഉപയോക്താക്കൾക്ക് myvi.in/vicoverage എന്ന യുആർഎൽ പരിശോധിക്കാവുന്നതാണ്. ഓരോ നെറ്റ്വർക്ക് ലഭ്യതയും വിവരിക്കുന്നതിനായി മാപ്പിൽ വിവിധ കളറുകൾ ഉപയോഗിക്കണം. ഈ മാപ്പിൽ സിഗ്നലിന്റെ ശക്തി എത്രത്തോളമുണ്ട് എന്നത് അടക്കമുള്ള വിവരങ്ങൾ ഉണ്ടാകണം. കൂടാതെ മാപ്പ് എപ്പോഴും അപ്ഡേറ്റായിരിക്കണം എന്നീ നിർദേശങ്ങൾ ട്രായി കമ്പനികൾക്ക് നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








