ബിഎസ്എൻഎൽ രക്ഷപ്പെടണം! 4G/5G ഉപകരണങ്ങൾ വാങ്ങാൻ തേജസ് നെറ്റ്വർക്കിന് 750 കോടി നൽകി ടിസിഎസ്
4ജി സേവനങ്ങൾ നൽകുന്നതിൽ രാജ്യത്ത് ഏറ്റവും പിന്നിലുള്ള ടെലിക്കോം സ്ഥാപനം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) ആണ് എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ 4ജി മാത്രമല്ല, 5ജി സേവനവും അതിവേഗം ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ബിഎസ്എൻഎൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച നാളുകളായി പ്രത്യക്ഷത്തിൽ നടക്കുന്നുണ്ട്. 4ജി ഉൾപ്പെടെ സാങ്കേതികമായി മുന്നേറാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങൾക്ക് പിന്തുണയായി കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുകയുണ്ടായി. ഇത് കൂടാതെ ബിഎസ്എൻഎല്ലിനായി 5ജി സ്പെക്ട്രം പ്രത്യേകം നീക്കിവച്ചിട്ടുമുണ്ട്.

കേന്ദ്ര മന്ത്രിതല സംഘത്തിന്റെ അന്തിമ അനുമതിക്ക് പിന്നാലെ ടിസിഎസിന്റെ ( ടാറ്റ കൺസൾട്ടൻസി സർവീസ്) ചുമതലയിൽ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ 4ജി വ്യാപനത്തിലെ ഒരു സുപ്രധാന ഘട്ടം കൂടി പിന്നിട്ടിരിക്കുന്നു എന്ന വാർത്ത ഇപ്പോൾ എത്തിയിരിക്കുകയാണ്.
ബിഎസ്എൻഎല്ലിന് 4ജി/ 5ജി വ്യാപനത്തിനായി 4ജി/ 5ജി ഡിവൈസുകൾ വിതരണം ചെയ്യാൻ ടാറ്റ കൺസൾട്ടൻസി സർവീസിൽ നിന്ന് 750 കോടി രൂപ അഡ്വാൻസ് ലഭിച്ചതായി തേജസ് നെറ്റ്‌വർക്ക്സ് അറിയിച്ചു. റെഗുലേറ്ററി ഫയലിംഗിൽ ആണ് തേജസ് നെറ്റ്വർക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപകരണങ്ങൾ വിതരണം ചെയ്യുക മാത്രമല്ല സൈറ്റുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതലയും തേജസ് നിർവഹിക്കും.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ രാജ്യത്തുടനീളം തദ്ദേശീയമായ 4G/ 5G സേവനങ്ങൾ ആരംഭിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആദ്യം 4ജി വ്യാപനം പൂർത്തിയാക്കും. തുടർന്ന് അതിവേഗം 5ജിയിലേക്ക് മാറും. അതിന് അനുയോജ്യമായ വിധത്തിൽ തദ്ദേശീയമായി നിർമിച്ച 4ജി/ 5ജി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ നെറ്റ്വർക്കിന്റെ വിപുലീകരണം നടത്തിക്കൊണ്ടിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന്റെ പ്രധാന ചുമതല ടിസിഎസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ടിസിഎസ് ഒരു സിസ്റ്റം ഇന്റഗ്രേറ്ററായി പ്രവർത്തിക്കും. തേജസ് നെറ്റ്‌വർക്ക് അതിനാവശ്യമായ ഉപകരണങ്ങളും അറ്റകുറ്റപ്പണികളും നോക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 4G/5G സഹിതം 1,00,000 സൈറ്റുകൾ ലോഞ്ച് ചെയ്യാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ പാൻ ഇന്ത്യ മൊബൈൽ നെറ്റ്‌വർക്കിനായി 4G/5G RAN (റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്) വിതരണം ചെയ്യുന്നതിനായി ടിസിഎസിൽ നിന്ന് 7492 കോടി രൂപയുടെ കരാർ ലഭിച്ചതായി ഓഗസ്റ്റിൽ തേജസ് നെറ്റ്‌വർക്ക്സ് അറിയിച്ചിരുന്നു. ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരു ലക്ഷം 4ജി/5ജി സൈറ്റുകളിൽ, 20% ഐടിഐ പുറത്തിറക്കും, ബാക്കിയുള്ളവ ടിസിഎസിന്റെ കരാറിനു കീഴിലാണ്.

ഇപ്പോൾ റാൻ ( RAN ) ഉപകരണങ്ങൾക്കായി 750 കോടി രൂപ തേജസ് നെറ്റ്വർക്കിന് അഡ്വാൻസ് നൽകി എന്ന വാർത്ത വ്യക്തമാക്കുന്നത് ബിഎസ്എൻഎല്ലിന്റെ 4ജി റോളൗട്ട് അതിവേഗം പുരോഗമിക്കുന്നുണ്ട് എന്നാണ്. ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്ന വാർത്ത ഏറെ നാളായി രാജ്യം കേൾക്കുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ നടക്കുന്ന പുരോഗതിയെപ്പറ്റിയുള്ള വിവരങ്ങൾ കുറവായിരുന്നു.
2023 ജൂലൈയിൽ പഞ്ചാബിലെ 200 സൈറ്റുകളിൽ തദ്ദേശീയമായ 4G വിന്യസിച്ചുകൊണ്ട് ബിഎസ്എൻഎൽ ബീറ്റ ട്രയൽ ആരംഭിച്ചിരുന്നു. ഈ സെപ്റ്റംബറിന് ശേഷം ബിഎസ്എൻഎൽ പ്രതിദിനം 300 സൈറ്റുകൾ പുറത്തിറക്കുമെന്ന് ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ തേജസിന് കിട്ടിയ ഓഡർ ആ വഴിയിലേക്കുള്ള പാതിയിലാണ് ബിഎസ്എൻഎൽ എന്ന് സൂചിപ്പിക്കുന്നു.
ബിഎസ്‌എൻഎല്ലിന് ഏറ്റവും സ്വാധീനവും വരുമാനവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. അതിനാലാണ് പഞ്ചാബിന് ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ മുൻനിര പരിഗണന ലഭിച്ചത്. ഏറ്റവും കൂടുതൽ വരുമാനമുള്ളതും ഏറ്റവും സജീവമായ വരിക്കാരുള്ളതുമായ സർക്കിളുകളിൽ ബിഎസ്എൻഎൽ 4ജി വ്യാപനം ശക്തമാക്കുന്നു. ആ നിലയ്ക്ക് കേരളത്തിലും ബിഎസ്എൻഎൽ നെറ്റ്വർക്ക് വൈകാതെ ശക്തിപ്പെടും. 4G എത്തുന്നതോടെ 20% വരുമാന വർദ്ധനവുണ്ടാകുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷ.


Click it and Unblock the Notifications








