കുരിശേറ്റം കഴിഞ്ഞു, ഇനി ഉയിർപ്പിന്റെ നാളുകൾ; ബിഎസ്എൻഎല്ലിന്റെ രണ്ടാം വരവിൽ തകർന്ന് വീഴുമോ സിംഹാസനങ്ങൾ

ഇന്ത്യൻ ടെലിക്കോം രംഗത്തെ അടുത്ത അത്ഭുതത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അതെന്താണെന്ന് ആലോചിച്ച് കാട് കയറേണ്ട. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ 4ജി ലോഞ്ചിനൊരുങ്ങുകയാണെന്ന് അറിയാമല്ലോ. പറഞ്ഞ സമയം പലകുറി തെറ്റിച്ചാണ് ബിഎസ്എൻഎൽ 4ജി അന്തിമ പരീക്ഷണത്തിനും അതിന് ശേഷമുള്ള റോൾഔട്ടിനും തയ്യാറാകുന്നത്. ഇനി മാറ്റങ്ങളുണ്ടാകില്ലെന്നും ബിഎസ്എൻഎൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കാര്യം ബിഎസ്എൻഎല്ലാണെങ്കിലും തൊട്ടതെല്ലാം പിഴയ്ക്കാറുണ്ടെങ്കിലും ബിഎസ്എൻഎൽ 4ജി ലോഞ്ചിന് അത്തരമൊരു അവസ്ഥയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന് പിന്നാലെയുണ്ട്. കൈപ്പിഴകൾക്ക് സ്വന്തം ജോലിയും കരിയറുമാണ് ഉദ്യോഗസ്ഥർ പകരം നൽകേണ്ടി വരികയെന്ന കൃത്യമായ സന്ദേശം കേന്ദ്രം മുന്നേ തന്നെ നൽകിയിരുന്നു. സർക്കാർ നടപടി എന്തായിരിക്കുമെന്നതിനുള്ള മാതൃകകളും ബിഎസ്എൻഎല്ലിനും ഉദ്യോഗസ്ഥർക്കും ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. ഒപ്പം ബിഎസ്എൻഎൽ 4ജി ഒട്ടേറെ പ്രത്യേകതകളുമായാണ് വരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ നെറ്റ്വർക്ക്

രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ 4ജി നെറ്റ്വർക്ക് കൊണ്ട് വരുന്നതിൽ ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളെയെല്ലാം ബിഎസ്എൻഎൽ മറികടക്കും. തദ്ദേശീയമായി നിർമിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാമെന്നത് ബിഎസ്എൻഎല്ലിന് ഒരു "ട്രൂ ഇന്ത്യൻ" അപ്പീൽ നൽകുന്നുമുണ്ട്. റിലയൻസ് ജിയോയും എയർടെലും ഇപ്പോൾ തന്നെ 5ജി നെറ്റ്വർക്കുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് അറിയാമല്ലോ. എന്നാൽ യൂറോപ്യൻ ടെലിക്കോം ഉപകരണ നിർമാതാക്കളുമായി സഹകരിച്ചാണ് രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അതേ ഭാവിയിൽ 5ജി ലോഞ്ച് ചെയ്യുമ്പോൾ ബിഎസ്എൻഎല്ലിന് മറ്റാരെയും ആശ്രയിക്കേണ്ടി വരില്ലെന്നതാണ് പ്രത്യേകത.
2023ന്റെ രണ്ടാം പകുതിയിൽ ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഇത് സ്ഥിരീകരിച്ച് ബിഎസ്എൻഎൽ ട്വീറ്റ് ചെയ്തിരുന്നു, അധികം വൈകാതെ രാജ്യത്തെ പതിനായിരക്കണക്കിന് ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ 4ജി സാച്ചുറേഷൻ പ്രോജക്റ്റിലും ബിഎസ്എൻഎൽ പങ്കാളിയാകും. 4ജിയും 5ജിയും ലോഞ്ച് ചെയ്യാൻ ബിഎസ്എൻഎല്ലിന് സാധിച്ചാൽ ഇന്ത്യൻ ടെലിക്കോം വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ബിഎസ്എൻഎൽ നെറ്റ്വർക്കുകൾ അവതരിപ്പിക്കപ്പെട്ടാൽ ഇന്ത്യൻ വിപണിയിൽ എന്നന്നേക്കുമായി ഉണ്ടാകാവുന്ന ചില മാറ്റങ്ങൾ നോക്കാം.
വിപണി സമവാക്യങ്ങൾ ഇല്ലാതാക്കും

പല യൂസേഴ്സിനും ഇന്നും ബിഎസ്എൻഎൽ ഒരു ഫസ്റ്റ് ഓപ്ഷൻ അല്ലെന്നതാണ് യാഥാർഥ്യം. കുറഞ്ഞ നിരക്കുകൾ ബിഎസ്എൻഎല്ലിനെ സെക്കൻഡറി സിം കാർഡ് എന്ന നിലയിൽ നല്ലൊരു ചോയ്സ് ആയും മാറ്റുന്നു. എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധനവിന് ഒരുങ്ങുന്ന സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് ബിഎസ്എൻഎല്ലിന് സാധിക്കും. ഒരു പക്ഷേ പലരുടെയും പ്രൈമറി സിംകാർഡ് ഓപ്ഷനായും മാറാം. കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് മൊബൈൽ സേവനങ്ങളെത്തിക്കാനും ബിഎസ്എൻഎല്ലിന് സാധിക്കും.
സ്വകാര്യ ടെലിക്കോം കമ്പനികൾ കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യുന്ന യൂസേഴ്സിൽ വലിയ താത്പര്യം കാണിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ബേസ് പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടുന്നതടക്കം ഇതിനുള്ള തെളിവാണ്. കൂടുതൽ പണം റീചാർജിനായി ചിലവഴിക്കുന്ന യൂസേഴ്സിലാണ് കമ്പനികൾക്ക് താത്പര്യം. എയർടെലൊക്കെ പ്രത്യക്ഷത്തിൽ തന്നെ ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോകുന്നു. യൂസർമാരുടെ ചിലവാക്കാനുള്ള ശേഷിക്ക് അനുസരിച്ച് തങ്ങളുടെ എആർപിയു കൂടുമെന്നാണ് കമ്പനികൾ കണക്ക് കൂട്ടുന്നത്.
സ്വകാര്യ കമ്പനികളുടെ നെറ്റ്വർക്കുകളിലെ ലോഡ് കുറയ്ക്കും

4ജിയും 5ജിയും നൽകുന്ന ബിഎസ്എൻഎൽ ടെലിക്കോം വിപണിയിലെ എണ്ണം പറഞ്ഞ സേവനദാതാവ് ആയിരിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇത് എല്ലാ ടെലിക്കോം കമ്പനികളുടെയും യൂസേഴ്സിന് നല്ല സേവനങ്ങൾ ലഭ്യമാകാൻ കാരണമാകും. വിപണിയിൽ സൃഷ്ടിക്കപ്പെടുന്ന മത്സരമാണ് ഇതിനുള്ള കാരണങ്ങളിൽ ഒന്ന്. നെറ്റ്വർക്ക് തിരക്ക് കുറയ്ക്കുന്നതും മറ്റൊരു ഗുണഫലമാണ്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നെറ്റ്വർക്കിൽ ഇപ്പോൾ തന്നെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബിഎസ്എൻഎൽ നെറ്റ്വർക്കുകൾ അവതരിപ്പിക്കപ്പെട്ടാൽ താരതമ്യേനെ തിരക്ക് കൂടിയ സ്വകാര്യ നെറ്റ്വർക്കുകളിൽ നിന്നും യൂസേഴ്സിന് ബിഎസ്എൻഎൽ നെറ്റ്വർക്കുകളിലേക്ക് മാറാൻ കഴിയും. ഇത് സ്വകാര്യ കമ്പനികളുടെ നെറ്റ്വർക്കുകൾക്കും അനുഗ്രഹമായിരിക്കും.


Click it and Unblock the Notifications








