2GB ഡാറ്റയുണ്ട്, ഒരുപാട് ദിവസങ്ങളല്ല, മാസങ്ങൾ ഉപയോഗിക്കാം; ബിഎസ്എൻഎൽ അവതരിപ്പിച്ച 4ജി പ്ലാൻ!
മറ്റെല്ലാ ടെലിക്കോം സ്ഥാപനങ്ങളെയും പോലെ ബിഎസ്എൻഎല്ലും ( BSNL ) 4ജി ഡാറ്റ വൗച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 4ജി ആർക്കെങ്കിലും ലഭ്യമാകുമോ എന്ന ചോദ്യം സ്വാഭാവികമായും ഈ ഘട്ടത്തിൽ പലരുടെയും മനസിൽ തോന്നിയേക്കാം. എന്നാൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന പ്രദേശങ്ങളും നമ്മുടെ കേരളത്തിൽ ഉണ്ട്.
മികച്ച വേഗതയോടെ ബിഎസ്എൻഎൽ ഡാറ്റ ലഭ്യമാകുന്ന ഉപയോക്താക്കളുടെ എണ്ണം മൊത്തത്തിൽ കുറവാണ്. ഒരു വർഷത്തിനകം ഈ അവസ്ഥയിൽ മാറ്റം ഉണ്ടാകും എന്നാണ് 4ജി നവീകരണം ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ പറയുന്നത്. തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ ദീർഘകാല വാലിഡിറ്റിയോടെ ചില 4ജി ഡാറ്റ വൗച്ചറുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക് ആശ്രയിക്കാൻ പാകത്തിലാണ് ബിഎസ്എൻഎൽ 4ജി പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 411 രൂപ, 788 രൂപ, 1515 രൂപ എന്നീ നിരക്കുകളിലെത്തുന്ന പ്ലാനുകൾ ദീർഘകാല വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നു. എല്ലായിടത്തും ബിഎസ്എൻഎൽ 4ജി എത്തിയിട്ടില്ല എങ്കിൽക്കൂടി 4ജി പ്ലാനുകളായി തന്നെയാണ് ബിഎസ്എൻഎൽ ഈ പ്ലാനുകളെ തരംതിരിക്കുകയും ലിസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
ഈ പ്ലാനുകളൊക്കെ 4ജി പ്ലാനുകളാണെങ്കിലും ഇതൊന്നും പുതിയതായി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനുകളല്ല, ഇതിനകം തന്നെ ലഭ്യമായിട്ടുള്ളവയാണ്. 411 രൂപ, 788 രൂപ, 1515 രൂപ നിരക്കുകളിൽ ദീർഘകാല വാലിഡിറ്റിയോടെ ലഭ്യമാകുന്ന ഈ ബിഎസ്എൻഎൽ 4ജി പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.
411 രൂപയുടെ ബിഎസ്എൻഎൽ 4ജി പ്ലാൻ: ബിഎസ്എൻഎൽ 4ജി എല്ലായിടത്തും ലഭ്യമായിട്ടില്ല എങ്കിലും എല്ലാ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും ഡാറ്റയ്ക്കായി ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാം. ഈ 411രൂപയുടെ ബിഎസ്എൻഎൽ പ്ലാനും എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു 4ജി ഡാറ്റ വൗച്ചറാണ്. 90 ദിവസമാണ് ഈ വൗച്ചറിന്റെ വാലിഡിറ്റി.
411 രൂപയുടെ ബിഎസ്എൻഎൽ 4ജി പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റയാണ് നൽകുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ എഫ്യുപി പ്രകാരം ഡാറ്റ വേഗത 40 Kbps ആയി കുറയും. ഡാറ്റ പ്ലാൻ ആയതിനാൽ ഇതിൽ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കരുത്. മാത്രമല്ല, ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കുകയും വേണം.
788 രൂപയുടെ ബിഎസ്എൻഎൽ 4ജി പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നത്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40 Kbps ആയി കുറയും. 180 ദിവസത്തേക്ക് ഈ പ്ലാനിലെ ആനുകൂല്യം ലഭ്യമാകും. ഇതൊരു ഡാറ്റ വൗച്ചർ ആയതിനാൽ ആനുകൂല്യങ്ങൾ ലഭ്യമാകാൻ ഒരു അടിസ്ഥാന പ്ലാനിന്റെ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.

1515 രൂപയുടെ ബിഎസ്എൻഎൽ 4ജി പ്ലാൻ: ഒരു വർഷം വരെ ആനുകൂല്യങ്ങൾ നൽകുന്ന ഒരു ഡാറ്റ വൗച്ചറിനായി തിരയുന്ന ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ ആണിത്. 365 ദിവസത്തേക്ക് ഈ പ്ലാനിലെ ഡാറ്റ ആനുകൂല്യം ലഭ്യമാകും. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
പൊതുവെ കേരളത്തിലും ഇന്ത്യയിലും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾക്കെതിരേ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. എങ്കിലും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ 4ജി വ്യാപനത്തിനുള്ള നടപടികൾ ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ടിസിഎസ് സഹായത്തോടെ നടക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം ഈ ഒക്ടോബറോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








