4ജിയെത്തും മുമ്പ് യൂസേഴ്സിനിട്ട് ബിഎസ്എൻഎല്ലിന്റെ കടും വെട്ട്; അറിഞ്ഞിരിക്കാം ഈ പ്ലാനുകളെക്കുറിച്ച്
ഏപ്രിൽ മാസത്തിൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഒരു മുന്നറിയിപ്പുമില്ലാതെ അപ്രഖ്യാപിത നിരക്ക് വർധനവ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ. പ്ലാൻ നിരക്കുകളിലൊന്നും കൈവയ്ക്കാതെ ആനുകൂല്യങ്ങളിൽ കുറവ് വരുത്തിയാണ് കമ്പനി പരോക്ഷമായി നിരക്ക് വർധിപ്പിക്കുന്നത്. ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച പ്ലാനുകളെക്കുറിയാൻ തുടർന്ന് വായിക്കുക.
107 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
107 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന് 40 ദിവസമാണ് വാലിഡിറ്റി ലഭിച്ചിരുന്നത്. ഇപ്പോൾ പ്ലാനിൽ നിന്നും 5 ദിവസത്തെ വാലിഡിറ്റി വെട്ടിക്കുറച്ചിരിക്കുകയാണ്. 35 ദിവസത്തേക്കാണ് ഇനി 107 രൂപ വിലയുള്ള പ്ലാനിന് വാലിഡിറ്റി ലഭിക്കുന്നത്. 3 ജിബി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളിങും പ്ലാനിനൊപ്പം ലഭിക്കുന്നു. 35 ദിവസത്തേക്ക് ബിഎസ്എൻഎൽ ട്യൂണുകളും 107 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.\

197 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
നേരത്തെ 84 ദിവസത്തെ വാലിഡിറ്റിയാണ് 197 രൂപയുടെ BSNL പ്ലാൻ ഓഫർ ചെയ്തിരുന്നത്. പ്ലാനിൽ നിന്നും 14 ദിവസത്തെ വാലിഡിറ്റി വെട്ടിക്കുറച്ചു. ഇപ്പോൾ 197 രൂപ പ്ലാനിന് 70 ദിവസം മാത്രമാണ് വാലിഡിറ്റി ലഭിക്കുന്നത്. 18 ദിവസത്തേക്ക് ലഭിച്ചിരുന്ന സിംഗ് ആനുകൂല്യം 15 ദിവസത്തേക്കായി കുറച്ചിട്ടുമുണ്ട്. 2 ജിബി ഡെയിലി ഡാറ്റ ബാലൻസ്, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും പ്ലാനിനൊപ്പം ലഭിക്കുന്നു.
397 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
180 ദിവസം വാലിഡിറ്റി നൽകിയിരുന്ന പ്ലാൻ ഇപ്പോൾ 150 ദിവസം വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്. ആനുകൂല്യങ്ങൾ ലഭിക്കുന്ന കാലയളവും കുറച്ചിട്ടുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി ഡെയിലി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലെ ആനുകൂല്യങ്ങൾ. പിആർബിടി സേവനവും ലോക്ധൂൺ ഉള്ളടക്കവും അധിക ആനുകൂല്യങ്ങളാണ്. 60 ദിവസത്തേക്ക് ലഭിച്ചിരുന്ന സൗജന്യ സേവനങ്ങൾ ഇനി 30 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക.

599 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
599 രൂപയുടെ വർക്ക് ഫ്രം ഹോം നൈറ്റ് അൺലിമിറ്റഡ് ഓഫർ ഡെയിലി 5 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. ഇത് ഒറ്റയടിക്ക് 3 ജിബി മാത്രമായിട്ടാണ് കുറച്ചിരിക്കുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് കുറച്ചെങ്കിലും രാത്രി 12 മുതൽ വെളുപ്പിനെ 5 വരെ ലഭിക്കുന്ന സൌജന്യ അൺലിമിറ്റഡ് ഡാറ്റയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. സൌജന്യ വോയ്സ് കോളിങ്, ഡെയിലി 100 എസ്എംഎസ്, ബിഎസ്എൻഎൽ ട്യൂണുകൾ, സിങ് മ്യൂസിക്, ആസ്ട്രോസെൽ, ഗെയിമിയോൺ എന്നീ സേവനങ്ങളും ലഭിക്കുന്നു.
797 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
797 രൂപ മുടക്കുമ്പോൾ ഒരു വർഷത്തെ വാലിഡിറ്റി (365 ദിവസം) ലഭിച്ചിരുന്ന പ്ലാൻ ഇനി 300 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുക. ഒറ്റയടിക്ക് നഷ്ടമായത് 65 വാലിഡിറ്റി ദിവസങ്ങൾ. അൺലിമിറ്റഡ് വോയ്‌സ് കോളിങിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും ഡെയിലി 100 എസ്എംഎസുകളും 60 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. വാലിഡിറ്റി കുറച്ചെങ്കിലും ഇത്രയും കുറഞ്ഞ നിരക്കിൽ 300 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ വേറെയില്ലെന്നതും മറക്കാൻ കഴിയില്ല.

5ജി സേവനങ്ങൾ നൽകുന്ന ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടത്തുകയാണ്. നിരക്ക് കൂട്ടുമെന്ന് എയർടെലിന്റെ സിഇഒ സൂചന നൽകിയിട്ടുമുണ്ട്. ജിയോയും നിരക്ക് വർധനവിന്റെ കാര്യത്തിൽ തല പുകയ്ക്കുന്നു. നിരക്ക് വർധന സംബന്ധിച്ച ചർച്ചകളിൽ പോലുമില്ലാതിരുന്ന ബിഎസ്എൻഎൽ എല്ലാവരെയും അമ്പരപ്പിക്കുന്ന നീക്കമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം. ബിഎസ്എൻഎൽ ഏപ്രിലിനുള്ളിൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








