ലക്ഷ്യമിട്ട 1 ലക്ഷം 4G ടവറുകൾ ജൂണിൽ പൂർത്തിയാകും; കൂടുതൽ ടവറുകൾക്ക് TCS- BSNL കരാർ വന്നേക്കും
രാജ്യം കാത്തിരിക്കുന്ന 1 ലക്ഷം ബിഎസ്എൻഎൽ 4ജി ടവറുകളുടെ പൂർത്തീകരണം ഈ വർഷം ജൂണോടുകൂടി പൂർത്തിയാകുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ടെലിക്കോം സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ഉപദേഷ്ടാവും തേജസ് നെറ്റ്‌വർക്കുകളുടെ ചെയർമാനുമായ എൻജി സുബ്രഹ്മണ്യം പറഞ്ഞു. ഇ.ടിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞു, നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരു ലക്ഷം സൈറ്റുകൾക്ക് പുറമേ കൂടുതൽ സൈറ്റുകളിൽ 4ജി അവതരിപ്പിക്കാനുള്ള കരാർ ബിഎസ്എൻഎൽ തങ്ങൾക്ക് നൽകും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഒരു ലക്ഷം 4ജി ടവറുകൾ എന്നത് ബിഎസ്എൻഎല്ലിന്റെ മുഴുവൻ ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താൻ മതിയാവില്ല. രാജ്യവ്യാപകമായി കൂടുതൽ നെറ്റ്വർക്ക് ശേഷി നേടണമെങ്കിൽ ബിഎസ്എൻഎൽ കൂടുതൽ 4ജി ടവറുകൾ സ്വന്തമാക്കേണ്ടതുണ്ട്. ഇപ്പോൾ സുപ്രധാന ചുവടുവയ്പ്പ് എന്ന നിലയിലാണ് 1 ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാക്കി വരുന്നത്. ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ C-DoT (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ്), തേജസ് നെറ്റ്‌വർക്ക്സ് എന്നിവയും ഉൾപ്പെടുന്നു. 4ജി വ്യാപനത്തിന് ആവശ്യമായ എല്ലാ RAN (റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്) ഉൽപ്പന്നങ്ങളും തേജസിൽ നിന്നാണ് ലഭ്യമാകുന്നത്. 4ജിക്ക് ആവശ്യമായ നെറ്റ്‌വർക്ക് കോർ വാഗ്ദാനം ചെയ്യുന്നത് C-DoT ആണ്. ടിസിഎസ് ഇതിൽ സിസ്റ്റംസ് ഇന്റഗ്രേറ്റർ (എസ്‌ഐ) എന്ന നിലയിൽ പ്രവർത്തിക്കുന്നു.
ബിഎസ്എൻഎല്ലിനായി ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യം 4G സൈറ്റുകളുടെ ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, ഒപ്റ്റിമൈസേഷൻ എന്നിവ പൂർത്തിയാക്കുകയും തുടർന്ന് സൈറ്റുകൾ ബിഎസ്‌എൻഎല്ലിന് കൈമാറുകയാണ് ചെയ്യുന്നത്. ബിഎസ്‌എൻഎൽ പറയുന്നതനുസരിച്ച്, 65000-ത്തിലധികം സൈറ്റുകൾ ഇതിനകം സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്ന 35000 4ജി ടവറുകൾ 2025 ജൂണിന് മുമ്പ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണിൽ 1 ലക്ഷം 4ജി സൈറ്റുകൾ സ്വന്തമാക്കിയാലും ശക്തമായ 4G എക്സ്പീരിയൻസ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യണമെങ്കിൽ ബിഎസ്‌എൻഎല്ലിന് തീർച്ചയായും ഇന്ത്യയിലുടനീളം കൂടുതൽ 4ജി സൈറ്റുകൾ ആവശ്യമായി വരും. ഇതിന് ആവശ്യമായ ടെൻഡറും ബിഎസ്എൻഎൽ തങ്ങളെ തന്നെ ഏൽപ്പിക്കുമെന്നാണ് ടിസിഎസ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ളതിന് സമാനമായ ടെൻഡറിൽ ടിസിഎസിന് അധിക ഓർഡർ നൽകാനോ തുടർ ഓർഡർ നൽകാനോ ബിഎസ്‌എൻഎല്ലിന് അധികാരമുണ്ടെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിയ ശേഷം 5ജി വ്യാപനം ആരംഭിക്കാനുള്ള തയാറെടുപ്പുകൾ ബിഎസ്എൻഎൽ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 5ജി വ്യാപനത്തെപ്പറ്റിയും എൻജി സുബ്രഹ്മണ്യം സംസാരിച്ചു. ഏതൊക്കെ 4ജി സൈറ്റുകളാണ് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടത് എന്നും ഈ സൈറ്റുകളിൽ ഏത് 5G സ്പെക്ട്രം ബാൻഡ് ആണ് വിന്യസിക്കാൻ ആഗ്രഹിക്കുന്നത് എന്നും ബിഎസ്എൻഎൽ തീരുമാനിച്ചു കഴിഞ്ഞാൽ തുടർന്നുള്ള അപ്ഗ്രേഡുകൾ ടിസിഎസ് നിർഹിക്കുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
5ജിയിലേക്ക് അപ്‌ഗ്രേഡുകൾ ചെയ്യാനുള്ള കഴിവ് ടിസിഎസ് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും ഉപയോഗിക്കേണ്ട സ്പെക്ട്രം ബാൻഡിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എൻജി സുബ്രഹ്മണ്യം സ്ഥിരീകരിച്ചു. ബിഎസ്‌എൻഎല്ലിന്റെ സ്പെക്ട്രം പോർട്ട്‌ഫോളിയോയിൽ 700 MHz, 900 MHz, 2100 MHz, 2500 MHz, 3500 MHz എന്നീ ബാൻഡുകളിലുള്ള എയർവേവുകൾ ആണ് ഉള്ളത്.

നിലവിൽ ബിഎസ്‌എൻഎൽ 700 MHz ബാൻഡിൽ ആണ് 4G വിന്യസിച്ചുവരുന്നത്. ഇത് ഉപയോക്താക്കൾക്ക് മികച്ച കവറേജ് അനുഭവം നൽകാൻ കമ്പനിയെ പ്രാപ്തമാക്കും. 5G നെറ്റ്‌വർക്കുകൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ ഡൽഹി സർക്കിളിൽ ഇതിനകം ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് സോഫ്ട്വേർ അപ്ഗ്രേഡിലൂടെ ബിഎസ്എൻഎല്ലിന് 5ജിയിലേക്ക് മാറാനാകും എന്നാണ് അധികൃതർ പറയുന്നത്.


Click it and Unblock the Notifications







