ഒടുവിൽ ബിഎംഎസും മോദിയോട് പറഞ്ഞു: BSNL നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്, വേണ്ടത് ചെയ്യണം!
സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവിനെ തുടർന്ന് സമൂഹത്തിൽ ടെലിക്കോം കമ്പനികൾക്ക് എതിരേ ശക്തമായ വിമർശനം ഉയരുകയും ബിഎസ്എൻഎല്ലിന്റെ പ്രാധാന്യം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം സാധാരണക്കാരെ കൊള്ളയടിക്കുന്ന ടെലിക്കോം കമ്പനികളുടെ നടിപടികൾക്ക് കേന്ദ്ര സർക്കാർ കണ്ണടച്ച് മൗനാനുവാദം നൽകിയെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തുകയും ചെയ്തു. ഇതിനെ സർക്കാർ തള്ളിക്കളഞ്ഞെങ്കിലും ഈ വിമർശനത്തോട് അനുകൂലമായ ഒരു വികാരം പൊതുവിൽ സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാനയി മോദി സർക്കാർ ബിഎസ്എൻഎല്ലിനെ മനപ്പൂർവം തഴയുകയാണ് എന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവും കഴിഞ്ഞ ദിവസം ശക്തമായി വിമർശിച്ചു.
ഇപ്പോൾ സിഐടിയുവിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന പ്രധാന കക്ഷിയായ ബിജെപിയുടെ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസും (ഭാരതീയ മസ്ദൂർ സംഘ്) ബിഎസ്എൻഎല്ലിനെ സംരക്ഷിക്കാനും മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരാനും നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ 3 കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബിഎംഎസ്.

ബിഎസ്എൻഎല്ലിന് ഇപ്പോൾ പലയിടങ്ങളിലും 4ജി സർവീസ് പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാർ സ്വീകരിച്ച ചില നിലപാടുകൾ ബിഎസ്എൻഎൽ 4ജി (BSNL 4G) എത്തുന്നത് വൈകിപ്പിക്കാൻ ഇടയാക്കി എന്ന് ആക്ഷേപമുണ്ട്. അതായത് നിലവിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ 4ജി, 5ജി സേവനങ്ങൾ നൽകുന്നത് വിദേശ കമ്പനികളുടെ ടെക്നോളജിയും ഉപകരണങ്ങളും ഉപയോഗിച്ചാണ്.
എന്നാൽ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്ന ഒരു ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഒരു നിർദേശം മുന്നോട്ട് വച്ചു. ബിഎസ്എൻഎൽ 4ജി തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേണം 4ജി അവതരിപ്പിക്കാനെന്നും വിദേശ കമ്പനികളുടെ സഹായം ഉപയോഗിക്കാൻ പാടില്ല എന്നുമായിരുന്നു നിർദേശം. ഇത്തരമൊരു നിർദേശം കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ഘട്ടത്തിൽ അത്തരമൊരു വിജയകരമായ ടെക്നോളജി ഇന്ത്യയിൽ നിലവിലുണ്ടായിരുന്നില്ല.

അതിനാൽ തന്നെ തദ്ദേശീയമായി 4ജി സാങ്കേതിക വിദ്യ സൃഷ്ടിക്കാനും അത് പരീക്ഷിച്ച് വിജയിക്കാനുമൊക്കെ ഏറെ സമയമെടുത്തു. ഇത് ബിഎസ്എൻഎൽ 4ജി വ്യാപനം വൈകുന്നതിന്റെ മുഖ്യ കാരണമായി മാറി. സ്വകാര്യ കമ്പനികൾ ഇപ്പോഴും വിദേശ ടെക്നോളജികൾ ഉപയോഗിച്ച് 5ജി വരെ വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ബിഎസ്എൻഎൽ 4ജിയിൽ കുടുങ്ങിക്കിടക്കുകയാണ്.
ഈയൊരു സാഹചര്യം നിലനിൽക്കേ ഇപ്പോൾ ബിഎംഎസ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ പ്രസക്തമാണ്. ആഗോള വെണ്ടർമാരിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ടെലികോം ഇൻഫ്രാസ്ട്രക്ചർ അപ്ഗ്രേഡ് ചെയ്യാൻ ബിഎസ്എൻഎല്ലിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ബിഎംഎസ് അഭ്യർത്ഥിച്ചു.
സ്വകാര്യ ടെലികോം കമ്പനികളെപ്പോലെ അതിവേഗ നെറ്റ്‌വർക്കുകൾ ഇല്ലാത്തതിനാൽ ബിഎസ്എൻഎല്ലിന് വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇത് കമ്പനിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഎംഎസിന്റെ കത്ത്. വിജയകരമായി വിന്യസിക്കാൻ കഴിയുന്ന ഒരു ടെക്നോളജി ഇവിടെ ഉണ്ട് എന്ന് ഉറപ്പാകും വരെ, അന്താരാഷ്ട്ര വെണ്ടർമാരിൽ നിന്നുള്ള ടെക്നോളജി ഉപയോഗിക്കാൻ ബിഎസ്എൻഎല്ലിനെ അനുവദിക്കണമെന്ന് ബിഎംഎസ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാനും കുത്തകകളുടെ പിടിയിലേക്ക് ടെലിക്കോം രംഗം ചെന്നെത്തുന്നത് ഒഴിവാക്കാനും ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് ഉണ്ടെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ നടത്തിയ നിരക്ക് വർധനയെയും ബിഎംഎസ് തള്ളിപ്പറഞ്ഞു. നിരക്ക് വർധന മൂലം ദരിദ്രരായ ജനങ്ങൾക്ക് ഡാറ്റ സേവനങ്ങൾക്കായി ഉയർന്ന തുക ചെലവഴിക്കേണ്ടി വരുന്നു, ഇത് ഡിജിറ്റൽ വിഭജനം നികത്താനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ബിഎംഎസ് പറയുന്നു.
ബിഎസ്എൻഎൽ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പാർട്ടിയുടെ തൊഴിലാളി സംഘടന തന്നെ കത്തുമായി രംഗത്തെത്തിയത് സർക്കാരിന് തിരിച്ചടിയാണ്. സ്വകാര്യ കമ്പനികൾക്കായി കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനെ തകർക്കുന്നു എന്ന പൊതു- ഇടതുപക്ഷ ആരോപണങ്ങൾക്ക് ഇതോടെ മൂർച്ച കൂടിയിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജിക്കായി ഫണ്ട് അനുവദിച്ചത് ചൂണ്ടിക്കാട്ടിയും 5ജി സ്പെക്ട്രം റിസർവ് ചെയ്തുവച്ചത് ചൂണ്ടിക്കാട്ടിയും ഇതിനെ പ്രതിരാധിക്കാനാകും കേന്ദ്രം ശ്രമിക്കുക.


Click it and Unblock the Notifications







