നിഷ്കളങ്കരേ... BSNL- ന് 4G ഇല്ലെന്ന് ഇപ്പോഴും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പഴങ്കഥകൾ പൊളിച്ച് BSNL
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും കുറവ് വരിക്കാരുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ആണ്. അതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത് ബിഎസ്എൻഎല്ലിന് 4ജി ഇല്ല എന്നതാണ്. ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് സേവനങ്ങൾക്ക് വേഗത കുറവാണ്, വിളിച്ചാൽ കിട്ടില്ല, ബിഎസ്എൻഎൽ ജീവനക്കാർക്ക് തലക്കനമാണ്, എന്നിങ്ങനെ ബിഎസ്എൻഎല്ലിന്റെ തകർച്ചയ്ക്ക് കാരണം തേടിയാൻ നൂറ് നൂറ് കാരണങ്ങൾ പറയാൻ ആളുകൾ ഏറെയുണ്ട്. രണ്ട് കണ്ണും പൂട്ടി സ്വകാര്യ കമ്പനികളെ പുകഴ്ത്തിയും ബിഎസ്എൻഎല്ലിനെ വിമർശിച്ചും രംഗത്ത് എത്തുന്ന നിരവധി ആളുകൾ ഉണ്ട്. തങ്ങൾ പണ്ട് ബിഎസ്എൻഎൽ ആയിരുന്നുവെന്നും മോശം സേവനങ്ങൾ കാരണം പോർട്ട് ചെയ്തു എന്നുപറയുന്നവരും അനവധി.
ബിഎസ്എൻഎല്ലിന് എതിരേ സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്തവരും ഏറെയുണ്ട്. ഇവരുടെയെല്ലാം ഈ അഭിപ്രായപ്രകടനങ്ങൾ കാണുന്നവരിൽ ചിലരെങ്കിലും ഈ പറയുന്നതൊക്കെ സത്യമാണ് എന്ന് വിശ്വസിക്കുകയും ചെയ്യും. എന്നാൽ ഇത് എല്ലാം വെറും മിത്ത് ആണെന്നും ബിഎസ്എൻഎൽ മികച്ച സേവനങ്ങൾ തന്നെ നൽകുന്നുണ്ട് എന്നും വിശദീകരിച്ച് ഇപ്പോൾ ബിഎസ്എൻഎൽ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

അതായത്, തങ്ങൾക്കെതിരേ ഉയരാറുള്ള പതിവ് ആക്ഷേപങ്ങളോട് ഇത്രയും നാൾ ബിഎസ്എൻഎൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാലം മാറി. വിരലിലെണ്ണാവുന്നത്ര പോലും 4ജി ടവർ ഇല്ലാതിരുന്ന ആ പഴയ ബിഎസ്എൻഎൽ അല്ല ഇപ്പോഴുള്ളത്. 4ജി അവതരിപ്പിച്ചും 5ജി അവതരിപ്പിക്കാൻ പരീക്ഷണങ്ങൾ വിജയിച്ചും മുന്നേറുന്ന പുതിയ ബിഎസ്എൻഎല്ലാണ് ഇപ്പോഴുള്ളത് എന്ന് ബിഎസ്എൻഎൽ പറയാതെ പറഞ്ഞിരിക്കുന്നു.
ബിഎസ്എൻഎല്ലിനെക്കുറിച്ചുള്ള മിത്തുകളെ തകർക്കുന്നു എന്ന തലക്കെട്ടോടെ ബിഎസ്എൻഎൽ ട്വിറ്ററിൽ ഒരു പോസ്റ്റർ പങ്കുവച്ചു. ബിഎസ്എൻഎല്ലിനെപ്പറ്റി കാലങ്ങളായി നാം കേൾക്കുന്ന കാര്യമാണ് ബിഎസ്എൻഎല്ലിന് 4ജി ഇല്ല എന്നുള്ളത്. എന്നാൽ ബിഎസ്എൻഎല്ലിന് 4ജി ഇല്ല എന്നുള്ളത് ഇപ്പോൾ മിത്ത് മാത്രമാണ് എന്ന് ബിഎസ്എൻഎൽ പോസ്റ്ററിൽ പറയുന്നു.

മിത്തുകളൊക്കെ വിശ്വസിച്ചിരിക്കേണ്ട കാലം കഴിഞ്ഞു, ഇപ്പോഴത്തെ യാഥാർഥ്യം എന്തെന്നാൽ ഇതുവരെ റോഡ് സൗകര്യം പോലും എത്തിപ്പെട്ടിട്ടില്ലാത്ത ഇടങ്ങളിൽപ്പോലും ഇപ്പോൾ ബിഎസ്എൻഎല്ലിന് 4ജിയുണ്ട് എന്ന് കമ്പനി പോസ്റ്ററിൽ പറയുന്നു. ഇതോടൊപ്പം ആളുകൾക്ക് തെറ്റിദ്ധാരണമുള്ള മറ്റൊരുകാര്യംകൂടി ബിഎസ്എൻഎൽ വിശദീകരിച്ചിട്ടുണ്ട്.
ബിഎസ്എൻഎൽ എക്കാലവും നഷ്ടത്തിലാണ് ഓടുന്നത് എന്നതാണ് ബിഎസ്എൻഎല്ലിനെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു മിത്ത്. എന്നാൽ 17 വർഷങ്ങൾക്ക് ശേഷം ബിഎസ്എൻഎൽ ലാഭത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ യാഥാർഥ്യം എന്ന് ബിഎസ്എൻഎൽ വിശദീകരിക്കുന്നു. അതായത് ബിഎസ്എൻഎല്ലിനെപ്പറ്റി സാധാരണക്കാർ ഉൾപ്പെടെയുള്ളാർ കാലങ്ങളായി കൊണ്ടുനടന്നിരുന്ന ധാരണകളെല്ലാം പൊളിഞ്ഞിരിക്കുന്നു.
കാലം മാറിയതോടെ ബിഎസ്എൻഎല്ലിലും മാറ്റങ്ങൾ നടക്കുന്നുണ്ട് എന്ന് ഈ ട്വിറ്റർ പോസ്റ്ററിലൂടെ ജനങ്ങളെ അറിയിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഒരുലക്ഷം ടവറുകളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ ലക്ഷ്യമിട്ട ഒരുലക്ഷം ടവറുകളിൽ ബിഎസ്എൻഎൽ 4ജി എത്തും. അതിന് ശേഷം 5ജി വ്യാപനം ആരംഭിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

സാങ്കേതികമായ മുന്നേറ്റങ്ങൾക്ക് പുറമേ കസ്റ്റമേഴ്സിനോടുള്ള ഇടപെടലുകളിലും മാറ്റങ്ങൾ വരുത്താൻ ആണ് ബിഎസ്എൻഎല്ലിന്റെ നീക്കം, ബിഎസ്എൻഎൽ ജീവനക്കാരെപ്പറ്റി ആളുകൾ പല പരാതികളും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരാതി പറയാനുള്ള അവസരം ബിഎസ്എൻഎൽ തന്നെ ഒരുക്കിയിരിക്കുന്നു. അതായത് ഈ ഏപ്രിൽ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് മന്ത് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിഎസ്എൻഎൽ വരിക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങളും പരാതികളുമൊക്കെ ഇപ്പോൾ ബിഎസ്എൻഎല്ലിനെ നേരിട്ട് അറിയിക്കാൻ അവസരമുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികളും നിർദേശങ്ങളുമൊക്കെ ബിഎസ്എൻഎൽ സിഎംഡി ഉൾപ്പെടെയുള്ളവരിലേക്ക് എത്തുകയും വിലയിരുത്തലുകൾക്ക് ശേഷം അവയിൽ നടപടികൾ ഉണ്ടാകുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. അതിനാൽ ബിഎസ്എൻഎല്ലിനെപ്പറ്റി പരാതിയുള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സേവനം മോശമാണ് എങ്കിൽ തുറന്നുപറയാം, നടപടി ഉണ്ടാകും എന്നാണ് അധികൃതർ പറയുന്നത്.


Click it and Unblock the Notifications








