പോരട്ടങ്ങനെ പോരട്ടെ! ബിഎസ്എൻഎൽ 4ജി ഇപ്പോൾ 15000 ടവറുകളിൽ ലഭ്യം; വമ്പന്മാർ വിയർത്തുതുടങ്ങി
രാജ്യമെങ്ങും 4ജി സേവനങ്ങൾ എത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബിഎസ്എൻഎൽ (BSNL 4G) ഒരു നിർണായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഇപ്പോൾ രാജ്യമെമ്പാടുമായി 15000 മൊബൈൽ ടവറുകളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തുടനീളം സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റി നൽകാനുള്ള ഒരുക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപന വളർച്ച അടയാളപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം. ബിഎസ്എൻഎല്ലിൻ്റെ 4G സേവനം പൂർണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതാണ്. അതായത്, ഈ മൊബൈൽ ടവറുകളിൽ ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ ആണ് 4ജിക്കായി സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 4ജി ടെക്നോളജിയും ഇന്ത്യയിൽ വികസിപ്പിച്ചതാണ്.
ആത്മ നിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ ആണ് ഈ 4ജി സൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കപ്പെടുന്ന 4ജി സൈറ്റുകൾ ഇന്ത്യയിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. 4ജിയും 5ജിയും അവതരിപ്പിച്ചാൽ മാത്രമേ സ്വകാര്യ കമ്പനികളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ ബിഎസ്എൻഎല്ലിന് കഴിയൂ.

ബിഎസ്എൻഎല്ലിന് 4ജി സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര ടെലിക്കോം മന്ത്രാലയവും ശക്തമായ മേൽനോട്ടം ഇപ്പോൾ നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞയാഴ്ച ബിഎസ്എൻഎല്ലിൻ്റെ 4 ജി സേവനങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കുന്നതിനുള്ള ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ബിഎസ്എൻഎല്ലിൻ്റെ 5 ജി സേവനങ്ങൾ എപ്പോൾ എത്തും എന്നത് സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ അവസാനത്തോടെ 80,000 ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുമെന്നും ബാക്കി 21,000 4ജി ടവറുകൾ അടുത്ത വർഷം മാർച്ചോടെ സ്ഥാപിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതായത് 2025 മാർച്ചോടെ 4G നെറ്റ്‌വർക്കിനായി മൊത്തം ഒരു ലക്ഷം ടവറുകൾ നിലവിൽ വരും. ഇതോടെ അതിവേഗ ഡൗൺലോഡുകളും മെച്ചപ്പെട്ട ടെലിവിഷൻ സ്ട്രീമിംഗും അടക്കം നൽകാൻ ബിഎസ്എൻഎൽ പ്രാപ്തമാകുമെന്ന് മന്ത്രി പറഞ്ഞു.

4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 5ജിയിലേക്ക് അതിവേഗം മാറാൻ കഴിയുന്ന വിധത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം ഇപ്പോൾ ടിസിഎസിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 2025 മാർച്ചിൽ 4ജി വ്യാപനം പൂർത്തിയാകുന്നതിനാൽ 2025ൽ തന്നെ 5ജി സേവനങ്ങളും ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും. ബിഎസ്എൻഎല്ലിനായി 5ജി സ്പെക്ട്രം നീക്കിവച്ചിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിനായി 4ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിന് പുറമേ, 5G ടെക്നോളജി പരീക്ഷിക്കുന്ന നടപടികളിലേക്കും ബിഎസ്എൻഎൽ കടന്നിട്ടുണ്ട്. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ ബിഎസ്എൻഎല്ലിൻ്റെ തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 5ജി നെറ്റ്‌വർക്ക് ഉപയോഗിച്ച് വീഡിയോ കോൾ നടത്തിയിരുന്നു.
വരാൻ പോകുന്ന ബിഎസ്എൻഎൽ 5ജി സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് ഏറെ പ്രതീക്ഷ നൽകാൻ ബിഎസ്എൻഎൽ 5ജി ഉപയോഗിച്ചുള്ള പരീക്ഷണത്തിന് കഴിഞ്ഞിട്ടുണ്ട്. ബിഎസ്എൻഎൽ 4ജി-5ജി വ്യാപനത്തിനായി സാങ്കേതികമായ പിന്തുണ നൽകുന്നത് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) ആണ്. നിലവിൽ C-DoT കാമ്പസിൽ ബിഎസ്എൻഎൽ 5ജി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

വരും ആഴ്ചകളിൽ ഒന്നിലധികം നഗരങ്ങളിൽ ബിഎസ്എൻഎൽ 5ജി പരീക്ഷണം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബിഎസ്എൻഎൽ 5ജി പരീക്ഷണങ്ങൾ നടക്കുന്നത് കൂടാതെ, ഉപയോക്താക്കൾക്ക് 5G റെഡി സിം കാർഡുകൾ വിതരണം ചെയ്യുന്ന നടപടിയും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 5ജി വൈകാതെ എത്തും എന്ന വിശ്വാസം ഉപയോക്താക്കളിൽ സൃഷ്ടിക്കാൻ ഈ നടപടികൾക്ക് കഴിയുന്നു. അതേസമയം തന്നെ ബിഎസ്എൻഎല്ലിന്റെ ഈ മുന്നേറ്റം മറ്റ് കമ്പനികളെ ഭയപ്പെടുത്തുന്നതുമാണ്.


Click it and Unblock the Notifications








