ബിഎസ്എൻഎൽ 4ജി ആദ്യമെത്തുക കേരളത്തിൽ..? നിർണായക വെളിപ്പെടുത്തലുമായി കമ്പനി മേധാവി | BSNL 4G
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇന്ത്യയിൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിപ്പോ കൊറേ കേട്ടിട്ടുള്ളതല്ലേ, മലയാളികളായ ഞങ്ങൾക്കെന്താ എന്നൊക്കെയാവും പലരുടെയും ചിന്ത. എന്നാൽ എല്ലാ മലയാളികളെയും ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ സിഎംഡി പികെ പുർവാർ. കൂടുതൽ വിവരങ്ങളറിയാൻ തുടർന്ന് വായിക്കുക.
4ജി ലോഞ്ച് വൈകിയതിനാൽ നിലവിൽ കമ്പനി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. നെറ്റ്വർക്ക് പോരായ്മകളും 4ജിയുടെ അഭാവവും ബിഎസ്എൻഎല്ലിന്റെ യൂസർ ബേസ് വലിയ രീതിയിൽ ഇടിയാനും കാരണമായി. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ വരുമാന സാധ്യത കൂടുതലുള്ള നഗരങ്ങളിലും ടെലിക്കോം സർക്കിളുകളിലും ആയിരിക്കും ബിഎസ്എൻഎൽ ആദ്യം 4ജി അവതരിപ്പിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) പികെ പുർവാർ.

ആളുകൾക്ക് ഉയർന്ന പർച്ചേസിങ് ശേഷിയുള്ള കേരളം പോലെയുള്ള വിപണികളിൽ ആദ്യം 4ജി ലോഞ്ച് ചെയ്യുമെന്നാണ് പുർവാർ വ്യക്തമാക്കിയത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, പഞ്ചാബ് എന്നിവയൊക്കെയാണ് നിലവിൽ ബിഎസ്എൻഎല്ലിന് ഉയർന്ന വരുമാനം നൽകുന്ന സർക്കിളുകളിൽ ചിലത്. 2023 അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ 4ജി (BSNL 4G) എത്തിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
4ജി സൈറ്റുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകാനുള്ള അന്തിമ അനുമതി ദിവസങ്ങൾക്ക് മുമ്പാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഏകദേശം 1,00,000 ടവർ സൈറ്റുകൾക്കായി ഒരാഴ്ചയ്ക്കുള്ളിൽ ബിഎസ്എൻഎൽ പർച്ചേസ് ഓർഡർ നൽകും. 24,500 കോടി രൂപയോളം ചിലവിട്ടാണ് 4ജി എക്വിപ്മെന്റ്സ് കമ്പനി സ്വന്തമാക്കുന്നത്. ടിസിഎസാണ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) സൈറ്റുകളിലേക്ക് വേണ്ട ഉപകരണങ്ങൾ സജ്ജീകരിക്കുന്നത്. അമൃത്‌സറും പത്താൻകോട്ടുമടക്കം പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ 200 -ൽ കൂടുതൽ 4ജി സൈറ്റുകൾ ഇപ്പോൾ തന്നെ വിന്യസിച്ചിട്ടുമുണ്ട്.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 4ജി സേവനങ്ങൾ നൽകണമെന്ന കേന്ദ്ര നിലപാട് ഒരുപരിധി വരെ ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ച് വൈകാൻ കാരണമായിരുന്നു. എന്നാൽ ദീർഘകാലത്തേക്ക് പരിഗണിക്കുമ്പോൾ ആഭ്യന്തരമായി തന്നെ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യും. തങ്ങളുപയോഗിക്കുന്ന തദ്ദേശീയ 4ജി സ്റ്റാക്ക് വളരെയെളുപ്പം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ 4ജി വിന്യാസം പൂർത്തിയായിക്കഴിഞ്ഞാൽ അധികം വൈകാതെ തന്നെ ബിഎസ്എൻഎൽ 5ജിയും ലോഞ്ച് ചെയ്യും.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം സ്ഥാപനത്തിൽ നിന്നും ഏറ്റവും പരിതാപകരമായ സ്ഥാപനം എന്ന നിലയിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ പതനത്തിന് പിന്നിൽ പതിറ്റാണ്ടുകളുടെ അവഗണനയും അലക്ഷ്യവും ചിലരെങ്കിലും ആരോപിക്കുന്നത് പോലെ സ്വകാര്യ കമ്പനികളുമായുള്ള ഒത്തുകളികളുമൊക്കെയുണ്ട്. കാലാകാലം നികുതിപ്പണം ചിലവഴിച്ച് ബിഎസ്എൻഎല്ലിനെ പോറ്റാൻ കഴിയില്ലെന്ന കേന്ദ്ര നിലപാട് ബിഎസ്എൻഎല്ലിലെ രീതികളെ മാറ്റി മറിച്ചിട്ടുണ്ട്. ജോലിയെടുത്തില്ലെങ്കിൽ എത്ര വലിയ ഉന്നതനായാലും പിരിച്ചുവിടുമെന്ന സർക്കാർ നയവും സ്വകാര്യ മേഖലയ്ക്ക് കൈമാറിയേക്കുമെന്ന ആശങ്കയുമൊക്കെ മാറിചിന്തിക്കാൻ സ്ഥാപനത്തെ പ്രേരിപ്പിച്ചെന്ന് പറയാം.
അതിനാൽ തന്നെ വരും വർഷങ്ങളിൽ തങ്ങളുടെ വിപണി വിഹിതം വലിയ രീതിയിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. 4ജി വിപണിയിൽ എത്തിക്കാനും യൂസേഴ്സിന് മികച്ച സേവനങ്ങൾ നൽകാനും കഴിഞ്ഞാൽ മാർക്കറ്റ് ഷെയർ പിടിച്ചടക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. വയർലെസ് മൊബൈൽ സർവീസ് സെക്റ്ററിൽ നിലവിൽ 9 ശതമാനത്തിലും താഴെയാണ് ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം. ഇത് ഉയർത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താൻ ബിഎസ്എൻഎല്ലിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.


Click it and Unblock the Notifications








