ആരും എങ്ങോട്ടും പോകേണ്ട! ബിഎസ്എൻഎൽ 4G ടവറുകളുടെ എണ്ണം 62,201 ആയി
ബിഎസ്എൻഎൽ 4ജി ( BSNL 4G ) വ്യാപനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ഒരു ലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാൻ ശ്രമിച്ചുവരുന്ന ബിഎസ്എൻഎൽ, ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 62,201 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി എത്തി. ഇതിന് മുൻപ് ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച റിപ്പോർട്ട് വന്നത് ഒക്ടോബർ 31ന് ദീപാവലി ദിനത്തിൽ ആയിരുന്നു. ദീപാവലിക്ക് 50000 സൈറ്റുകളിൽ 4ജി എത്തിക്കുമെന്ന് നേരത്തെ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിച്ചുകൊണ്ട് 50000 സൈറ്റുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തതായിട്ടാണ് അന്ന് ബിഎസ്എൻഎൽ അറിയിച്ചത്.
ഇന്ത്യയിൽ 62,201 4G ടവറുകൾ സ്ഥാപിച്ചകാര്യം കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് 1 ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് ബിഎസ്എൻഎൽ. ഈ വേഗതയിൽ, 2025 ജൂണിനു മുമ്പ് ഒരു ലക്ഷം ടവറുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

4ജി വ്യാപനത്തിന്റെ ഭാഗമായി ഗ്രാമീണ പ്രദേശങ്ങളിലും ടെലിക്കോം കണക്ടിവിറ്റികൾ ഉറപ്പിക്കാൻ ബിഎസ്എൻഎൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് ഗ്രാമീണ ഇന്ത്യയെ 4ജിയുമായി കണക്ട് ചെയ്യാൻ ബിഎസ്എൻഎൽ പ്രവർത്തിക്കുന്നുണ്ട്. 1 ലക്ഷം 4ജി ടവറുകൾ എന്നത് ഒരു നാഴികക്കല്ല് മാത്രമാണ്.
ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം കൈവരിച്ച ശേഷവും കവറേജ് കൂടുതൽ വിപുലീകരിക്കുന്നതിനും ഉപഭോക്താക്കൾക്ക് നെറ്റ്‌വർക്ക് അനുഭവം മെച്ചപ്പെടുത്തുന്നതിനും ബിഎസ്എൻഎൽ പ്രവർത്തനം തുടരേണ്ടതുണ്ട്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 5ജി അവതരിപ്പിക്കാൻ വേണ്ട നടപടികളും സമാന്തരമായി ബിഎസ്എൻഎൽ നടത്തുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ച് വരുന്നത്.

4ജി വ്യാപനം പൂർത്തിയായ ശേഷം അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി രാജ്യമെങ്ങും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 5ജി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും തകൃതിയായി നടക്കുന്നുണ്ട്. 5ജിക്കായുള്ള ടെക്നോളജി ഇതിനകം തദ്ദേശീയമായി വിജയകരമായി വികസിപ്പിച്ചതായി ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്.
ടിസിഎസിന്റെ നേതൃത്വത്തിൽ തേജസ് നെറ്റ്‌വർക്സും സി-ഡോട്ടും (സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ്) ഉൾപ്പെടുന്ന കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിൻ്റെ 4ജി, 5ജി നവീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 4ജി വ്യാപനം പൂർത്തിയായാൽ പാൻ-ഇന്ത്യ ലെവലിൽ തദ്ദേശീയ 4ജി നെറ്റ്‌വർക്ക് ഉള്ള ആദ്യത്തെ ഇന്ത്യൻ ടെലികോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎല്ലിന് സ്വന്തമാകും.
എത്രയും വേഗം 4ജിയും 5ജിയും അവതരിപ്പിക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിന് വളരെ പ്രധാനമാണ്. കാരണം സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് ഉയർത്തിയതിനെ തുടർന്ന് നിരവധി ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തി. എന്നാൽ ഇങ്ങനെ എത്തിയ ആളുകളിൽ പലരും ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് നിലവാരത്തിൽ അതൃപ്തരാണ് എന്നും അതിനാൽ അവർ മടങ്ങിപ്പോകുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇപ്പോൾ ബിഎസ്എൻഎല്ലിന് അനുകൂലമായ ഒരു പൊതു അന്തരീക്ഷം നിലവിലുണ്ട്. അത് നഷ്ടപ്പെടും മുമ്പേ 4ജിയും 5ജിയും വരിക്കാരിലേക്ക് എത്തിക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ ആവശ്യമാണ്. വൈകുന്ന ഓരോ ദിവസവും അതിജീവനം പ്രയാസമേറിയതായി മാറും. മികച്ച നെറ്റ്വർക്ക് സേവനങ്ങൾ നൽകാൻ കഴിഞ്ഞാൽ, കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന ബിഎസ്എൻഎല്ലിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് തുടരും.


Click it and Unblock the Notifications








