ഇന്ത്യയിലിപ്പോൾ 93450 ബിഎസ്എൻഎൽ ടവറുകൾ 4G ആണ്; 6550 ടവറുകൾ കൂടി പൂർത്തിയായാൽ, 5G തുടങ്ങും
സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഭീഷണിയും സാധാരണക്കാർക്ക് പ്രതീക്ഷയും സമ്മാനിച്ചുകൊണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) 4ജി വ്യാപനം പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഇപ്പോൾ 93,450 ബിഎസ്എൻഎൽ ടവറുകൾ 4G സേവനങ്ങൾ നൽകാൻ തുടങ്ങിയിരിക്കുന്നു. ടിസിഎസിന് കരാർ നൽകിയ ഒരുലക്ഷം 4ജി സൈറ്റുകളിൽ ഇനി അവശേഷിക്കുന്നത് 6550 ടവറുകൾ കൂടി മാത്രം. ജൂണിൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്ന് നേരത്തെ ബിഎസ്എൻഎൽ പറഞ്ഞിരുന്നു.
നിലവിലെ രീതിയിൽ മുന്നോട്ട് പോയാൽ ചിലപ്പോൾ മേയ് തീരും മുമ്പോ ജൂൺ ആദ്യ ആഴ്ചയിൽ തന്നെയോ ഒരുലക്ഷം ടവർ എന്ന ലക്ഷ്യം ബിഎസ്എൻഎൽ കൈവരിക്കും. 4ജി വ്യാപനം പൂർത്തിയായാൽ അതിന് പിന്നാലെ തന്നെ 5ജി വ്യാപനം ആരംഭിക്കും എന്നാണ് ബിഎസ്എൻഎൽ അധികൃതരും ടെലിക്കോം വകുപ്പ് മന്ത്രി അടക്കമുള്ളവരും വ്യക്തമാക്കിയിട്ടുള്ളത്.

അതിനാൽ ഇനി വെറും 6550 ടവറുകൾ പൂർത്തിയായാൽ ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന ആദ്യഘട്ട ലക്ഷ്യം കൈവരിക്കും. ഇതിന് പിന്നാലെ ജൂണിൽ തന്നെ നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത് പോലെ ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിനൊപ്പം തന്നെ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുന്നതിനും ബിഎസ്എൻഎൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി 93,450 4ജി ടവറുകൾ വിന്യസിച്ച വിവരം കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025 ന്റെ പ്രമേയം അനാച്ഛാദനം ചെയ്യുന്നതിനായി നടന്ന കർട്ടൻറൈസർ പരിപാടിയിൽ ആയിരുന്നു ഇത്. ബിഎസ്എൻഎല്ലിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും കാര്യങ്ങൾ ഇപ്പോൾ ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും സിന്ധ്യ പറഞ്ഞു.

ഒരു ലക്ഷം 4ജി സൈറ്റുകൾ എന്ന നിർദിഷ്ട ലക്ഷ്യം പിന്നിട്ട ശേഷം 5ജി വ്യാപനം ആരംഭിക്കുന്നതിന് പുറമേ, ബിഎസ്എൻഎൽ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാനും പദ്ധതിയിട്ടിരിക്കുന്നു. അടുത്തിടെ, 18,685 4ജി സൈറ്റുകൾ കൂടി വിന്യസിക്കുന്നതിനുള്ള ഓർഡർ ബിഎസ്എൻഎൽ ടിസിഎസിന് നൽകിയിരുന്നു. ഇത് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്ന ഒരുലക്ഷം ടവറുകൾക്ക് പുറമേയുള്ള സൈറ്റുകൾക്കായിട്ടാണ് എന്നാണ് റിപ്പോർട്ട്.
അതിനാൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഒരുലക്ഷം ടവറുകൾ കൊണ്ട് അവസാനിക്കും എന്ന് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരുലക്ഷം 4ജി ടവറുകൾ ഇന്ത്യയിലെ ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണ്. അതിനാൽ കൂടുതൽ ടവറുകൾ സ്ഥാപിക്കും എന്ന് ബിഎസ്എൻഎൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ച് 4ജി വ്യാപനം നടത്തുന്നു എന്നതാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തെ മറ്റ് ടെലിക്കോം കമ്പനികളുടെ 4ജിയിൽ നിന്ന് വേറിട്ട് നിർത്തുന്നത്. "പൊതുമേഖലാ സ്ഥാപനമായി സി-ഡോട്ട്, സർക്കാർ കമ്പനിയായി ബിഎസ്എൻഎൽ, സ്വകാര്യ മേഖലാ കമ്പനിയായി തേജസ് നെറ്റ്‌വർക്ക്സ്, സിസ്റ്റം ഇന്റഗ്രേറ്ററായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവ നാലും ഒത്തുചേർന്ന്, 22 മാസത്തിനുള്ളിൽ ആദ്യത്തെ ആഭ്യന്തര സ്റ്റാക്ക് നിർമ്മിച്ചു'' എന്ന് സിന്ധ്യ ചൂണ്ടിക്കാട്ടി.

ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാകാൻ അടുത്തിരിക്കുമ്പോൾ ഇനി എല്ലാ കണ്ണുകളും തിരയുന്നത് ബിഎസ്എൻഎൽ 5ജി എത്തുമോ എന്നാണ്. തദ്ദേശീയ ടെലിക്കോം ഉപകരണങ്ങളും ടെക്നോളജിയും ഉപയോഗിച്ച് തങ്ങളുടെ നെറ്റ്‌വർക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ബിഎസ്എൻഎൽ ഇതിനകം ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. നിലവിലെ നിലയിൽ മുന്നോട്ട് പോയാൽ ജൂണിൽ ഇന്ത്യൻ ടെലിക്കോം രംഗത്ത് ബിഎസ്എൻഎൽ നിർണായകമായ പല മുന്നേറ്റങ്ങളിലേക്കും കടക്കുന്നത് കാണാൻ സാധിക്കും.


Click it and Unblock the Notifications








