ബിഎസ്എൻഎൽ 4ജി: നടപടികൾ അതിവേഗം 'ഇഴഞ്ഞ് മുന്നേറുന്നു! ടിസിഎസ് കൺസോർഷ്യത്തിന് ജിഒഎം അനുമതിയായി
'ആറിയ കഞ്ഞി പഴങ്കഞ്ഞി' എന്ന് പറയാറുണ്ട്. പക്ഷേ പഴങ്കഞ്ഞി പഴകിയാൽ അതിന് എന്ത് പേര് പറയും എന്ന് വല്യപിടിയില്ല. ഉണ്ടായിരുന്നെങ്കിൽ ബിഎസ്എൻഎൽ 4ജിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാമായിരുന്നു. ഈ സർക്കാർ സ്ഥാപനത്തെ ഇപ്പോഴും വിശ്വസിച്ച് 4ജി ഇന്നുവരും നാളെവരും എന്ന് പറഞ്ഞ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വരിക്കാർ ഇന്ത്യയിലുണ്ട്.
ബിഎസ്എൻഎൽ 4ജിയെ സംബന്ധിക്കുന്ന ഓരോ വാർത്തയും ഏറെ പ്രതീക്ഷയോടെയാണ് അവർ നോക്കിക്കാണുന്നത്. ഇടയ്ക്ക് പ്രതീക്ഷ പകരുന്ന ഒരു വാർത്തവരും. ബിഎസ്എൻഎൽ 4ജിയിലേക്ക് ഒരു ചുവടുകൂടി അടുത്തു എന്ന്. എന്നാൽ ഒരു നടപടി കഴിഞ്ഞ് അടുത്ത നടപടി വരാൻ പിന്നെയും ഏറെ സമയമെടുക്കും.

അതിനാൽ നടന്നിട്ടും നടന്നിട്ടും 4ജി എന്ന ലക്ഷ്യത്തിലേക്ക് ഇപ്പോഴും ബിഎസ്എൻഎല്ലിന് എത്താനായിട്ടില്ല. സർക്കാർ കാര്യം മുറപോലെ എന്നതാകാം ഇതിനു കാരണം. എന്തായാലും ഒച്ചിഴയുന്ന വേഗത്തിലായാലും നടപടികൾ പുരോഗമിക്കുന്നുണ്ട് എന്നത് ചെറിയ പ്രതീക്ഷ പകരുന്നുണ്ട്. 4ജി നടപടികളിലേക്ക് ഇപ്പോൾ ബിഎസ്എൻഎൽ ഒരു ചുവടുകൂടി അടുത്തിരിക്കുകയാണ്.
ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിന്റെ റോളൗട്ടിനായി 1 ലക്ഷം സൈറ്റുകൾ വിന്യസിക്കുന്നതിന് മന്ത്രിമാരുടെ സംഘം (GoM) ഒടുവിൽ പച്ചക്കൊടി കാണിച്ചു. ഒരുലക്ഷം 4ജി സൈറ്റുകളിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ(TCS) ഉപകരണങ്ങളുമായി മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലിന് ഈ വർഷം ഫെബ്രുവരിയിൽ ബോർഡിന്റെ അനുമതി ലഭിച്ചു.

എന്നാൽ പർച്ചേസ് ഓർഡർ നൽകുന്നതിന് മുമ്പ് വേറെയും നിരവധി കടമ്പകൾ ബിഎസ്എൻഎല്ലിന് പിന്നിടേണ്ടതുണ്ടായിരുന്നു. ബിഎസ്എൻഎൽ എടുത്തിരിക്കുന്ന തീരുമാനം ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ (DoT) അറിയിക്കുക എന്നതായിരുന്നു തുടർന്നുള്ള ആദ്യ കടമ്പ. തുടർന്ന് ഉപകരണങ്ങൾക്കായി ടിസിഎസിന് പർച്ചേസ് ഓർഡർ നൽകാനുള്ള ക്ലിയറൻസിനായി ടെലിക്കോം വകുപ്പ് മന്ത്രിമാരുടെ ഗ്രൂപ്പിനെ (ജിഒഎം) സമീപിച്ച് അനുമതി തേടുക എന്നതായിരുന്നു അടുത്തഘട്ടം.
ബോർഡ് അനുമതി ലഭിച്ച് ഏതാണ്ട് മൂന്നുമാസം സമയമെടുത്താണ് ഈ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ബോർഡ് അംഗീകരിച്ച തീരുമാനത്തിന് മാർച്ചിൽ മന്ത്രിമാരുടെ സംഘത്തിന്റെ അനുമതി നേടിയെടുക്കാൻ സാധിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ നാല് മാസങ്ങൾക്കിപ്പുറം മേയിലാണ് ഈ അനുമതി നേടിയിരിക്കുന്നത്. എന്തായാലും ഇനിയെങ്കിലും 4ജി വ്യാപനത്തിന്റെ വേഗം കൂടുമെന്നാണ് സാധാരണക്കാർ പ്രതീക്ഷിക്കുന്നത്.
ബിഎസ്എൻഎല്ലുമായുള്ള കരാർ പ്രകാരം ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് ഒരു ലക്ഷം സൈറ്റുകൾക്കുള്ള 4ജി ഉപകരണങ്ങൾ ബിഎസ്എൻഎല്ലിന് നൽകും. ഏതാണ്ട് 24,556.37 കോടി രൂപയുടെ കരാർ ആണ് ഇതിനായി നൽകിയിരിക്കുന്നത്. കരാർ പ്രകാരം അടുത്ത 10 വർഷത്തേക്ക് ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ ടിസിഎസ് സഹായിക്കും.
ഏകദേശം 13,000 കോടി രൂപ വരുന്ന നെറ്റ്‌വർക്ക് ഗിയർ ചെലവും തേർഡ്പാർട്ടി ബന്ധപ്പെട്ട ചെലവുകളും 10 വർഷത്തെ വാർഷിക മെയിന്റനൻസും (AMC) ഈ കരാറിൽകണക്കിൽ ഉൾപ്പെടുന്നു. കരാറിന്റെ നിബന്ധനകൾ പ്രകാരം, പർച്ചേസ് ഓർഡർ (പിഒ) ലഭിച്ച് ഒരു വർഷത്തിനുള്ളിൽ പ്രധാന ഉപകരണങ്ങൾ വിതരണം ചെയ്യാൻ ടിസിഎസ് ലക്ഷ്യമിടുന്നു.

മറുവശത്ത്, റേഡിയോ ഉപകരണങ്ങളുടെ വിതരണം 18- 24 മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഘട്ടം ഘട്ടമായുള്ള മുന്നേറ്റം കാര്യക്ഷമമായ 4ജി സേവനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്കിനായുള്ള തദ്ദേശീയ ടെലികോം സ്റ്റാക്ക് സജ്ജീകരണം കഴിഞ്ഞ വർഷം കർശനമായ പരിശോധനയ്ക്ക് വിധേയമായി, ഒരേസമയം 10 ദശലക്ഷം ഫോൺ കോളുകൾ വിജയകരമായി കൈകാര്യം ചെയ്ത് കരുത്ത് തെളിയിച്ചിരുന്നു.
കുറച്ച് വൈകിയിട്ടാണെങ്കിലും 1 ലക്ഷം സൈറ്റുകളിൽ 4ജി വിന്യസിക്കാൻ ജിഒഎം അംഗീകാരം ലഭച്ചതോടെ സുപ്രധാനമായൊരു നാഴികക്കല്ലാണ് ബിഎസ്എൻഎൽ പിന്നിട്ടിരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സൈറ്റുകളിൽ വരും മാസങ്ങളിൽ 4ജി ലഭിച്ചു തുടങ്ങുമെന്നാണു സൂചന. എന്നാൽ ആദ്യഘട്ട 4ജി സൈറ്റുകളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.


Click it and Unblock the Notifications








