BSNL 'കണക്ക്' പറയുന്നു! ഒരുലക്ഷം 4G ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ഇനി 16000 ടവറുകളുടെ ദൂരം മാത്രം
സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ എപ്പോൾ തങ്ങൾക്ക് 5ജി സേവനം ലഭ്യമാക്കും, ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നിങ്ങനെയുള്ള ആശങ്കൾ ഏതെങ്കിലും ബിഎസ്എൻഎൽ വരിക്കാർക്ക് ഉണ്ട് എങ്കിൽ കേട്ടുകൊള്ളൂ, അധികം വൈകാതെ ബിഎസ്എൻഎൽ 5ജി സേവനങ്ങൾക്കും രാജ്യത്ത് തുടക്കമാകും. കാരണം ലക്ഷ്യമിട്ട ഒരു ലക്ഷം 4ജി ടവറുകൾ എന്ന മാന്ത്രിക സംഖ്യയിലേക്ക് ബിഎസ്എൻഎൽ കുറച്ചുകൂടി അടുത്തിരിക്കുന്നു. ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയത്. ഈ 4ജി വ്യാപനം പൂർത്തിയാകുന്നതിന് പിന്നാലെ 5ജി അവതരിപ്പിക്കും എന്നാണ് ബിഎസ്എൻഎൽ പറഞ്ഞിരുന്നത്.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നു. 4ജി ലഭ്യമായ ബിഎസ്എൻഎൽ ടവറുകളുടെ എണ്ണം 84000 പിന്നിട്ടിരിക്കുന്ന എന്നതാണ് അത്. അതായത് ഇനി 16000 ടവറുകൾ കൂടി സ്ഥാപിച്ചുകഴിഞ്ഞാൽ ലക്ഷ്യമിട്ട 1 ലക്ഷം 4ജി ടവറുകൾ എന്ന നേട്ടം ബിഎസ്എൻഎൽ കൈവരിക്കും.

ഇപ്പോൾ 84000 ടവറുകൾ പ്രവർത്തന സജ്ജമാകുക മാത്രമല്ല, ഇനി അവശേഷിക്കുന്നതിൽ നല്ലൊരു ശതമാനം ടവറുകളും ഇൻസ്റ്റാളേഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവയുടെ കമ്മിഷനിങ്ങും മറ്റുമാണ് ഇനി അവശേഷിക്കുന്നത്. അതിനാൽ അധികം വൈകാതെ, 85000 4ജി ടവറുകൾ, 90000 4ജി ടവറുകൾ, 95000 4ജി ടവറുകൾ എന്നിങ്ങനെ പടിപടിയായി ടവറുകൾ പൂർത്തീകരിച്ച് ഒരു ലക്ഷം 4ജി ടവറുകൾ എന്ന നേടത്തിലേക്ക് ബിഎസ്എൻഎൽ പതിയെ അടുത്തുകൊണ്ടിരിക്കുന്നു.
ഒരുലക്ഷം 4ജി ടവറുകൾ ഇന്ത്യയിലെ 90 ലക്ഷത്തിലധികം വരുന്ന ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകുകയില്ല. പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ഇപ്പോൾ ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ മുന്നിട്ടിറങ്ങേണ്ടിവരും.

കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാനുള്ളതിന്റെ കരാറും തങ്ങൾക്ക് തന്നെ ബിഎസ്എൻഎൽ നൽകും എന്നാണ് ടിസിഎസ് നേരത്തെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയും ഡിവൈസുകളും ഉപയോഗിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത്. അതേരീതിയിൽ 5ജി ടെക്നോളജിയും വിജയകരമായി വികസിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ പരീക്ഷണ വ്യാപനത്തിനായി ഡൽഹിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
2025 ജൂൺ മാസത്തോടുകൂടി ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കും എന്നാണ് നേരത്തെയുള്ള കണക്കുകൂട്ടൽ. ഇത് അൽപ്പം നീണ്ടുപോയാലും ഇനി 16000 ടവറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ ജൂലൈയോടെയെങ്കിലും പൂർത്തീകരിക്കാനാകും. മിക്കവാറും ജൂലൈ മുതൽ തന്നെ, അല്ലെങ്കിൽ ഓഗസ്റ്റോടുകൂടി 5ജി വ്യാപനത്തിനും ബിഎസ്എൻഎൽ തുടക്കമിടും എന്നാണ് ടെലിക്കോം മന്ത്രാലയവും ബിഎസ്എൻഎൽ അധികൃതരും മുൻപ് പറഞ്ഞതിൽ നിന്ന് മനസിലാക്കാനാകുന്നത്.
ടെലിക്കോം വകുപ്പിന്റെ (DoT) അപ്‌ഡേറ്റ് അനുസരിച്ച്, ബിഎസ്എൻഎല്ലിന്റെ 4G വ്യാപനത്തിന്റെ 83.99% ഇതിനകം പൂർത്തിയായി. അതിനാൽ 2025 ജൂണിൽ തന്നെ ബിഎസ്‌എൻഎൽ 5G നെറ്റ്‌വർക്ക് ആരംഭിക്കാൻ തയാറായാലും അദ്ഭുതപ്പെടാനില്ല. 5ജി സേവനങ്ങൾ എത്രയും വേഗം ആരംഭിക്കണം എന്നത് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിന്റെ കൂടി ആവശ്യമാണ്.

ഇന്ത്യൻ ടെലിക്കോം രംഗത്ത് ആധിപത്യം പുലർത്തുന്നത് ജിയോയും എയർടെലും ആണെങ്കിലും ബിഎസ്എൻഎല്ലിന് ഇപ്പോഴും മുന്നിലേക്ക് കുതിച്ചെത്താൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. കുറഞ്ഞ വിലയിലുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ആണ് ബിഎസ്എൻഎല്ലിന്റെ കരുത്ത്. ഇതോടൊപ്പം 5ജി കൂടി അവതരിപ്പിക്കാനും എല്ലായിടത്തും വ്യാപിപ്പിക്കാനും കഴിഞ്ഞാൽ ജിയോയ്ക്കും എയർടെലിനും കനത്ത വെല്ലുവിളിയായി ബിഎസ്എൻഎൽ മാറും.


Click it and Unblock the Notifications








