ബിഎസ്എൻഎൽ 4ജി വിഐപികളെ പോലെ, വരാൻ അൽപ്പം വൈകിയാലും വന്നാൽ പിന്നെ മെയിൻ ആണ്!
2024 ബിഎസ്എൻഎല്ലിനെ (BSNL) സംബന്ധിച്ചിടത്തോളം ഒട്ടേറെ നിർണായകമായ മുന്നേറ്റങ്ങൾ നടന്ന വർഷമാണ്. ഏറെക്കാലമായി ബിഎസ്എൻഎൽ വരിക്കാർ ആഗ്രഹിച്ച 4ജി വ്യാപനത്തിൽ കാര്യമായ പുരോഗതി നേടാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞത് ഈ വർഷമാണ്. മാത്രമല്ല, ജൂലൈയിൽ സ്വകാര്യ കമ്പനികൾ നടത്തിയ നിരക്ക് വർധനയുടെ ഫലമായി അപ്രതീക്ഷിത നേട്ടവും ബിഎസ്എൻഎല്ലിനെ തേടി എത്തി. ജൂലൈയ്ക്ക് മുൻപ് വരെ ആളുകൾ കൊഴിഞ്ഞുപോകുന്നതിന്റെ കണക്ക് പറഞ്ഞുകൊണ്ടിരുന്ന ബിഎസ്എൻഎല്ലിന് കുറച്ച് വർഷങ്ങൾക്കിടയിൽ ഇതാദ്യമായി മറ്റ് കമ്പനികളെ പിന്നിലാക്കി കൂടുതൽ വരിക്കാരെ സ്വന്തമാക്കി എന്ന് പറയാൻ കഴിഞ്ഞു.
ജൂലൈയിൽ മാത്രമല്ല, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിലും ബിഎസ്എൻഎല്ലിലേക്ക് മറ്റ് കമ്പനികളിലേക്ക് വന്നതിനെക്കാൾ കൂടുതൽ വരിക്കാർ എത്തി. അതിന് നന്ദി പറയേണ്ടത് സ്വകാര്യ കമ്പനികളോടും കൂടിയാണ്. കാരണം അവർ നിരക്കുകൾ വർധിപ്പിച്ചതിൽ ആളുകൾക്കുണ്ടായ പ്രതിഷേധമാണ് ബിഎസ്എൻഎല്ലിന് ഗുണം ചെയ്തത്. 4ജി വ്യാപനത്തിലെ മുന്നേറ്റം ആളുകളിൽ വിശ്വാസം ജനിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.

യഥാർഥത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഏറെ വൈകിയാണ് ആരംഭിച്ചത്. തദ്ദേശീയമായ സാങ്കേതിക വിദ്യകൾ മാത്രം ഉപയോഗിച്ചുകൊണ്ട് 4ജി വ്യാപനം നടത്തിയാൽ മതി എന്ന സർക്കാർ തീരുമാനം ബിഎസ്എൻഎല്ലിന്റെ 4G വ്യാപനം വൈകിപ്പിക്കാൻ ഒരു പ്രധാന കാരണമാണ്. കാരണം സർക്കാർ ഇങ്ങനെ പറയുന്ന സമയത്ത് ഇവിടെ അത്തരം ഒരു ടെക്നോളജി നിലവിലുണ്ടായിരുന്നില്ല.
പിന്നീട് തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിച്ച് വന്നപ്പോഴേക്കും ഉണ്ടായ കാലതാമസം 4ജി വ്യാപനം വൈകുന്നതിനും കാരണമാകുകയായിരുന്നു. എന്നാൽ 4ജി വ്യാപനം ആരംഭിച്ച ശേഷം അതിവേഗം കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. ഇതിനകം 50000 ബിഎസ്എൻഎൽ ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തു. അതിൽ 41000 ടവറുകളിലധികം പ്രവർത്തിക്കുന്നുണ്ട്.

ബിഎസ്എൻഎൽ 4ജി വിഐപികളെപ്പോലെയാണ് എന്ന് പറയാം. പരിപാടി നിശ്ചയിച്ച സമയത്ത് എത്തിയെന്ന് വരില്ല, പക്ഷേ വന്നുകഴിഞ്ഞാൽ ആളുകൾക്ക് വലിയ സന്തോഷമാണ്. ബിഎസ്എൻഎൽ 4ജിയുടെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെ. കഴിഞ്ഞ വർഷം ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. പക്ഷേ ഈ വർഷം 4ജി വ്യാപനം കാര്യമായി നടന്നു. അതോടെ നിരവധി പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിച്ചുതുടങ്ങി.
ജിയോയും എയർടെലും വിഐയും ഇന്ത്യൻ ടെലിക്കോം മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അതേപോലെ ബിഎസ്എൻഎല്ലും പ്രധാനമാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ കടന്നുചെല്ലാൻ മടിക്കുന്ന ഗ്രാമങ്ങളിലേക്കും കടന്നുചെന്ന് അവിടങ്ങളിൽ 4ജി സ്ഥാപിക്കാൻ ബിഎസ്എൻഎൽ തയാറായി. ഇത് ഡിജിറ്റൽ ലോകത്തേക്ക് ആ ഗ്രാമങ്ങൾക്ക് വാതിൽ തുറന്നു. അങ്ങനെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിനായി ബിഎസ്എൻഎല്ലും വലിയ സംഭാവന തന്നെ നൽകുന്നു.
സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് തങ്ങളുടെ സിം ആക്ടീവായി നിലനിർത്താൻ നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ 4ജി സേവനം ആസ്വദിക്കാൻ സാധിക്കുന്നു. അതിനാൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിലൂടെയും ബിഎസ്എൻഎൽ ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിൽ ഒരു പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയാം.

അടുത്തകാലത്തായി കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അത് പോര, ഭാവിയിൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കണമെങ്കിൽ ബിഎസ്എൻഎൽ കൂടുതൽ പ്രദേശങ്ങളിൽ 4ജി ലഭ്യമാക്കുകയും അതിവേഗം 5ജിയിലേക്ക് മാറുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്ത് 4G, 5G സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയും പിന്തുണയും സ്പെക്‌ട്രവും ഇപ്പോൾ ബിഎസ്എൻഎല്ലിനുണ്ട്.
സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് താൽപ്പര്യമില്ലാത്ത ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയും. നേരത്തെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF) എന്നറിയപ്പെട്ടിരുന്ന ഡിജിറ്റൽ ഭാരത് നിധി (DBN) ഉപയോഗിച്ചുകൊണ്ട് ഗ്രാമങ്ങളിൽ 4ജി എത്തിക്കാനും ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നുണ്ട്. അതേസമയം മുൻപ് അധികം താൽപര്യം കാണിക്കാതിരുന്ന ഗ്രാമങ്ങൾ അടക്കമുള്ള പ്രദേശങ്ങളിലേക്ക് സേവനങ്ങൾ അവതരിപ്പിക്കാൻ ജിയോയും എയർടെലും ഇപ്പോൾ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇത് മത്സരം കടുപ്പമാക്കും.
4ജി ലഭ്യമായിടത്തോളം പ്രദേശങ്ങളിൽ ബിഎസ്എൻഎൽ സേവനങ്ങളെപ്പറ്റി മതിപ്പാണ്. അടുത്ത വർഷം ജൂണോടുകൂടി 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയും എന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. അതോടെ കൂടുതൽ ആളുകളിലേക്ക് അതിവേഗ ടെലിക്കോം സേവനങ്ങൾ എത്തിപ്പെടുകയും ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച കൂടുതൽ പുരോഗതി പ്രാപിക്കുകയും ചെയ്യും.


Click it and Unblock the Notifications