ടെലിക്കോം പുലിയാകാൻ 'സിംഹഭാഗം' നേടി ബിഎസ്എൻഎൽ! ഉന്തിനൊപ്പം ഒരു തള്ളും, 4G ശ്ർർർർന്ന് ഇങ്ങ് വരും
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് ഇപ്പോൾ ചർച്ചകൾ മുഴുവൻ പ്രധാനമായും ബിഎസ്എൻഎല്ലിനെ (BSNL) കേന്ദ്രീകരിച്ചാണ്. അടുത്ത കാലം വരെ കുറഞ്ഞ നിരക്കിൽ എത്ര മികച്ച പ്ലാനുകൾ അവതരിപ്പിച്ചാലും ബിഎസ്എൻഎല്ലിനെ കണ്ടില്ലെന്ന് നടിച്ചവർ ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ പ്ലാനുകളുടെ മാഹാത്മ്യം വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. 4ജി (4G) എപ്പോഴെത്തും എന്ന് കണക്കുകൂട്ടലുകൾ നടത്തുന്നു. രക്ഷപ്പെടാനുള്ള ബിഎസ്എൻഎല്ലിന്റെ പരിശ്രമങ്ങളെ വിലയിരുത്തുന്നു. ഈ നിലയിലേക്ക് ബിഎസ്എൻഎല്ലിനെ ഉയർത്തിക്കൊണ്ടുവന്നത് യഥാർഥത്തിൽ ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നവരല്ല. മറിച്ച് ബിഎസ്എൻഎല്ലിന്റെ ശത്രുക്കളാണ്. അതയാത് ടെലിക്കോം മേഖലയിൽ ബിഎസ്എൻഎല്ലിന്റെ എതിരാളികളായുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ.
സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകളിലേക്ക് പലരുടെയും കണ്ണ് തുറപ്പിച്ചത്. അതിന് പിന്നാലെ പല കോണുകളിൽ നിന്നും ബിഎസ്എൻഎല്ലിന് പിന്തുണകൾ ഉയർന്നുവന്നു. ഈ പിന്തുണ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ വരെ എത്തിനിൽക്കുന്നു. ടെലിക്കോം മേഖലയ്ക്കായി സർക്കാർ നീക്കിവച്ചിരിക്കുന്ന 1.28 ലക്ഷം കോടി രൂപയിൽ 82,916 കോടി രൂപ, അതായത് സിംഹഭാഗവും ലഭിക്കുക ബിഎസ്എൻഎല്ലിനാണ്.

4ജി വ്യാപനത്തിൽ മുഴുകിയിരിക്കുന്ന ബിഎസ്എൻഎല്ലിന് ചെലവുകൾക്കായി ഫണ്ട് ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുമ്പോൾ തന്നെ, കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ഇപ്പോൾ സേവനങ്ങൾ നൽകുന്നത്. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയതിന് ഒപ്പം ബിഎസ്എൻഎല്ലിനും വേണമെങ്കിൽ നിരക്ക് വർധിപ്പിക്കാമായിരുന്നു. എന്നാൽ പഴയ നിരക്കിൽ തന്നെയാണ് ഇപ്പോഴും ബിഎസ്എൻഎൽ പ്ലാനുകൾ എത്തുന്നത്.
കേന്ദ്രം നൽകുന്ന രക്ഷാ പാക്കേജ് ആണ് ബിഎസ്എൻഎല്ലിന്റെ ആശ്രയം. 4ജി വ്യാപനത്തിനായി ഫണ്ട് കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ ടെലിക്കോം സർക്കിളുകളിൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിൽക്കുന്നത് അടക്കമുള്ള നടപടികളുമായി ബിഎസ്എൻഎൽ മുന്നോട്ട് പോകുകയാണ്. ഇതിനകം ചില ആസ്തികൾ വിറ്റു. ഇനി ചിലത് വിൽക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വരിക്കാരുടെ എണ്ണമെടുത്താൽ ഇന്ത്യയിൽ ഏറ്റവും കുറവ് വരിക്കാരുള്ളത് ബിഎസ്എൻഎല്ലിനാണ്. അതിനാൽ തന്നെ വരുമാനവും വളരെ കുറവാണ്. 4ജി വ്യാപനം നടത്തുന്നതിനൊപ്പം ദൈനംദിന ചെലവുകളും നടക്കണം എന്നതിനാൽ ബിഎസ്എൻഎൽ സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ബജറ്റ് വിഹതത്തിൽ ടെലിക്കോം മേഖലയ്ക്ക് അനുവദിച്ചതിന്റെ സിംഹഭാഗവും ലഭിക്കുന്നത് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന് വേഗത പകരുമെന്ന് കരുതപ്പെടുന്നു.
ബിഎസ്എൻഎല്ലിന് ബജറ്റിൽ നിന്ന് കിട്ടുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ടെക്നോളജി നവീകരണത്തിനും കമ്പനിയുടെ നവീകരണത്തിനും ആണ് ഉപയോഗിക്കുക. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം ബിഎസ്എൻഎല്ലിലേക്ക് ആളുകൾ കൂടുതലായി എത്തുന്നുണ്ട്. നിരക്ക് വർധന നടപ്പിലായ ജൂലൈ മൂന്ന്, നാല് തിയതികൾക്ക് ശേഷം ഏകദേശം രണ്ടര ലക്ഷത്തിലധികം പേർ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് തങ്ങളുടെ പഴയ കമ്പനി ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തി.
സാധാരണയായി ബിഎസ്എൻഎല്ലിൽ നിന്ന് മാസാമാസം ആളുകൾ കൊഴിഞ്ഞുപോകുകയായിരുന്നു പതിവ്. ഇപ്പോൾ കാര്യങ്ങൾ ബിഎസ്എൻഎല്ലിന് അനുകൂലമായ നിലയിലാണ് ഉള്ളത്. ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ബിഎസ്എൻഎല്ലിനായി 4ജി വ്യാപനം നടത്തിവരികയാണ്. എന്നാൽ വളരെ സാവധാനത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ടെലിക്കോം മന്ത്രാലയം നടത്തുന്നുണ്ട്.

പ്രതീക്ഷിച്ചതിലും സാവധാനത്തിലുള്ള ബിഎസ്എൻഎൽ 4ജി വ്യാപനം കൂടുതൽ കാര്യക്ഷമമാക്കാൻ ടെലിക്കോം മന്ത്രാലയം ഒരു പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് (PMU) രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ മോണിറ്ററിങ് യൂണിറ്റിൽ BSNL, TCS, C-DoT, തേജസ് എന്നിവർ ഉണ്ടാകും. ഈ യൂണിറ്റ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ പുരോഗതി നിരീക്ഷിക്കും.
ഈ പിഎംയുവിന് ദിവസവും നിർബന്ധമായും കൈവരിക്കേണ്ട ലക്ഷ്യങ്ങൾ നൽകും. അവ നടപ്പാകുന്നുണ്ടോ എന്ന് ടെലിക്കോം സെക്രട്ടറിയും മന്ത്രി സിന്ധ്യയും നേരിട്ട് നിരീക്ഷിക്കും. ഇത് കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ഉന്തിനാപ്പം ഒരു തള്ളും എന്ന് പറഞ്ഞ പോലെ ഫണ്ടിന് ഫണ്ടും അധികൃതരുടെ മേൽനോട്ടവുമൊക്കെയായി ആകെക്കൂടി നന്നാകാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. കാര്യങ്ങൾ ശരിയായി നടന്നാൽ ബിഎസ്എൻഎൽ 4ജി ശ്ർർർർന്ന് ഇങ്ങ് എത്തും.


Click it and Unblock the Notifications








