ആരുമില്ലാതിരുന്ന 'അവർക്ക്' ബിഎസ്എൻഎൽ 'കടവുൾ'! ലാഭമല്ല, ലക്ഷ്യമാണ് ഇവിടെ ജയിച്ചത്
പലർക്കും ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ ഒന്നുമാത്രമാണ് ബിഎസ്എൻഎൽ (BSNL). അതിൽക്കവിഞ്ഞുള്ള പ്രധാന്യം അവർ ബിഎസ്എൻഎല്ലിൽ കാണുന്നില്ല. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയല്ല, ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടിയിരിക്കുന്നു എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ള 5000 ഗ്രാമങ്ങൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ 'കടവുൾ മാതിരി' (ദൈവത്തെപ്പോലെ) ആണ്. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്നാണ് പറയാറ്, ആ നിലയ്ക്ക് നോക്കിയാൽ ബിഎസ്എൻഎൽ ഈ ഗ്രാമങ്ങൾക്ക് കടവുൾ തന്നെയാണ്. എന്തുകൊണ്ടെന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ തിരിഞ്ഞുനോക്കാൻ തയാറാകാത്ത 5000 ഗ്രാമങ്ങളിൽ ഇപ്പോൾ ബിഎസ്എൻഎൽ 4ജി ലഭ്യമായിരിക്കുന്നു.
ബിഎസ്എൻഎൽ ഇപ്പോൾ ഇന്ത്യയിൽ 4ജി വ്യാപനം നടത്തിവരികയാണ് എന്ന് എല്ലാവർക്കുമറിയാം. ഒരു ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാക്കാനുള്ള പദ്ധതി ഇതിനോടകം പാതിദൂരം പിന്നിട്ടിരിക്കുന്നു, അതായത് ഏതാണ്ട് 50000 4ജി ടവറുകൾ ബിഎസ്എൻഎൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു. ഇതിൽ 41000 എണ്ണം പ്രവർത്തനക്ഷമമാണ് എന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നതാണ്.

എന്നാൽ ഈ 4ജി വ്യാപനത്തിനൊപ്പം ബിഎസ്എൻഎൽ മറ്റൊരു കാര്യം കൂടി സമാന്തരമായി ചെയ്തുവരുന്നുണ്ട്. അതായത് ഇതുവരെ യാതൊരുവിധ ടെലിക്കോം സൗകര്യങ്ങളും ലഭ്യമല്ലാത്ത ഗ്രാമങ്ങളും ഇന്ത്യയിൽ ഉണ്ട്. ഇത്തരത്തിൽ ഒരു ടെലിക്കോം സൗകര്യവുമില്ലാതെ ഒറ്റപ്പെട്ടുകിടന്നിരുന്ന 5000 ഗ്രാമങ്ങളിൽ ഇപ്പോൾ ബിഎസ്എൻഎൽ 4ജി എത്തിച്ചിരിക്കുന്നു.
ഈ ദീപാവലി ദിനത്തിൽ 50000 4ജി ടവറുകൾ എന്ന പ്രഖ്യാപനത്തോടൊപ്പം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനവും ബിഎസ്എൻഎൽ നടത്തിയിരുന്നു. ഇതോടെ ഈ 5000 ഗ്രാമങ്ങളിലെ ആളുകൾക്കും ഇനി ഡിജിറ്റൽ സേവനങ്ങളുടെ ലോകത്തേക്ക് കടന്നുവരാൻ സാധിക്കും. ലാഭം ലക്ഷ്യമിട്ടുകൊണ്ടല്ല ബിഎസ്എൻഎൽ ഇത്തരമൊരു പ്രവൃത്തി ചെയ്തിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകാതിരിക്കാനുള്ള കാരണം, അവിടങ്ങളിൽ ടെലിക്കോം സൗകര്യങ്ങൾ സജ്ജമാക്കാൻ മുടക്കുന്ന തുക തിരിച്ചുകിട്ടാൻ സാധ്യതയില്ല എന്ന കമ്പനികളുടെ വിലയിരുത്തലാണ്. ഇങ്ങനെ ലാഭം കിട്ടില്ല എന്ന കാരണത്താൽ പുറന്തള്ളപ്പെട്ട ഗ്രാമങ്ങളിലേക്ക് ലാഭേച്ഛയില്ലാതെ കടന്നുചെല്ലാൻ ബിഎസ്എൻഎല്ലിന് മാത്രമാണ് സാധിക്കുക. കാരണം ബിഎസ്എൻഎൽ ഇന്ത്യയുടെ പൊതു സ്വത്താണ്. ഏതെങ്കിലും മുതലാളിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക മാത്രമല്ല അതിന്റെ ലക്ഷ്യം.
ഡിജിറ്റൽ വിപ്ലവത്തിലേക്ക് ഇന്ത്യ കുതിക്കുമ്പോൾ, എത്ര വിദൂരതയിലുള്ള ഗ്രാമമാണെങ്കിലും ശരി, അവയും ഈ കുതിപ്പിൽ രാജ്യത്തിനൊപ്പം ഉണ്ടാകും എന്ന് ബിഎസ്എൻഎൽ ഉറപ്പാക്കിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ ഉൾപ്പെടെ 4ജി എത്തിക്കുന്ന ബിഎസ്എൻഎൽ 4G സാച്ചുറേഷൻ പ്രോജക്റ്റ് ഇപ്പോൾ ആരോഗ്യകരമായ വേഗത്തിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ജൂലൈയിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായ ഗ്രാമങ്ങളുടെ എണ്ണം വെറും 1000 മാത്രമായിരുന്നു.
എന്നാൽ മൂന്ന് മാസത്തിനിപ്പുറം ഒക്ടോബർ പൂർത്തിയായപ്പോൾ 5000 ഗ്രാമീണ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തി. ഗ്രാമങ്ങളിൽ ടെലിക്കോം സേവനങ്ങൾ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഏകദേശം 24,680 ഗ്രാമങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന 4G സാച്ചുറേഷൻ പ്രോജക്റ്റ് അതിന്റെ ഭാഗമാണ്.

ഡിജിറ്റൽ ഭാരത് നിധി എന്നറിയപ്പെടുന്ന USOF (യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്) ഉപയോഗിച്ചാണ് എല്ലാ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും 4ജി എത്തിക്കാനുള്ള സർക്കാരിന്റെ ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ടിസിഎസ് നേതൃത്വത്തിൽ, തേജസ് നെറ്റ്‌വർക്സ്, C-DoT എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യം നൽകുന്ന തദ്ദേശീയ 4ജി ടെക്നോളജി ഉപയോഗിച്ചാണ് ഈ 4ജി വ്യാപനവും നടന്നുകൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി ഗ്രാമീണരെ മികച്ച വേഗതയോടെ ഡിജിറ്റൽ സേവനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഈ പദ്ധതിക്ക് കഴിഞ്ഞു.


Click it and Unblock the Notifications








