BSNL 5G: ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ കൊല്ലത്തും; ഡൽഹിയിൽ 5G ഈ ആഴ്ച? ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്
ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ആദ്യഘട്ടം ലക്ഷ്യത്തോട് അടുക്കുമ്പോൾ വരിക്കാർക്ക് പ്രധാനമായും ചോദിക്കാനുള്ളത് 5ജി (BSNL 5) എപ്പോൾ ലഭ്യമാകും എന്നതായിരുന്നു. അത് സംബന്ധിച്ച ചില പ്രധാന വിവരങ്ങൾ ഇപ്പോൾ ബിസിനസ് സ്റ്റാന്റേഡ് പോലുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ അവസാനത്തോടെയേ വ്യക്തമാകൂ എന്നാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇവരുടെ റിപ്പോർട്ടുകൾ പറഞ്ഞിരിക്കുന്നത്. 4G വ്യാപനത്തിന്റെ തുടക്കത്തിൽ നടത്തിയതുപോലെ സർക്കിൾ തിരിച്ചുള്ള ലോഞ്ച് അനുകരിച്ച് 5ജിയും അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.
അതേസമയം, നെറ്റ്‌വർക്ക്- ആസ്- എ- സർവീസ് (NaaS) മോഡൽ ഉപയോഗിച്ച് ഡൽഹിയിൽ 5G സേവനം ഈ ആഴ്ച ആദ്യം അവതരിപ്പിക്കുമെന്ന് ബിഎസ്‌എൻഎല്ലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവി പറഞ്ഞു. (നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) എന്നത് ഒരു ക്ലൗഡ് സേവന മാതൃകയാണ്, അതിൽ ഉപഭോക്താക്കൾ ക്ലൗഡ് ദാതാക്കളിൽ നിന്ന് നെറ്റ്‌വർക്കിംഗ് സേവനങ്ങൾ വാടകയ്‌ക്കെടുക്കുന്നു).

ബിഎസ്എൻഎല്ലിന്റെ യഥാർഥ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള 5ജി വ്യാപനം സെപ്റ്റംബറോടെയേ ആരംഭിക്കാനാകൂ. ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായ ശേഷം അവയുടെ പ്രവർത്തനം വിലയിരുത്തുന്നതും മറ്റും ഇതിൽ പ്രധാനമാണ്. നിലവിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന 4ജി ടവറുകൾക്ക് ബിഎസ്എൻഎൽ 5ജി വ്യാപനത്തിലും നിർണായക പങ്ക് ഉണ്ടാകും. 4ജി വ്യാപനത്തിന്റെ ഭാഗമായി മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും സ്ഥാപിച്ച പുതിയ 4G സൈറ്റുകളിൽ 5G സാങ്കേതികവിദ്യയുടെ പരീക്ഷണം ബിഎസ്എൻഎൽ പൂർത്തിയാക്കിയതായി റിപ്പോർട്ട് പറയുന്നു.
കൊൽക്കത്ത, പട്‌ന, ഹൈദരാബാദ്, ചെന്നൈ, ജയ്പൂർ, ലഖ്‌നൗ, ചണ്ഡീഗഢ്, ഭോപ്പാൽ എന്നിവയുൾപ്പെടെ മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും ബിഎസ്എൻഎൽ 5G സൈറ്റുകൾ സജീവമാക്കിയിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും പുതിയ 4ജി സൈറ്റുകളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ബിഎസ് റിപ്പോർട്ട് പറയുന്നു. ആദ്യം ഇപ്പോൾ സ്ഥാപിച്ച 4ജി ടവറുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

നിലവിൽ സ്ഥാപിച്ച പുതിയ 4ജി ടവറുകൾ ശരിയായി പ്രവർത്തിക്കുകയും സേവന ഗുണനിലവാരം പുലർത്തുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം ഈ പറഞ്ഞ സംസ്ഥാന തലസ്ഥാനങ്ങളിലെ സർക്കികളുകളിലുടനീളം ഘട്ടം ഘട്ടമായി 5ജി വ്യാപിപ്പിക്കാനാണ് നീക്കം. മെട്രോ നഗരങ്ങളിൽ നടത്തിയ സർക്കിൾ തിരിച്ചുള്ള 4ജി ലോഞ്ച് അനുകരിച്ച് 5ജി വ്യാപനം നടത്താനാണ് പ്ലാൻ.
ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മൂന്ന് മാസം ബാക്കിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഇപ്പൊഴേ സജീവമാണ്. ബിഎസ്‌എൻഎല്ലിന് ശക്തമായ സാന്നിധ്യമുള്ള ടെലികോം സർക്കിളുകളിൽ പുതിയ സാങ്കേതികവിദ്യയ്‌ക്കായുള്ള നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ഇതിനകം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. കേരളം ബിഎസ്എൻഎല്ലിന്റെ പ്രധാന സർക്കിളുകളിലൊന്നാണ്.
അതിനാൽ 5ജി ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഒരുക്കങ്ങൾ ബിഎസ്എൻഎൽ കേരളത്തിലും നടത്തുന്നുണ്ട്. കാൺപൂർ, പൂനെ, വിജയവാഡ, കോയമ്പത്തൂർ, കൊല്ലം എന്നിങ്ങനെ രാജ്യത്തുടനീളമുള്ള പല നഗരങ്ങളിലും ബിഎസ്എൻഎൽ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (ബിടിഎസ്) പുറത്തിറക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഒരു മൊബൈൽ നെറ്റ്‌വർക്കിലെ ഒരു ഫിക്സഡ് റേഡിയോ ട്രാൻസ്‌സിവറാണ് ബിടിഎസ്, മിക്കപ്പോഴും ഇത് ഒരു ടവറിന്റെ രൂപത്തിലായിരിക്കും.

5ജി സേവനങ്ങൾ ആരംഭിക്കാൻ വൈകുന്നത് ബിഎസ്എൻഎല്ലിനും വിഐക്കും തിരിച്ചടിയാകുന്നുണ്ട് എന്ന് ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രായി പ്രതിമാസ റിപ്പോർട്ടിലും കാണാനാകും. 2025 മേയ് മാസത്തെ ട്രായിയുടെ ടെലിക്കോം സബ്‌സ്‌ക്രിപ്‌ഷൻ കണക്കുകൾ പ്രകാരം ജിയോ 2,700,066 വരിക്കാരെയും എയർടെൽ 275,621 വരിക്കാരെയും പുതിയതായി സ്വന്തമാക്കി. മറുഭാഗത്ത് ബിഎസ്എൻഎല്ലിന് 135,654 വരിക്കാരെയും വിഐക്ക് 274,103 വരിക്കാരെയും നഷ്ടമായിട്ടുണ്ട്. ഈ കൊഴിഞ്ഞ്പോക്കിന് തടയിടണമെങ്കിൽ രാജ്യവ്യാപക 5ജി വ്യാപനം ഇരുകമ്പനികൾക്കും അനിവാര്യമാണ്.


Click it and Unblock the Notifications