ബിഎസ്എൻഎൽ 5G ഇന്റർനെറ്റ് ലീസ്ഡ് ലൈൻ: ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷൻസിനെ എംപാനൽ ചെയ്തു
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അത്യാധുനിക 5G ഇന്റർനെറ്റ് ലീസ്ഡ് ലൈൻ (ഐഎൽഎൽ) സേവനങ്ങൾ നൽകുന്നതിനായി ദേശീയ തലത്തിൽ ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷൻസ് ലിമിറ്റഡിനെ (BCSSL) എംപാനൽ ചെയ്തു. ഇത് കൂടാതെ ആന്ധ്രാപ്രദേശ് സർക്കിളിനുള്ള 5G ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) സിസ്റ്റം ഇന്റഗ്രേറ്ററായും BCSSL -നെ തെരഞ്ഞെടുത്തു. അഞ്ച് വർഷത്തേക്ക് ആണ് ഈ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 5ജി അടിസ്ഥാനമാക്കിയുള്ള ഫിക്സഡ് വയർലെസ് സേവനങ്ങളിൽ (FWA) ജിയോയുടെയും എയർടെലിന്റെയും ആധിപത്യം പൂർണ്ണമാകും മുമ്പ് തങ്ങളുടെ ഇടംപിടിക്കാനാണ് ഈ നീക്കത്തിലൂടെ ബിഎസ്എൻഎൽ തയാറെടുത്തിരിക്കുന്നത്.
ബിഎസ്എൻഎല്ലുമായുള്ള കരാർ പ്രകാരം, ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷൻസ് ആവശ്യമായ 5G RAN, എഡ്ജ് കോർ, സിപിഇ (കസ്റ്റമർ പ്രിമൈസസ് എക്യുപ്മെന്റ്), റേഡിയോ ആക്സസ് ഉപകരണങ്ങൾ (RAN) എന്നിവ വിതരണം ചെയ്യുകയും രൂപകൽപ്പന ചെയ്യുകയും വിന്യസിക്കുകയും പരിപാലിക്കുകയും ചെയ്യും. അഞ്ച് വർഷത്തേക്ക് ആണ് ഈ കരാറിന് വാലിഡിറ്റിയുള്ളത്.

ബിഎസ്എൻഎല്ലിന്റെ പേരിലാണ് 5ജി എഫ്ഡബ്ലുഎ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എങ്കിലും ഇതിനായി കരാറിൽ പറഞ്ഞ വിധത്തിൽ പ്രവർത്തിക്കുക BCSSL ആണ്. ബിഎസ്എൻഎൽ ബില്ലിംഗ് കൈകാര്യം ചെയ്യുകയും ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ ശേഖരിക്കുകയും ചെയ്യും. തുടർന്ന് 70:30 എന്ന അനുപാതത്തിൽ ബിസിഎസ്എസും ബിഎസ്എൻഎല്ലും വരുമാനം പങ്കിടും.
5G FWA ഇന്റഗ്രേഷൻ സൊല്യൂഷനുകളുടെ പെർഫോമൻസ് നിറവേറ്റുന്നതിനായി മിണ്ടി, വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ ഫസ്റ്റ് പ്രൂഫ്-ഓഫ്-കൺസെപ്റ്റ്സ് (PoC) ആരംഭിച്ചതായും 2025 നവംബർ ആദ്യവാരം സേവന പരീക്ഷണങ്ങൾ ആരംഭിക്കുമെന്നും BCSSL ഫയലിംഗിൽ പറഞ്ഞു. ബിഎസ്എൻഎല്ലുമായി ചേർന്നുകൊണ്ട് ഇന്ത്യയുടെ 5ജി വിപ്ലവത്തെ നയിക്കുക മാത്രമല്ല, വ്യവസായങ്ങളും സംരംഭങ്ങൾ മുതൽ ഗ്രാമീണ വിഭാഗങ്ങൾ വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന സേവനങ്ങൾ നൽകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് BCSSL ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.

കരാറിന്റെ ഭാഗമായി 5ജി എഫ്ഡബ്ലുഎ സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി ബിഎസ്എൻഎൽ തങ്ങളുടെ മൊബൈൽ ടവറുകളിൽ സ്ഥലം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ, ബാക്ക്ഹോൾ ഐപി കണക്റ്റിവിറ്റി, സ്പെക്ട്രം, ILL ബാൻഡ്‌വിഡ്ത്ത് എന്നിവ നൽകും. മറ്റ് കാര്യങ്ങളെല്ലാം BCSSL നോക്കും. അതായത് ഡിവൈസുകൾ സ്ഥാപിക്കുന്നതിനും കമ്മീഷൻ ചെയ്യുന്നതിനും എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് 5G FWA സേവനങ്ങൾ സജീവമായി ലഭ്യമാക്കുന്നതിനുമുള്ള ഉത്തരവാദിത്തം ബ്ലൂ ക്ലൗഡിനാണ്.
ഇന്ത്യയിൽ 5ജി FWA സേവനങ്ങൾ ശക്തമായി വരികയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും മറ്റ് പല കാരണങ്ങളാലും ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകാത്ത പ്രദേശങ്ങൾ ഏറെയുണ്ട്. അവിടങ്ങളിൽ ഉൾപ്പെടെ അതിവേഗം ഇന്റർനെറ്റ് ലഭ്യമാക്കാൻ ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങൾക്ക് സാധിക്കും. ജിയോഎയർഫൈബർ, എയർടെൽ എയർഫൈബർ എന്നീ 5G FWA സേവനങ്ങൾ ഇതിനകം സേവനങ്ങൾ ആരംഭിക്കുകും നിരവധി വരിക്കാരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
5G FWA സേവനങ്ങൾ നിലവിൽ ബിഎസ്എൻഎൽ ആന്ധ്രപ്രദേശ് സർക്കിളിലാണ് ആരംഭിച്ചിരിക്കുന്നത്. എന്റർപ്രൈസ് വിഭാഗത്തെയാണ് ഈ സേവനത്തിലൂടെ ബിഎസ്എൻഎൽ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. എന്റർപ്രൈസുകൾ പലപ്പോഴും ലീസ്ഡ് ലൈൻ സേവനങ്ങളോ ഫൈബർ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കോ ആണ് ഇഷ്ടപ്പെടുന്നത്, എന്നാൽ രണ്ടും സാധ്യമല്ലാത്ത മേഖലകളിൽ, എഫ്‌ഡബ്ല്യുഎയ്ക്ക് ഒരു ഗെയിം ചേഞ്ചർ ആകാൻ 5G FWA സേവനങ്ങൾക്ക് കഴിയും.

ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. അതേസമയം മൊബൈൽ ഉപയോക്താക്കൾക്കായുള്ള ബിഎസ്എൻഎല്ലിന്റെ 5ജി സേവനങ്ങളുടെ ആരംഭം ഈ വർഷം ഡിസംബറിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് ബിഎസ്എൻഎൽ 5ജി ആദ്യം എത്തുക. അതിന് ശേഷം മറ്റ് സർക്കിളുകളിലേക്കും 5ജി വ്യാപിപ്പിക്കും.


Click it and Unblock the Notifications








