ഇത് ചെറിയ സാമ്പിൾ മാത്രം, മെയിൻ പിന്നാലെ വരുന്നുണ്ട്; ആവേശമായി BSNL 5G FWA ഡിവൈസും സേവനവും
തങ്ങളുടെ 5G സേവനങ്ങൾക്ക് Q-5G അഥവാ ക്വാണ്ടം 5ജി എന്ന് പേര് നൽകിയതിന് പിന്നാലെ തന്നെ മറ്റൊരു മികച്ച നീക്കവും ബിഎസ്എൻഎൽ (BSNL) നടത്തിയിരിക്കുന്നു. ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) സേവനങ്ങൾക്കായി ബിഎസ്എൻഎൽ ഒരു 5ജി ഡിവൈസ് പുറത്തിറക്കിയിരിക്കുന്നു എന്നതാണ് അത്. ബിഎസ്എൻഎൽ 5ജി FWA ഡിവൈസിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നു. നിലവിൽ ജിയോയും എയർടെലും മാത്രമാണ് 5ജി അടിസ്ഥാനമാക്കിയുളള സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ജിയോയുടെ 5ജി FWA സേവനങ്ങൾ ജിയോഎയർഫൈബർ എന്ന പേരിലും എയർടെലിന്റേത് എയർടെൽഎയർഫൈബർ എന്ന പേരിലും ആണ് അറിയപ്പെടുന്നത്.
കൂടിക്കുഴഞ്ഞുകിടക്കുന്നു കേബിളുകളുടെയും മറ്റും സഹായം ഇല്ലാതെ തന്നെ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും എന്നതാണ് ഫിക്സഡ് വയർലെസ് ആക്സസ് ഡിവൈസ് ഉപയോഗിച്ചുള്ള സേവനങ്ങളുടെ പ്രത്യേകത. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ മൂലം ഫൈബർ കണക്ഷനുകൾ കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും എന്നതാണ് ഇത്തരം എയർഫൈബർ കണക്ഷനുകളുടെ പ്രത്യേകത.

ബിഎസ്എൻഎൽ അതിവേഗ 5G ഫിക്‌സഡ് വയർലെസ് ആക്സസ് ഡിവൈസ്: തദ്ദേശീയമായ 4ജി അവതരിപ്പിച്ചതു പോലെ തന്നെ തദ്ദേശീയമായ ഫിക്സഡ് വയർലെസ് ആക്സസ് ഡിവൈസ് ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്ലഗ് ഇൻ ചെയ്‌താൽ ഒരു നിശ്ചിത പരിധിക്കുള്ളിൽ 5G സേവനം ലഭ്യമാകും.
തദ്ദേശീയ FWA ഡിവൈസ് വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ടെലിക്കോം കമ്പനി എന്ന നേട്ടവും ഈ ഡിവൈസിലൂടെ ബിഎസ്എൻഎൽ സ്വന്തമാക്കിയിരിക്കുകയാണ്. ജിയോയുടെയും എയർടെലിന്റെയും 5ജി FWA ഡിവൈസുകൾ അഥവാ എയർഫൈബർ സേവനങ്ങൾ സിം കാർഡ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ ബിഎസ്എൻഎൽ 5ജി എഫ്ഡബ്ലുഎ ഡിവൈസിന് സിം കാർഡ് ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്.

ബിഎസ്എൻഎൽ 5ജി FWA ഡിവൈസുകൾ ഭാവിയിൽ ഏത് ബിഎസ്‌എൻഎൽ ഓഫീസിൽ നിന്നും വാങ്ങാനും ഓൺലൈനായി ആക്ടിവേറ്റ് ചെയ്യാനും കഴിയും. നിലവിൽ ബിഎസ്എൻഎൽ 5ജി FWA സേവനം ഹൈദരാബാദിൽ ആണ് അവതരിപ്പിക്കുക. തുടർന്ന് വരുംമാസങ്ങളിൽ ബംഗളുരു, പുതുച്ചേരി, വിശാഖപട്ടണം, പുനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഹൈദരാബാദിലെ അമീർപേട്ട് എക്‌സ്‌ചേഞ്ചിൽ നടന്ന ബിഎസ്എൻഎൽ 5ജി FWA ഡിവൈസ് പരീക്ഷണത്തിൽ 980 Mbps വരെ വേഗത കാട്ടി എന്നാണ് റിപ്പോർട്ട്. 700 MHz ഫ്രീക്വൻസി ബാൻഡ്‌വിഡ്ത്ത് ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഭാവിയിൽ 5G FWA വഴി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് MSME-കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ കണക്ടിവിറ്റി ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് കഴിയും എന്ന് ഈ മുന്നേറ്റം പ്രതീക്ഷ നൽകുന്നു.
ജിയോയുടെയും എയർടെലിന്റെയും എയർഫൈബർ സേവനങ്ങൾ പ്രധാനമായും മെട്രോ നഗരങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ ലക്ഷ്യം വയ്ക്കേണ്ടത് ടയർ II, ടയർ III നഗരങ്ങളെയാണ് എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ഇവിടങ്ങളിൽ ബിഎസ്എൻഎല്ലിന് വൻ സാധ്യതകൾ ഉണ്ട്. അതായത് ആളുകളുടെ ഡിജിറ്റൽ ആവശ്യങ്ങൾ വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ എതിരാളികൾ നിലവിൽ അത്ര ശ്രദ്ധ നൽകാത്ത ഇടങ്ങളിൽ ശക്തിനേടുന്നത് ബിഎസ്എൻഎല്ലിന് ഭാവിയിൽ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്ത് ബിഎസ്എൻഎല്ലിന് ആരാധകർ ഏറെയുണ്ട്. മാത്രമല്ല, എയർഫൈബർ സേവനം രാജ്യവ്യാപകമായി ബിഎസ്എൻഎൽ നേരത്തെ മുതൽ നൽകിവരുന്നുമുണ്ട്. ഇതിലേക്ക് 5ജി FWA സേവനങ്ങൾ കൂടി സംയോജിപ്പിക്കുന്നതോടെ ഇന്റർനെറ്റ് സേവന ദാതാക്കളുടെ കൂട്ടത്തിൽ (ISP) പുതിയ ഉയരങ്ങൾ കീഴടക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും. ഈ 5ജി FWA സേവനം വെറും സാമ്പിൾ മാത്രമാണ്, മെയിൻ ആയ മൊബൈൽ ഉപയോക്താക്കൾക്കുള്ള 5ജി സേവനങ്ങൾ പിന്നാലെ തന്നെ വരുന്നുണ്ട്.


Click it and Unblock the Notifications








