ഇത് എമ്പുരാനെക്കാൾ ആവേശം നൽകുന്ന വാർത്ത; ബിഎസ്എൻഎൽ 5G യിൽ സുപ്രധാന പ്രഖ്യാപനം വന്നു
മലയാളം സിനിമാ ആരാധകർ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകം ഒന്നാകെ തന്നെ ഇപ്പോൾ വൻ ആവേശത്തിലാണ്. അതിന് കാരണം മലയാളികളുടെ സ്വന്തം ലാലേട്ടന്റെ എമ്പുരാൻ റീലീസിനെത്തുന്നു എന്നതാണ്. മലയാളത്തിന്റെ ഒരു സിനിമ ഇന്ത്യയൊട്ടാകെ വമ്പൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നു എന്നത് ഏതൊരു മലയാളിക്കും ആവശേം പകരുന്ന കാര്യമാണ്. എന്നാൽ സിനിമ വിട്ട്, ടെലിക്കോം രംഗത്തേക്ക് വന്നാൽ, അവിടെ ബിഎസ്എൻഎൽ വരിക്കാർക്കായി എമ്പുരാനെക്കാൾ വലിയ ആവേശം കാത്തിരിക്കുന്നുണ്ട്. ബിഎസ്എൻഎൽ 5ജി (BSNL 5G) സംബന്ധിച്ച ഒരു ഔദ്യോഗിക പ്രഖ്യാപനം ആണത്.
എമ്പുരാനായി സിനിമാ പ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയതിനെക്കാൾ വളരെയധികം കാലമായി ബിഎസ്എൻഎൽ വരിക്കാരും ഇന്ത്യയൊട്ടാകെയുള്ള ടെലിക്കോം ഉപയോക്താക്കളും ബിഎസ്എൻഎൽ 5ജിക്കായി കാത്തിരിക്കുന്നു. ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപനം പൂർത്തിയാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതിനൊപ്പം 5ജിയിലേക്കുള്ള മാറ്റവും ഉണ്ടാകും എന്ന് ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (CMD) റോബർട്ട് രവി സ്ഥിരീകരിച്ചിരിക്കുന്നു. ET ടെലികോം 5G കോൺഗ്രസ് 2025ൽ ആണ് റോബർട്ട് രവി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുത്ത ഇന്ത്യൻ വെണ്ടർമാരുമായി നെറ്റ്‌വർക്ക് ആസ് എ സർവീസ് (NaaS) വഴി ഡൽഹിയിൽ 5G SA (സ്റ്റാൻഡലോൺ) പരീക്ഷിക്കാൻ ബിഎസ്എൻഎൽ ഇതിനകം തീരുമാനിച്ചു. ഇപ്പോൾ അത് വേഗത്തിലാക്കാനും വരും മാസങ്ങളിൽ മറ്റ് തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G ആരംഭിക്കാനും ബിഎസ്എൻഎൽ മുന്നോട്ട് വന്നിരിക്കുന്നു. 5G സൈറ്റുകൾ സജ്ജമാക്കാൻ ബിഎസ്എൻഎൽ ഉപകരണങ്ങൾ വാങ്ങുമ്പോൾ 50% വരെ വിദേശ വെണ്ടർമാർക്ക് ഓഡർ നൽകാൻ ബിഎസ്എൻഎല്ലിനെ സർക്കാർ അനുവദിച്ചേക്കാം എന്ന് കരുതപ്പെടുന്നു.

"ഡെൽഹിയിൽ നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) വഴി ഞങ്ങൾ അതിന്റെ 5G നെറ്റ്‌വർക്ക് പുറത്തിറക്കുകയാണ്, ഇപ്പോൾ ഞങ്ങൾ അത് വേഗത്തിലാക്കാൻ നോക്കുകയാണ്. ചില നഗരങ്ങളെ തിരഞ്ഞെടുത്ത് അടുത്ത കുറച്ച് മാസങ്ങളിൽ എത്രയും വേഗം 5G എങ്ങനെ പുറത്തിറക്കാമെന്നും ഞങ്ങൾ പരിഗണിക്കുന്നുണ്ട്. അതൊരു ലക്ഷ്യമായിരിക്കും." എന്നാണ് 5G ലോഞ്ചിനെക്കുറിച്ച് ബിഎസ്എൻഎൽ CMD പ്രതികരിച്ചത്.
5ജി ലോഞ്ചിനെപ്പറ്റിയുള്ള കൂടുതൽ ഡീറ്റെയിൽസ് ഈ ഘട്ടത്തിൽ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. എങ്കിലും വരുന്ന മൂന്ന് - നാല് മാസത്തിനകം ബിഎസ്എൻഎൽ 5ജി എത്തും എന്ന സമീപകാല വാർത്തകളെ ശരിവയ്ക്കുന്നതാണ് ബിഎസ്എൻഎൽ സിഎംഡി ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്താവന. നിലവിൽ ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം സൈറ്റുകളിൽ 4G അവതരിപ്പിക്കുന്നതിലാണ് ബിഎസ്എൻഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇതുവരെ, 80,000- ത്തിലധികം 4ജി സൈറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഏകദേശം 75,000 സൈറ്റുകൾ ഓൺ എയർ ആണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ജൂണോടെ ബിഎസ്‌എൻഎൽ ഒരു ലക്ഷം 4G സൈറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോൾ ലക്ഷ്യമിട്ട ഒരുലക്ഷം സൈറ്റുകൾ എന്ന ലക്ഷ്യം കൈവരിച്ച ശേഷം ബിഎസ്എൻഎൽ 5G ആരംഭിക്കാൻ തുടങ്ങും. എന്നാൽ ഇതോടൊപ്പം 4ജി വ്യാപനവും ബിഎസ്എൻഎൽ തുടരും എന്ന് കരുതപ്പെടുന്നു. കാരണം ഒരുലക്ഷം 4ജി സൈറ്റുകൾ എന്നത് ഇന്ത്യയൊട്ടാകെയുള്ള ടെലിക്കോം വരിക്കാരെ തൃപ്തിപ്പെടുത്താൻ മതിയാകില്ല.
4G വിന്യസിക്കുന്നതിനായി സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ്, തേജസ് നെറ്റ്‌വർക്കുകൾ എന്നിവ ഉൾപ്പെടുന്ന ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. ഒരു ലക്ഷം സൈറ്റുകൾ വിന്യസിക്കുമ്പോൾ ബിഎസ്‌എൻഎല്ലിന് ഫോളോ-ഓൺ ഓർഡർ നൽകാമെന്ന് ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) ഇതിനകം പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








