BSNL 5G കിട്ടാൻ ഡിസംബർ വരെ കാത്തിരിക്കണം കേട്ടോ; പുതിയ വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
ബിഎസ്എൻഎൽ 4ജി, 5ജി വ്യാപനം സംബന്ധിച്ച് ഇതിനകം പല പല അന്തിമ തിയതികൾ ഇന്ത്യ കണ്ടുകഴിഞ്ഞിരിക്കുന്നു. ഒരുലക്ഷം 4ജി ടവറുകൾ ജൂണിൽ പൂർത്തിയാകുമെന്നാണ് ഈ വർഷത്തിന്റെ തുടക്കം മുതൽ പറഞ്ഞുവന്നിരുന്നത്. എന്നാൽ ഇപ്പോൾ സെപ്റ്റംബർ എത്തിയിട്ടും ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായി എന്ന പ്രഖ്യാപനം ബിഎസ്എൻഎൽ ഔദ്യോഗികമായി നടത്തിയിട്ടില്ല. ഒരുലക്ഷം 4ജി ടവറുകൾ ജൂണിൽ പൂർത്തിയാക്കും എന്നതിനൊപ്പം മറ്റൊരു അവകാശവാദം കൂടി ബിഎസ്എൻഎൽ അധികൃതർ നടത്തിയിരുന്നു. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും എന്നതായിരുന്നു അത്.
ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായില്ല എന്നതുപോലെ തന്നെ ബിഎസ്എൻഎല്ലിന്റെ 5ജി സേവനങ്ങൾക്ക് സെപ്റ്റംബറിൽ ഡൽഹിയിൽ തുടക്കം കുറിക്കും എന്ന ബിഎസ്എൻഎൽ പ്രഖ്യാപനവും നടപ്പാകാൻ സാധ്യത കുറവാണ്. ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒരു റിപ്പോർട്ട് ഇപ്പോൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 5ജിയും വൈകും എന്നുതന്നെയാണ് ഈ റിപ്പോർട്ടും സൂചിപ്പിക്കുന്നത്.

5ജി സേവനം ആരംഭിക്കാൻ ഡിസംബർ വരെ കാത്തിരിക്കണം
ബിഎസ്എൻഎൽ 5ജി വ്യാപനം എപ്പോൾ ആരംഭിക്കും എന്ന ബിഎസ്എൻഎൽ വരിക്കാരുടെ ദീർഘനാളായുള്ള ചോദ്യത്തിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെ (ഡിഒടി) ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പ്രതികരണത്തിലൂടെ ന്യൂഇന്ത്യൻ എക്സ്പ്രസ് ഏറ്റവും പുതിയ ഉത്തരം കണ്ടെത്തിയിരിക്കുന്നു. 2025 ഡിസംബറോടെ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കും എന്ന് ഡിഒടി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൽഹിയിൽ മാത്രമല്ല, മുംബൈയിലും 5ജി
ബിഎസ്എൻഎൽ 5ജി വ്യാപനത്തിന്റെ തുടക്കം ഡൽഹിയിൽ ആയിരിക്കും എന്ന് മാസങ്ങൾക്ക് മുൻപേ തന്നെ പുറത്തുവന്ന കാര്യമാണ്. രാജ്യതലസ്ഥാനത്ത് 5ജി ആരംഭിക്കാൻ ആവശ്യമായ വിവിധ നടപടികളും പരീക്ഷണങ്ങളുമെല്ലാം ബിഎസ്എൻഎൽ നടത്തിവരുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ടെലിക്കോം വകുപ്പിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത് ഡൽഹിയിൽ മാത്രമല്ല, മുംബൈയിലും 2025 ഡിസംബറോടെ ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കും എന്നാണ്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി നെറ്റ്‌വർക്കിനായുള്ള എല്ലാ ഡിവൈസുകളും പരീക്ഷണ ഘട്ടത്തിൽ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും വാണിജ്യ വിന്യാസത്തിന് ഉടൻ തയ്യാറാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇപ്പോൾ ഉദ്യോഗസ്ഥൻ അനൗദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്ന ഈ ഡിസംബർ കാലാവധി ഇനിയും നീളുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
ബിഎസ്എൻഎൽ സെപ്റ്റംബറിൽ ഡൽഹിയിൽ മാത്രമെങ്കിലും 5ജി ആരംഭിച്ചുകൊണ്ട് ബിഎസ്എൻഎല്ലിന്റെ 5ജി വ്യാപനത്തിന് ഔദ്യോഗിക തുടക്കം കുറിക്കപ്പെടും എന്ന് നിരവധി പേർ വിശ്വസിച്ചിരുന്നു. ബിഎസ്എൻഎൽ 5ജിക്ക് ഏതാനും മാസങ്ങൾക്ക് മുൻപ് Q-5G അഥവാ ക്വാണ്ടം 5ജി എന്ന് പേര് വരെ നൽകിയതോടെ ഈ വിശ്വാസം ബലപ്പെട്ടു.
എന്നാൽ പ്രതീക്ഷിച്ചതുപോലെ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായി എന്ന പ്രഖ്യാപനം ജൂണിൽ ബിഎസ്എൻഎല്ലിന് നടത്താൻ കഴിയാതിരുന്നപ്പോൾ തന്നെ 5ജി വ്യാപനം നീളുമെന്ന് ഉറപ്പായി. ജൂൺ കഴിഞ്ഞ് ജൂലൈയും കഴിഞ്ഞ് ഓഗസ്റ്റും കഴിഞ്ഞ് സെപ്റ്റംബർ പകുതി പിന്നിട്ടിട്ടും ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായി എന്ന ബിഎസ്എൻഎൽ പ്രഖ്യാപനം വന്നിട്ടില്ല. അത് 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്ന് വേണം റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ.

ബിഎസ്എൻഎൽ ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ ഇതിനകം സ്ഥാപിച്ചു. എന്നാൽ കൃത്യമായി ഇത് എത്രയെണ്ണം വരെയായി എന്ന് വ്യക്തമല്ല. ബിഎസ്എൻഎൽ ജൂലൈ 31 വരെ രാജ്യവ്യാപകമായി 96300 4G ടവറുകൾ സ്ഥാപിച്ചു എന്ന് കഴിഞ്ഞ മാസം ടെലിക്കോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പാർലമെന്റിനെ അറിയിച്ചിരുന്നു.
4ജി ടവറുകളുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗികമായി ഏറ്റവും ഒടുവിൽ ലഭിച്ച വിവരം ഇതായിരുന്നു. ഇതിന് ശേഷം കണക്കുകളൊന്നും വന്നിട്ടില്ല. എങ്കിലും 4ജി വ്യാപനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകാൻ വളരെ കുറച്ച് ടവറുകൾ കൂടിയേ ഇനി അവശേഷിക്കുന്നുള്ളൂ എന്നതിനാൽ ഏത് സമയത്തും ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായി എന്ന ബിഎസ്എൻഎൽ പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








