ബിഎസ്എൻഎൽ 5G തിയതി വെളിപ്പടുത്തി ഉദ്യോഗസ്ഥൻ; ജിയോയ്ക്കും എയർടെലിനും ചങ്കിടിപ്പ് കൂടും!
ഡാറ്റ വേഗതയുടെ പോരാട്ടത്തിൽ ജിയോയ്ക്കും എയർടെലിനും ഒപ്പം മത്സരിക്കാൻ ബിഎസ്എൻഎൽ (BSNL) 2025ൽ എത്തുമെന്ന് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നു. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ 2025-ൽ സംക്രാന്തിയോടെ അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ആന്ധ്രാപ്രദേശ് പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ ശ്രീനു സ്ഥിരീകരിച്ചു. ഇതിനായി ടവറുകളും മറ്റ് ഉപകരണങ്ങളും ബിഎസ്എൻഎൽ നവീകരിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) നടത്തുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ്. അതിനാൽ 4ജിയിൽ നിന്ന് അതിവേഗം 5ജിയിലേക്ക് മാറാനാകും.
ബിഎസ്എൻഎൽ ഇതിനകം 4ജി എത്തിച്ച പ്രദേശങ്ങളിൽ 2025ൽ 5G NSA (നോൺ-സ്റ്റാൻഡലോൺ) നൽകും. 2024-25 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ ഒരു ലക്ഷം സൈറ്റുകൾ പുറത്തിറക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 25,000 സൈറ്റുകൾ ഇതുവരെ ലക്ഷ്യം നേടി. ബാക്കി സൈറ്റുകളിൽ അതിവേഗം 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്.

4ജി ലോഞ്ച് പോലെ ബിഎസ്എൻഎൽ 5ജി ലോഞ്ചും വിവിധ ഘട്ടങ്ങളായാണ് നടക്കുക എന്നാണ് സൂചന. എന്നാൽ ഇപ്പോൾ 4ജി വ്യാപിപ്പിക്കാൻ എടുക്കുന്ന അത്രയും സമയം 5ജി വ്യാപനത്തിനായി ബിഎസ്എൻഎല്ലിന് വേണ്ടിവരില്ല. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അതിവേഗം 5ജി ലഭ്യമാക്കും. ഇപ്പോൾ ജിയോയും എയർടെലും മാത്രമാണ് ഇന്ത്യയിൽ വ്യാപകമായി 5ജി സേവനങ്ങൾ നൽകുന്നത്.
2025ൽ 5ജി വ്യാപനം പൂർത്തിയാക്കാനാണ് ജിയോയും എയർടെലും പരിശ്രമിക്കുന്നത്. അതിൽ ജിയോയുടെ 5ജി വ്യാപനം 2024 ഡിസംബറോടുകൂടി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വൊഡാഫോൺ ഐഡിയയും (വിഐ) 5ജി സേവനങ്ങൾ ഉടൻ രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നത് ജിയോയ്ക്കും എയർടെലിനും വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്.

നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. എന്നാൽ ഡാറ്റ വേഗത പോര എന്നതാണ് പല ബിഎസ്എൻഎൽ ഉപയോക്താക്കളും നേരിടുന്ന വെല്ലുവിളി. അതിന് കാരണം ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ ഇനിയും പലയിടങ്ങളിലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.
എന്നാൽ ഇപ്പോൾ അതിവേഗത്തിൽ പുരോഗമിക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം ഡാറ്റ വേഗത പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കും. 5ജി കൂടി എത്തുന്നതോടെ ജിയോയ്ക്കും എയർടെലിനും ബിഎസ്എൻഎൽ കനത്ത വെല്ലുവിളിയാകും. കാരണം ബിഎസ്എൻഎല്ലിനെക്കാൾ വളരെ ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികൾ ടെലിക്കോം സേവനങ്ങൾ നൽകുന്നത്.
ബിഎസ്എൻഎൽ 4ജി ലോഞ്ച് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് അതിന്റെ വരിക്കാർ. ഇപ്പോൾ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ തന്നെ 5ജി ലോഞ്ച് തിയതി സംബന്ധിച്ച സൂചനകൾ നൽകിയതോടെ ഉപയോക്താക്കളുടെ പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ ആണ് സംക്രാന്തി. ഇപ്പോൾ ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ പറഞ്ഞ വിവരങ്ങൾ സത്യമാണെങ്കിൽ ബിഎസ്എൻഎൽ 5ജി അടുത്ത വർഷം ആദ്യം തന്നെ ലഭ്യമായിത്തുടങ്ങും.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തകൂടി എൽ ശ്രീനു വെളിപ്പെടുത്തിയിട്ടുണ്ട്. 'സർവത്ര വൈ-ഫൈ' എന്ന പേരിൽ ബിഎസ്എൻഎൽ ഒരു പുതിയ പ്രൊജക്‌റ്റ് അവതരിപ്പിക്കാൻ ബിഎസ്എൻഎൽ തയാറെടുക്കുന്നു എന്നതാണ് അത്. ഉപഭോക്താവ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴും വൈഫൈ സേവനങ്ങൾ തുടർന്നും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.
ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലുടനീളം ലഭ്യമാണ്. അതിനാൽ ഉപയോക്താവ് എവിടെപ്പോയാലും ബ്രോഡ്ബാൻഡ് കണക്ഷൻ ഉറപ്പാക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും. സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിനകം തന്നെ ഇത്തരം സേവനം നൽകുന്നുണ്ട്. ജനപ്രിയമായ കൂടുതൽ പ്രോജക്ടുകൾ അവതരിപ്പിച്ചുകൊണ്ട് ജനമനസുകളിൽ ഇടം നേടാനും വളരാനുമാണ് ബിഎസ്എൻഎൽ നീക്കം.


Click it and Unblock the Notifications








