ബിഎസ്എൻഎൽ 5G ശരിക്കും വരും! ബിഎസ്എൻഎൽ 5ജി വഴി വീഡിയോകോൾ ചെയ്ത് മന്ത്രി
ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികളെ നേരിടാനും ഇന്ത്യൻ ടെലിക്കോം വിപണിയിലെ ശക്തമായ സാന്നിധ്യമായി പിടിച്ചുനിൽക്കാനും ലക്ഷ്യമിടുന്ന ബിഎസ്എൻഎൽ ഇന്ത്യയിൽ തങ്ങൾ അവതരിപ്പിക്കാൻ പോകുന്ന 5ജി (BSNL 5G) സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ബിഎസ്എൻഎൽ 5ജി ലഭ്യമാക്കിയ ഫോണിലൂടെ വീഡിയോകോൾ ചെയ്യുന്നതിന്റെ വീഡിയോ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ തൻ്റെ ട്വിറ്റർ ഹാൻഡിൽ വഴി അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ നിന്നാണ് ബിഎസ്എൻഎൽ 5ജി വ്യാപനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനകൾ ലഭ്യമായിരിക്കുന്നത്.
ബിഎസ്എൻഎൽ 4ജി-5ജി വ്യാപനത്തിനായി സാങ്കേതികമായ പിന്തുണ നൽകുന്നത് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) ആണ്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിലെ പ്രധാന പങ്കാളി സി-ഡോറ്റ് ആണ്. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചുകൊണ്ട് വേണം ബിഎസ്എൻഎൽ 4ജി-5ജി സേവനങ്ങൾ ആരംഭിക്കാൻ എന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

കേന്ദ്രം നൽകുന്ന ഫണ്ടിന്റെ ബലത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര നിർദേശം പാലിച്ച് മാത്രമേ 4ജി വ്യാപനം നടത്താൻ കഴിയൂ എന്നതിനാൽ ബിഎസ്എൻഎല്ലിനായി തദ്ദേശീയമായി 4ജി-5ജി ടെക്നോളജി അവതരിപ്പിക്കുന്ന ചുമതല ഏറ്റെടുത്തത് സർക്കാർ സ്ഥാപനം കൂടിയായ സി-ഡോട്ട് ആണ്. തദ്ദേശീയ 4ജി ടെക്നോളജി ഉപയോഗിച്ചുള്ള ബിഎസ്എൻഎൽ 4ജി വ്യാപനം ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.
ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധത്തിലാണ് 4ജി വ്യാപനം പുരോഗമിക്കുന്നത്. "ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന 4G നെറ്റ്‌വർക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്നതിനാൽ 2025 മുതൽ ഞങ്ങൾ ഞങ്ങളുടെ 5G സേവനങ്ങളും ആരംഭിക്കും," എന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) പികെ പുർവാർ മുൻപ് പറഞ്ഞിരുന്നു.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് നേതൃത്വം നൽകുന്ന ടിസിഎസും വ്യക്തമാക്കിയിട്ടുള്ളത് ബിഎസ്എൻഎൽ 5ജി സേവനം 2025 മുതൽ ലഭ്യമാകും എന്നാണ്. അതായത് 4ജി വ്യാപനം പൂർത്തിയാകാൻ 2024 മുഴുവൻ വേണ്ടിവരും. 2025ൽ 4ജി വ്യാപനം പൂർത്തിയാക്കി അതിവേഗം 5ജി സേവനങ്ങൾ ബിഎസ്എൻഎൽ നൽകിത്തുടങ്ങും. ഇതിനായുള്ള തയാറെടുപ്പുകൾ ഇപ്പോഴേ നടക്കുന്നുണ്ട്.
ബിഎസ്എൻഎൽ 5ജി നെറ്റ്‌വർക്ക് പരീക്ഷിക്കുന്നതിനായിട്ടാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ സി-ഡോട്ട് കാമ്പസിൽ എത്തിയത്. അവിടെയെത്തിയ മന്ത്രി ബിഎസ്എൻഎൽ 5ജി ലഭ്യമാക്കിയ സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീഡിയോ കോൾ നടത്തി എന്നാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ നൽകുന്ന സന്ദേശം.
വീഡിയോകോളിൽ സംസാരിക്കുന്ന മന്ത്രിയോട് , "ഇത് BSNL 5G ഉപയോഗിക്കുന്നു, സർ'' എന്ന് അടുത്തുനിൽക്കുന്ന ഉദ്യോഗസ്ഥൻ പറയുന്നതും വീഡിയോയിൽ കാണാം. ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഎസ്എൻഎൽ 5ജി സംബന്ധിച്ച വിലയിരുത്തലുകളും അദ്ദേഹം നേരിട്ടെത്തി നടത്തിയിരിക്കുന്നു.

ബിഎസ്എൻഎൽ 4ജി-5ജി വ്യാപനത്തിനായി സർക്കാർ പരിശ്രമിക്കുന്നുണ്ട് എന്ന് മന്ത്രിയുടെ ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടിയ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വകാര്യ കമ്പനികളുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അതിനായി ബിഎസ്എൻഎല്ലിനെ തകർക്കുകയാണ് എന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിനെയൊക്കെ പ്രതിരോധിക്കാൻ ഈ നീക്കങ്ങൾ സർക്കാരിന് തുണയാകും.
എസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാൻ 82,000 കോടി രൂപ നീക്കിവയ്ക്കുമെന്ന് കേന്ദ്ര സർക്കാർ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബിഎസ്എൻഎല്ലിന്റെ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ പൂർണ്ണമായും വികസിപ്പിച്ച 4G, 5G സാങ്കേതികവിദ്യകളുടെ വ്യാപനം സുഗമമാക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും എന്നാണ് പ്രഖ്യാപനം. നിശ്ചയിച്ച രീതിയിൽ ബിഎസ്എൻഎൽ 4ജി-5ജി സേവനങ്ങൾ ആരംഭിച്ചാൽ ജനങ്ങൾക്ക് അത് വൻ നേട്ടവും സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വൻ തിരിച്ചടിയുമായിരിക്കും.


Click it and Unblock the Notifications








