ഇത് അംബാനി എങ്ങനെ സഹിക്കും! ജിയോ, എയർടെൽ 5ജികളോട് മത്സരിക്കാൻ BSNL; വരുന്നത് 1ലക്ഷം 5G ടവറുകൾ
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് 5ജി യുദ്ധം മുറുകാൻ പോകുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ടെലിക്കോം മന്ത്രിയുടെ പ്രസ്താവന നൽകുന്ന പുതിയ സൂചന. കാരണം അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ, ബിഎസ്എൻഎല്ലിന്റെ മുഴുവൻ സ്വദേശി 4G ടവറുകളും 5G നെറ്റ്‌വർക്കുകളിലേക്ക് മാറ്റും എന്ന് കേന്ദ്ര ടെലികോം മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ഇത് ശരിയാണെങ്കിൽ വരുന്ന 8 മാസത്തിന് ശേഷം ഇന്ത്യ കാണുക 5ജിയിലൂടെ കരുത്ത് നേടിയ പുതിയ ബിഎസ്എൻഎല്ലിനെ ആയിരിക്കും. ഈ വർഷം ഡിസംബറിൽ തന്നെ ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കും.
5ജി തുടക്കം
തുടക്കത്തിൽ ഡൽഹിയിലും മുംബൈയിലുമാകും ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കുക എന്ന് ഇതിനകം തന്നെ വ്യക്തമായ കാര്യമാണ്. 4ജി വ്യാപനം പോലെ തന്നെ 5ജി വ്യാപനത്തിന്റെ കാര്യത്തിലും ബിഎസ്എൻഎൽ വളരെ സമയമെടുക്കും എന്ന് കരുതേണ്ട. കാരണം അതിവേഗം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന സ്വദേശി 4ജി ടെക് നോളജിയാണ് ബിഎസ്എൻഎൽ ഉപയോഗിച്ചിരിക്കുന്നത്.

എല്ലാ 4ജി ടവറുകളും 5ജിയിലേക്ക്
അടുത്ത 6 മുതൽ 8 വരെ മാസത്തിനുള്ളിൽ എല്ലാ സ്വദേശി 4ജി ബിഎസ്എൻഎൽ ടവറുകളും 5ജിയിലേക്ക് മാറ്റും എന്ന മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം 5ജി ടവറുകളുടെ ഉടമയായി ബിഎസ്എൻഎൽ മാറും എന്നാണ്. എങ്ങനെയെന്നാൽ 4ജി വ്യാപനത്തിന്റെ ആദ്യ ഘട്ടമായി ഒരുലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎൽ സ്ഥാപിക്കുക.
ഒരുലക്ഷം 4ജി ടവറുകൾ
ഈ ഒരുലക്ഷം 4ജി ടവറുകളും 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നവ ആയതിനാൽ തന്നെ ഒരു വർഷം കൊണ്ട് അതിവേഗം ഒരുലക്ഷം 5ജി ടവറുകളുടെ ഉടമയാകാൻ ബിഎസ്എൻഎല്ലിന് സാധിക്കും. ഒരുലക്ഷം ടവറുകൾ സ്ഥാപിക്കാൻ ആണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയത്. എന്നാൽ ഇത് പൂർത്തിയായി വരുന്നതേയുള്ളൂ.

ഇതുവരെ ഏതാണ്ട് 98000ൽ അധികം ടവറുകൾ മാത്രമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. അതിൽ 92000 ടവറുകൾ മാത്രമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ ഒരുലക്ഷം 4ജി ടവറുകൾ എന്ന ഈ ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തീകരിക്കും. അതിന് ശേഷം അതിവേഗം 5ജിയിലേക്ക് ഇവ് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകും എന്നാണ് മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് മനസിലാക്കാനാകുന്നത്.
കണക്കുകളിൽ മാറ്റം വരും
ബിഎസ്എൻഎൽ ഈ പറഞ്ഞതുപോലെ എട്ട് മാസത്തിനുള്ളിൽ 4ജി ടവറുകൾ 5ജി ടവറുകളായി അപ്ഗ്രേഡ് ചെയ്താൽ അത് ഇന്ത്യൻ ടെലിക്കോം വിപണിയിലെ നിലവിലെ വരിക്കാരുടെ കണക്കുകളിൽ വൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്നു. അതിൽ ഏറ്റവും തിരിച്ചടിയാകുക റിലയൻസ് ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾക്ക് ആയിരിക്കും.
ഇപ്പോൾ ഇന്ത്യയുടെ എല്ലാ ടെലിക്കോം സർക്കിളുകളിലും ജിയോ, എയർടെൽ എന്നിവ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എതിരാളികളിൽ നിന്ന് കൂടുതൽ ആളുകളെ സ്വന്തമാക്കുക എന്ന തന്ത്രത്തിന്റെ കൂടി ഭാഗമായി അൺലിമിറ്റഡ് 5ജി ഓഫറുകൾ അടക്കം ഈ രണ്ട് കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ 5ജി ഈ രണ്ട് കമ്പനികൾക്കും വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളതായിരിക്കും.

കാരണം ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 5ജി അവതരിപ്പിച്ചാലും സ്വകാര്യ കമ്പനികളുടെ അത്ര ഉയർന്ന നിരക്ക് ബിഎസ്എൻഎൽ ഈടാക്കില്ല. കുറഞ്ഞ വിലയിൽ 5ജി ലഭ്യമാകുന്നതിനാൽ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നെറ്റ്വർക്ക് വേഗത പോര എന്നതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി. 5ജിയിലൂടെ ഈ പ്രശ്നം മറികടക്കാൻ ബിഎസ്എൻഎല്ലിന് കഴിയും.


Click it and Unblock the Notifications








