ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും ദാരിദ്ര്യം; ഒടുവിൽ 'കണക്കില്ലാത്ത' സ്വത്ത് വിൽക്കാൻ ബിഎസ്എൻഎൽ കണക്കെടുക്കുന്നു
വരുമാനത്തിന്റെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ഏറ്റവും പിന്നിലാണ് എങ്കിലും ആസ്തികളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിന് മുന്നിൽ പിടിച്ച് നിൽക്കാൻ അംബാനിയുടെ ജിയോയ്ക്ക് പോലും സാധിക്കുമെന്ന് തോന്നുന്നില്ല. പ്രതാപകാലത്ത് സാധ്യമായിടത്തോളം, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ ചെന്നെത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിരുന്നു.
എതിരാളികളില്ലാതെ വിലസിയ നല്ലകാലത്ത്, ഓഫീസുകൾക്കും മറ്റ് സൗകര്യങ്ങൾക്കുമായി ബിഎസ്എൻഎൽ വാങ്ങിക്കൂട്ടിയതും സ്വന്തമാക്കിയതുമായ ആസ്തികൾക്ക് കണക്കില്ല. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ബിഎസ്എൻഎല്ലിന് സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമൊക്കെയുണ്ട്. തന്ത്രപ്രധാനമായ നഗരഭാഗങ്ങളിലാണ് ബിഎസ്എൻഎല്ലിന്റെ ഈ ആസ്തികളിൽ പലതും സ്ഥിതിചെയ്യുന്നത് എന്നത് വേറെ കാര്യം.

ഇത്രയേറെ ആസ്തികളും സമ്പത്തുമൊക്കെയുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങൾ കാലത്തിനനുസരിച്ച് വികസിപ്പിക്കാൻ തയാറാകാതിരുന്ന ബിഎസ്എൻഎൽ നാശത്തിന്റെ പടുകുഴിയിലേക്കാണ് എത്തിപ്പെട്ടത്. മറ്റ് കമ്പനികൾ ഇപ്പോൾ 5ജി എത്തിച്ച് മുന്നേറുകയാണ്. ഈ നാട്ടിൽ ഇങ്ങനെ ചില സാങ്കേതികവിദ്യകളും വന്നിട്ടുണ്ട് എന്ന് അറിഞ്ഞത് ഏതാണ്ട് ഇപ്പോൾ മാത്രമാണ് എന്ന് തോന്നിപ്പിക്കും വിധമാണ് ബിഎസ്എൻഎല്ലിൽ കാര്യങ്ങൾ നടക്കുന്നത്.
എല്ലാവരും 4ജി നൽകിയപ്പോൾ ബിഎസ്എൻഎൽ 2ജിയിലും 3ജിയിലും കെട്ടപ്പെട്ടുകിടന്നു. ഇപ്പോൾ മറ്റ് കമ്പനികൾ 4ജി വിട്ട് 5ജിയിലേക്ക് മുന്നേറിയപ്പോൾ ബിഎസ്എൻഎൽ പതിയെ 4ജിയിലേക്ക് കടക്കുന്നതേയുള്ളൂ. 4ജി എത്തിയാൽ അധികം വൈകാതെ 5ജിയും എത്തിക്കും എന്നാണ് ബിഎസ്എൻഎൽ അധികൃതർ പറയുന്നത്. എന്നാൽ 4ജി എന്ന് എത്തും എന്ന കൃത്യസമയം ചോദിക്കരുത് എന്നുമാത്രം.

പൊതുമേഖലയിലുള്ള ഒരേയൊരു ടെലിക്കോം കമ്പനി എന്ന നിലയിൽ ബിഎസ്എൻഎല്ലിനെ രക്ഷപ്പെടുത്തിയെടുക്കാൻ കേന്ദ്ര സർക്കാർ കുറച്ചുനാളായി ശ്രമിച്ചുവരുന്നുണ്ട്. നഷ്ടത്തിലുള്ള എംടിഎൻഎല്ലിനെ ബിഎസ്എൻഎല്ലിൽ ലയിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയുമാണ്. ഈ രണ്ട് പൊതുമേഖലാ ടെലിക്കോം കമ്പനികൾക്കുമായി 2019-ൽ കേന്ദ്രം 69,000 കോടി രൂപയുടെ ആദ്യ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ആസ്തികളിലൂടെ ധനം സമ്പാദിക്കാനുള്ള അംഗീകാരവും കേന്ദ്രം ഇരുകമ്പനികൾക്കും നൽകിയിരുന്നു. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ഉയർന്ന മൂല്യമുള്ള ആസ്തികൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കേന്ദ്രം പരാജയപ്പെട്ടു. ഇതിനെത്തുടർന്ന് 10 കോടി രൂപ വരെ മൂല്യമുള്ള കോർ, നോൺ-കോർ ആസ്തികൾ കണ്ടെത്താൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ബിഎസ്എൻഎല്ലിനോടും എംടിഎൻഎല്ലിനോടും നിർദ്ദേശിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ബിഎസ്എൻഎൽ ബോർഡിന്റെ പരിധിയിൽ വരുന്നതും വിറ്റോ മറ്റേതെങ്കിലും വിധത്തിലോ പണം കണ്ടെത്താൻ കഴിയുന്നതുമായ ആസ്തികൾ തിരിച്ചറിയാൻ സർക്കിൾ സിജിഎമ്മുകൾക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ഓരോ സർക്കിളുകളിലും കുറഞ്ഞത് 10 പ്രോപ്പർട്ടികളെങ്കിലും കണ്ടെത്താനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. തുടർന്ന്, ഈ വിവരം ബിഎസ്എൻഎൽ ടെലിക്കോം വകുപ്പിന് കൈമാറാനാണ് തീരുമാനം.

ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ഭൂമി, കെട്ടിടം, മറ്റ് ആസ്തി എന്നിവയിൽനിന്ന് പണം കണ്ടെത്താൻ നിശ്ചയിച്ച നയ-നടപടിക്രമങ്ങൾ പ്രകാരം 10 കോടി രൂപയിൽ താഴെ മൂല്യമുള്ള ആസ്തികൾ വിൽക്കുന്നതിന് മന്ത്രിമാരുടെ (GoM) അംഗീകാരം ആവശ്യമില്ല. നേരെമറിച്ച്, 10 കോടി മുതൽ 100 കോടി വരെ മൂല്യമുള്ള ആസ്തികൾക്ക് ധനസമ്പാദനത്തിന് കേന്ദ്ര മന്ത്രിസംഘത്തിന്റെ അനുമതി ആവശ്യമാണ്.
100 കോടിയിലധികം മൂല്യമുള്ള വസ്തുവകകളിൽനിന്ന് പണം കണ്ടെത്താനുള്ള നടപടികൾ പബ്ലിക് എന്റർപ്രൈസസ് ഡിപ്പാർട്ട്മെന്റ് ആണ് നിർവഹിക്കുക. ബിഎസ്എൻഎല്ലിന്റെ 18,200 കോടി രൂപയുടെ ആസ്തികളും എംടിഎൻഎല്ലിന്റെ 5,158 കോടി രൂപയുടെ ആറ് ആസ്തികളും പണം കണ്ടെത്തുന്നതിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(DIPAM) അംഗീകാരം നൽകിയിട്ടുണ്ട്.
എന്നാൽ, വിവിധ സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അനുമതികളും, ആസ്തികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില തർക്കങ്ങളും ഈ ആസ്തികളിൽനിന്ന് പണം കണ്ടെത്താനുള്ള നീക്കത്തിൽ തടസം സൃഷ്ടിക്കുന്നതായും സങ്കീർണമാക്കുന്നതായും റിപ്പോർട്ടുണ്ട്. പൊതുമേഖലാ ടെലിക്കോം കമ്പനികളെ രക്ഷപ്പെടുത്താനുള്ള ഒരേ വഴി എന്ന നിലയിൽ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത് ആസ്തികളിൽനിന്ന് പണം കണ്ടെത്തലാണ്.
എന്നാൽ അവിടെയും തടസങ്ങൾ നേരിടുന്നതോടെ തിരിച്ചടി ഏറ്റുവാങ്ങുന്നത് ബിഎസ്എൻഎൽ നവീകരണമാണ്. എന്തായാലും നമ്മുടെ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഹൃദയഭാഗത്ത് ബിഎസ്എൻഎൽ കെട്ടിടങ്ങൾ ഇന്ന് ഭാർഗവീനിലയം പോലെ കാടുകയറിക്കിടപ്പുണ്ട്. മാറാലയും വള്ളിപ്പടർപ്പും മൂടി ഒളിഞ്ഞുകിടക്കുന്ന ഈ കോടികളുടെ വസ്തുവകകൾ പണ്ട് 'കുഴിച്ചിട്ട നിധി'തപ്പാൻ ഇറങ്ങുന്ന ബിഎസ്എൻഎൽ സംഘത്തിന്റെ കണ്ണിൽപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








