BSNL അയഞ്ഞു, VI മുറുകി; ട്രായിയുടെ കണക്ക് എത്തി: ജൂലൈയിലും മത്സരിച്ച് ആളെക്കൂട്ടി ജിയോയും എയർടെലും
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ജൂലൈയിലെ പ്രതിമാസ റിപ്പോർട്ട് എത്തിയിരിക്കുന്നു. മുൻ മാസങ്ങളിലേത് പോലെ തന്നെ വിഐ, ബിഎസ്എൻഎൽ എന്നിവർക്ക് വരിക്കാരെ നഷ്ടമാകുകയും ജിയോ, എയർടെൽ എന്നിവർ പുതിയ വരിക്കാരെ സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു എന്ന് ഈ റിപ്പോർട്ടിനെ ചുരുക്കി വിവരിക്കാം. എന്നാൽ കുറച്ചുകൂടി വിശദമായി പരിശോധിച്ചാൽ തൊട്ട് മുൻപത്തെ മാസത്തിൽ നിന്ന് ചില വ്യത്യാസങ്ങൾ ഉണ്ടായതായി കാണാനാകും. അതായത് ജൂണിൽ ഏറ്റവുമധികം വരിക്കാരെ നഷ്ടമായത് ബിഎസ്എൻഎല്ലിനായിരുന്നു. എന്നാൽ ജൂലൈയിൽ ഏറ്റവുമധികം വരിക്കാരെ നഷ്ടമായിരിക്കുന്നത് വിഐക്ക് ആണ്.
അവസാന സ്ഥാനക്കാരുടെ മത്സരം
ആളെ നഷ്ടപ്പെടുത്തുന്നതിൽ വിഐയും ബിഎസ്എൻഎല്ലും മത്സരിക്കുന്നു എന്നതിന് ജൂലൈയിലും കാര്യമായ മാറ്റം വന്നിട്ടില്ല. ജൂണിൽ കനത്ത തിരിച്ചടി ബിഎസ്എൻഎല്ലിനായിരുന്നു എങ്കിൽ ജൂലൈയിൽ കനത്ത തിരിച്ചടി വിഐക്ക് ആണ് എന്നുമാത്രം. മുൻ മാസത്തെ അത്രയും വരിക്കാരെ ജൂലൈയിൽ നഷ്ടമായില്ലല്ലോ എന്ന് വേണമെങ്കിൽ ബിഎസ്എൻഎല്ലിന് ആശ്വസിക്കാൻ വകുപ്പ് ഉണ്ട്.

ജൂലൈയിലെ വരിക്കാരുടെ കൊഴിഞ്ഞുപോക്ക്
ട്രായിയുടെ 2025 ജൂലൈ 31-ലെ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പ്രകാരം ഈ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 359,199 (0.35 ദശലക്ഷം) വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു. അതേപോലെ ബിഎസ്എൻഎല്ലിനും വരിക്കാരെ നഷ്ടമായി. ജൂലൈയിൽ 100,707 വയർലെസ് വരിക്കാർ ബിഎസ്‌എൻഎൽ കണക്ഷൻ ഉപേക്ഷിച്ചു. ഈ കാലയളവിൽ എംടിഎൻഎല്ലിന് 2,472 പേരെയും നഷ്ടപ്പെട്ടിട്ടുണ്ട്.
തൊമ്മനും ചാണ്ടിയും
തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും, ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകും എന്ന് ഒരു ചൊല്ല് നാട്ടിൻപുറങ്ങളിൽ ഉണ്ട്. ഏതാണ്ട് അതുപോലെയാണ് എല്ലാമാസവും ട്രായിയുടെ കണക്ക് വരുമ്പോൾ വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും അവസ്ഥ. ഈ മാസം കൂടുതൽ വരിക്കാരെ നഷ്ടപ്പെട്ടത് വിഐക്ക് ആണ് എങ്കിൽ അടുത്ത മാസം അത് ബിഎസ്എൻഎല്ലിന് ആകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതാണ് അവസ്ഥ. ഇടക്കാലത്ത് ബിഎസ്എൻഎൽ അൽപ്പം മുന്നേറ്റമൊക്കെ നടത്തിയിരുന്നു എങ്കിലും ഇപ്പോഴത് കാണാനില്ല.

ജിയോയും എയർടെലും വരിക്കാരെ നേടി
വിഐയും ബിഎസ്എൻഎല്ലും മത്സരിച്ച് വരിക്കാരെ നഷ്ടപ്പെടുത്തുമ്പോൾ മറുഭാഗത്ത് ജിയോയും എയർടെലും മത്സരിച്ച് വരിക്കാരെ നേടുകയാണ്. പുതിയ വയർലെസ് വരിക്കാരെ നേടുന്ന കാര്യത്തിൽ ഈ രണ്ട് കമ്പനികളും ജൂലൈയിൽ ഇഞ്ചോട് ഇഞ്ച് മത്സരമാണ് കാഴ്ചവച്ചത് എന്നാണ് ട്രായിയുടെ പുതിയ കണക്കുകൾ നോക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.
മുന്നിൽ ജിയോ തന്നെ
ട്രായിയുടെ ജൂലൈ റിപ്പോർട്ട് പ്രകാരം ജൂലൈ 1 മുതൽ 31 വരെയുള്ള ഒരു മാസക്കാലം കൊണ്ട് റിലയൻസ് ജിയോ 482,954 (0.48 ദശലക്ഷം) വരിക്കാരെയും ഭാരതി എയർടെൽ 464,437 (0.46 ദശലക്ഷം) വയർലെസ് വരിക്കാരെയുമാണ് പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. അതായത് എയർടെലിനെ അപേക്ഷിച്ച് അൽപ്പം കൂടുതൽ ആളുകൾ എത്തിയത് ജിയോയിലേക്ക് ആണ്. എങ്കിലും എയർടെലും മികച്ച നിലയിൽ തന്നെ ജൂലൈയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജൂലൈയിലെ പൊതു പ്രകടനം
മുൻ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളുടെ എണ്ണത്തിൽ 0.04 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ജൂൺ അവസാനത്തോടെ 1163.03 ദശലക്ഷമായിരുന്ന മൊത്തം വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം 2025 ജൂലൈ അവസാനത്തോടെ 1163.51 ദശലക്ഷമായി വർദ്ധിച്ചിട്ടുണ്ട് എന്നതാണ് ഈ വളർച്ചാ നിരക്കിൽ പ്രതിഫലിച്ചിരിക്കുന്നത്.

ഒന്നാമൻ ജിയോ തന്നെ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ ആകെ വരിക്കാരുടെ എണ്ണമെടുത്താൽ, 477.5 ദശലക്ഷം വയർലെസ് വരിക്കാരുമായി ജിയോ (41.04% വിപണി വിഹിതം) ആണ് മുന്നിൽ. 391.5 ദശലക്ഷം വയർലെസ് വരിക്കാരുമായി എയർടെൽ (33.65% വിപണി വിഹിതം) രണ്ടാമതുണ്ട്. 203.86 ദശലക്ഷം വയർലെസ് വരിക്കാരുമായി വിഐ (17.52% വിപണി വിഹിതം) മൂന്നാമതും 90.36 ദശലക്ഷം വയർലെസ് വരിക്കാരുമായി ബിഎസ്എൻഎൽ (7.77% വിപണി വിഹിതം) നാലാമതുമാണുള്ളത്.


Click it and Unblock the Notifications







