ഡിസംബർ പരീക്ഷയിൽ ബിഎസ്എൻഎൽ പൊട്ടി! പുതിയ വരിക്കാരിൽ ഫസ്റ്റടിച്ച് എയർടെൽ, ജിയോ രണ്ടാമത്; TRAI കണക്ക് എത്തി
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. 2025 ഡിസംബർ ലെ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റയാണ് ട്രായി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറിലെ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പുതിയ വരിക്കാരെ നേടുന്നതിൽ ബിഎസ്എൻഎല്ലിന് ഡിസംബറിൽ തിരിച്ചടി ഉണ്ടായി, വിഐക്ക് ഒപ്പം വരിക്കാരെ നഷ്ടമായ കമ്പനികളുടെ പട്ടികയിലാണ് ഇത്തവണ് ബിഎസ്എൻഎൽ ഇടംപിടിച്ചിരിക്കുന്നത്. 2025 ഡിസംബറിൽ ഏറ്റവുമധികം വയർലെസ് വരിക്കാരെ സ്വന്തമാക്കിയത് എയർടെൽ ആണ്, പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ എയർടെലിന് പിന്നിലാണ് എന്നതും ശ്രദ്ധേയമാണ്.
ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം എയർടെലിന് ഡിസംബറിൽ പുതിയതായി 5,428,314 (5.43 ദശലക്ഷം) വയർലെസ് വരിക്കാരെ ലഭിച്ചു. റിലയൻസ് ജിയോയ്ക്ക് ഇതേ കാലയളവിൽ പുതിയതായി സ്വന്തമാക്കാനായത് 2,960,588 (2.96 ദശലക്ഷം) വരിക്കാരെ ആണ്. അതേസമയം വിഐക്കും ബിഎസ്എൻഎല്ലിനും വരിക്കാരെ നഷ്ടമായ കണക്കാണ് ഡിസംബറിൽ പറയാനുള്ളത്.

ഡിസംബറിൽ ബിഎസ്എൻഎല്ലിന് 206,797 വയർലെസ് വരിക്കാരെ നഷ്ടമായി, മറ്റൊരു പൊതുമേഖലാ കമ്പനിയായ എംടിഎൻഎല്ലിന് 2,587 വരിക്കാരെ നഷ്ടമായിട്ടുണ്ട്. ഡിസംബറിന് മുൻപുള്ള നാലഞ്ച് മാസം ബിഎസ്എൻഎൽ പുതിയ വരിക്കാരെ നേടുന്നതിൽ ജിയോയ്ക്കും എയർടലിനും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഡിസംബറിൽ പുതിയ സിം കാർഡ് നൽകുന്നതിൽ ചില തടസങ്ങൾ ബിഎസ്എൻഎല്ലിന് നേരിട്ടു.
ഉപയോക്താക്കളുടെ ഡീറ്റെയിൽസ് ശേഖരിക്കുന്നതിനും സിം അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യുന്നതിനും ബിഎസ്എൻഎൽ ജീവനക്കാർ ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ സഞ്ചാർ ആധാർ ഓഫ്‌ലൈനായതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ആപ്പിന്റെ ഡെവലപ്പറായ ഇന്റൻസ് എന്ന സ്വകാര്യ കമ്പനി നവംബർ 30 ന് അർദ്ധരാത്രിയിൽ സേവനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതോടെ ഡിസംബറിൽ ബിഎസ്എൻഎൽ സിം വിതരണം തടസപ്പെടുകയായിരുന്നു.

2025 ഓഗസ്റ്റ് മുതലിങ്ങോട്ടുള്ള മാസങ്ങളിൽ ബിഎസ്എൻഎൽ തുടർച്ചയായി പുതിയ വരിക്കാരെ നേടിയിരുന്നു. എന്നാൽ ഡിസംബറിൽ ഉണ്ടായ ഈ പ്രതിസന്ധി പുതിയ വരിക്കാരെ നേടുന്നതിൽ തിരിച്ചടിയാകുമെന്ന് അന്ന് തന്നെ വിലയിരുത്തലുകൾ നമ്മൾ നടത്തിയതാണ്. ഇപ്പോൾ പ്രതീക്ഷിച്ചതുപോലെ തന്നെ ബിഎസ്എൻഎൽ ഡിസംബറിൽ പിന്നോട്ട് പോയിരിക്കുന്നു.
അതേസമയം നഷ്ടമായ വരിക്കാരുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ട് എന്നത് ഒഴിച്ചാൽ വിഐയുടെ കാര്യത്തിൽ ഡിസംബറിലും മാറ്റമൊന്നുമില്ല. തുടർച്ചയായി എല്ലാ മാസവും വരിക്കാർ കൊഴിഞ്ഞുപോകുന്നതിന്റെ കണക്കാണ് വിഐക്ക് പറയാനുള്ളത്. ഡിസംബറിൽ വോഡഫോൺ ഐഡിയയ്ക്ക് 940,731 (0.94 ദശലക്ഷം) വയർലെസ് വരിക്കാരെ നഷ്ടമായി എന്ന് ട്രായിയുടെ കണക്ക് വെളിപ്പെടുത്തുന്നു.
പശ്ചിമ ബംഗാൾ, യുപി (പടിഞ്ഞാറ്) എന്നിവ ഒഴികെ, മറ്റെല്ലാ ടെലിക്കോം സർക്കിളുകളിലും 2025 ഡിസംബറിൽ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണത്തിൽ വളർച്ചയുണ്ടായി എന്ന് ട്രായി റിപ്പോർട്ട് പറയുന്നു. വയർലെസ് (മൊബൈൽ, ഫിക്സഡ് വയർലെസ് ആക്‌സസ്) വരിക്കാരുടെ മൊത്തം എണ്ണം 2025 നവംബർ അവസാനം 1,250.56 ദശലക്ഷം ആയിരുന്നു. അത് 2025 ഡിസംബർ അവസാനത്തോടെ 1,258.77 ദശലക്ഷമായി വർദ്ധിച്ചു.

ഇന്ത്യൻ ടെലിക്കോം വിപണിയുടെ 92.53 ശതമാനം സ്വകാര്യ ടെലിക്കോം കമ്പനികളുടെ പക്കലാണ്. ബാക്കി 7.47 ശതമാനം ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും കൈവശം വച്ചിരിക്കുന്നു. 489.05 ദശലക്ഷം വയർലെസ് വരിക്കാരുള്ള റിലയൻസ് ജിയോ തന്നെയാണ് ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും വലിയ കമ്പനി. 39.31 ശതമാനം വിപണി വിഹിതം ജിയോ കൈയടക്കിയിരിക്കുന്നു.
463.38 ദശലക്ഷം വയർലെസ് വരിക്കാരുമായി രണ്ടാം സ്ഥാനത്ത് എയർടെലും 198.77 ദശലക്ഷം വയർലെസ് വരിക്കാരുമായി മൂന്നാം സ്ഥാനത്ത് വിഐയും 92.76 ദശലക്ഷം വയർലെസ് വരിക്കാരുമായി നാലാമത് ബിഎസ്എൻഎല്ലും തുടരുന്നു. ഡിസംബറിൽ ഇന്ത്യയിലെ വയർലെസ് ടെലി-സാന്ദ്രത 87.90 ശതമാനത്തിൽ നിന്ന് 88.41 ശതമാനമായി വർദ്ധിച്ചുവെന്നും (M2M സെല്ലുലാർ മൊബൈൽ കണക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്) ട്രായി റിപ്പോർട്ട് പറയുന്നു.


Click it and Unblock the Notifications








