ഒടുവിൽ പേരും ഇട്ടും! ബിഎസ്എൻഎൽ 5G- Q 5G എന്ന് അറിയപ്പെടും; പിന്തുണയ്ക്ക് നന്ദിയെന്ന് BSNL
ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നത് കാത്തിരിക്കുന്ന ഒരുപാട് ടെലിക്കോം ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഇനി ബിഎസ്എൻഎൽ മാത്രമാണ് 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ളത്. ജിയോയും എയർടെലും വളരെ നേരത്തേ 5ജി വ്യാപനം ആരംഭിക്കുകയും ഇപ്പോൾ രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും 5ജി സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. വൊഡാഫോൺ ഐഡിയ അടുത്തിടെയാണ് 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയത്. ഏറ്റവുമൊടുവിൽ ബംഗളുരുവിൽ ഉൾപ്പെടെ ഏതാനും തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഇതുവരെ വിഐ 5ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടുള്ളത്. അതേസമയം ബിഎസ്എൻഎല്ലിന്റെ കാര്യമെടുത്താൽ 5ജി അവതരിപ്പിക്കുന്നതിന് മുൻപ് അവർക്ക് 4ജി അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു.
ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അധികം വൈകാതെ ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആ പ്രതീക്ഷകൾക്ക് ബലം പകർന്നുകൊണ്ട് ഇന്ന് ബിഎസ്എൻഎൽ തങ്ങളുടെ 5ജി സേവനത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ബിഎസ്എൻഎൽ 5ജി Q-5G അഥവാ ക്വാണ്ടം 5ജി എന്ന് അറിയപ്പെടും. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇപ്പോൾ ബിഎസ്എൻഎൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പിന്നാലെ 5ജി സേവനങ്ങളും തുടങ്ങും എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിട്ടുള്ളത്. ഇപ്പോൾ ബിഎസ്എൻഎൽ ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് ടവറുകൾ സജ്ജമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെ തങ്ങളുടെ 5ജി സേവനത്തിന് അനുയോജ്യമായ പേര് നിർദേശിക്കാൻ ബിഎസ്എൻഎൽ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
ബിഎസ്എൻഎൽ നിർദേശത്തെ തുടർന്ന് പൊതുജനം നിർദേശിച്ച പേരുകളിൽ നിന്നാണ് Q 5ജി എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നത്. ''നിങ്ങൾ അതിന് പേര് നൽകി. ഞങ്ങൾ അത് സാധ്യമാക്കി! BSNL Q-5G - ക്വാണ്ടം 5G അവതരിപ്പിക്കുന്നു. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയ്ക്കും ആവേശകരമായ പങ്കാളിത്തത്തിനും നിങ്ങൾ ഓരോരുത്തർക്കും ഒരു വലിയ നന്ദി''.

''നിങ്ങൾ കാരണം, BSNL-ന്റെ 5G നെറ്റ്‌വർക്കിന്റെ ശക്തി, വേഗത, ഭാവി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പേര് ഇപ്പോൾ ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഒരു സേവനം ആരംഭിച്ചിട്ടില്ല - എങ്കിലും നമ്മൾ ചരിത്രം സൃഷ്ടിച്ചു," എന്നാണ് 5ജി സേവനങ്ങളുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് പങ്കുവച്ചിരിക്കുന്ന ട്വിറ്റർ പോസ്റ്റിൽ ബിഎസ്എൻഎൽ പ്രതികരിച്ചിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുത്ത സർക്കിളുകളിൽ ബിഎസ്എൻഎൽ ക്വാണ്ടം 5G FWA ഉദ്ഘാടനം ചെയ്തു.
5ജി അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ബിഎസ്എൻഎൽ ഉടൻ തന്നെ ആരംഭിക്കും എന്ന സൂചനയും ബിഎസ്എൻഎൽ അധികൃതർ നൽകുന്നുണ്ട്. 4ജിയുടെ കാര്യത്തിലെന്നപോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി ടെക്നോളജിയും തദ്ദേശീയ ഡിവൈസുകളും ഉപയോഗിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 5ജി സേവനങ്ങളും ആരംഭിക്കുക. ബിഎസ്എൻഎൽ 5ജി സേവനങ്ങളുടെ തുടക്കം ഡൽഹിയിൽ തന്നെയായിരിക്കും എന്നാണ് മുൻകാല റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോൾ ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിന്റെ തൊട്ടരികിലാണ്. ഈ ഒരുലക്ഷം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ (ജൂൺ) ഉണ്ടാകും. ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു നീക്കവും ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

നിലവിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിന് പുറമേ വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനായി കേന്ദ്ര ടെലിക്കോം മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടും എന്ന് കഴിഞ്ഞ ആഴ്ച വാർത്ത വന്നിരുന്നു. 5ജി ലഭ്യമാകുന്നതുപോലെ തന്നെ കൂടുതൽ 4ജി ടവറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട് എന്നതും ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷം പകരുന്നുണ്ട്.


Click it and Unblock the Notifications