15000 കോടി രൂപ വേണമെന്ന് കേന്ദ്രത്തോട് BSNL; 19000 ജീവനക്കാർ വിആർഎസിൽ പുറത്തേക്ക്
ബിഎസ്എൻഎൽ കേന്ദ്ര സർക്കാരിനോട് 15000 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കമ്പനിയിൽ VRS (വോളണ്ടറി റിട്ടയർമെൻ്റ് സ്കീം) 2.0 നടപ്പിലാക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു, ഇത് നടപ്പാക്കുന്നതിനായാണ് കേന്ദ്ര സർക്കാരിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ബിഎസ്എൻഎൽ ബോർഡ് ടെലിക്കോം വകുപ്പിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്, ഈ നിർദേശം ഉടൻ തന്നെ ക്യാബിനറ്റിന് അയയ്ക്കും. ബിഎസ്എൻഎല്ലിന്റെ ചെലവ് കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് വിആർസ് 2.0 നടപ്പാക്കാൻ പോകുന്നത്. ഇതിന് മുൻപ് 2019 ബിഎസ്എൻഎൽ ഒരു വിആർഎസ് പ്രോജക്ട് നടപ്പാക്കിയിരുന്നു, അത് ഏറെ ഗുണം ചെയ്തു എന്നാണ് വിലയിരുത്തപ്പെടുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ നല്ലൊരു ഭാഗവും പോകുന്നത് ജീവനക്കാരുടെ ചെലവിലേക്കാണ്. അതായത് ബിഎസ്എൻഎൽ വരുമാനത്തിൻ്റെ 38% അല്ലെങ്കിൽ ഏകദേശം 7,500 കോടി രൂപ ജീവനക്കാർക്കായിട്ടാണ് ചെലവഴിക്കുന്നത്. അതിനാൽ ചെലവ് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി VRS 2.0 പ്രോജക്ട് നടപ്പാക്കാൻ ബിഎസ്എൻഎൽ ഇറങ്ങിത്തിരിച്ചിരിക്കുന്നു.

വിആർഎസ് 2.0 പ്രോജക്ടിലൂടെ തങ്ങളുടെ തൊഴിലാളികളിൽ ഏകദേശം 18,000- 19,000 ജീവനക്കാരെ കുറയ്ക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു എന്ന് ഇടി റിപ്പോർട്ട് പറയുന്നു. അതിലൂടെ ജീവനക്കാർക്കായി 7,500 കോടി രൂപ ചെലവഴിക്കുന്നത്, ഒരു വർഷം 5,000 കോടി രൂപയായി കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കുകൂട്ടൽ.
സർക്കാർ സഹായത്തോടെ വിആർഎസ് 2.0 നടപ്പാക്കാനായാൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബിഎസ്എൻഎല്ലിന് അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 2019-ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ദുരിതാശ്വാസ പാക്കേജിൻ്റെ ബലത്തിൽ ബിഎസ്എൻഎൽ വിആർഎസ് പ്രഖ്യാപിച്ചു. ചെലവ് കുറയ്ക്കാനും പ്രവർത്തനക്ഷമത നേടാനും അത് ബിഎസ്എൻഎല്ലിനെ സഹായിച്ചു. ഇപ്പോൾ വീണ്ടും അതുതന്നെ ആവർത്തിക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു.

ഇതിനകം വിവിധ ദുരിതാശ്വാസ പാക്കേജുകളിലായി കേന്ദ്രത്തിൽ നിന്ന് ബിഎസ്എൻഎല്ലിന് ലക്ഷക്കണക്കിന് കോടി രൂപ സഹായമായി അനുവദിച്ചിട്ടുണ്ട്. അതിൽ പണമായി ലഭിച്ചത് 21,000 കോടി രൂപയാണ്. ബാക്കി തുക സ്പെക്‌ട്രവും മറ്റും നൽകിയിട്ടുള്ള ആസ്തികളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. അതിനും ഫണ്ട് വേണം.
ഈ സാഹചര്യത്തിൽ വിആർഎസ് 2.0 നടപ്പാക്കാനുള്ള ഫണ്ട് ബിഎസ്എൻഎല്ലിന്റെ പക്കലില്ല. അതിനാലാണ് കേന്ദ്ര സർക്കാരിന്റെ സഹായം തേടിയിരിക്കുന്നത്. മികച്ച രീതിയിൽ ജോലി ചെയ്യാനും ബിഎസ്എൻഎല്ലിനെ നേട്ടങ്ങളിലേക്ക് നയിക്കാനും കെൽപ്പുള്ള ഊർജ്വസലരെ നിലനിർത്താനും ഈ പ്രോജക്ട് ബിഎസ്എൻഎല്ലിനെ സഹായിക്കും എന്ന് കരുതപ്പെടുന്നു. ഭാവിയിൽ ടെക്നോളജിയുടെയും എഐയുടെയുമൊക്കെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് പാർലമെന്ററി സമിതി അടുത്തിടെ ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിരുന്നു. ആ വഴിക്കും നീക്കങ്ങൾ ഉണ്ടായേക്കാം.
ഫിനാൻഷ്യൽ ഇയർ 27-ൽ ബിഎസ്എൻഎൽ 558 കോടി രൂപ ലാഭം നേടുമെന്നും 2027ൽ കമ്പനി ലാഭത്തിലാകുമെന്നും കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സ്റ്റാൻഡിങ് കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ടെലിക്കോം വകുപ്പ് അവകാശപ്പെട്ടിരുന്നു. 4G, 5G സേവനങ്ങൾ ആരംഭിക്കുന്നതോടെ വരും വർഷങ്ങളിൽ ബിഎസ്എൻഎൽ വരുമാനം വർധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്.

2027ൽ ലാഭത്തിലാകണമെങ്കിൽ അതിന് ഇപ്പോഴേ നടപടികൾ ആരംഭിക്കണം. അതിന്റെ ഭാഗമായി ചെലവുകൾ കുറച്ചും പ്രവർത്തനേതര വരുമാനം വർധിപ്പിച്ചും നഷ്ടം ചുരുക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. വരുമാനം വർധിപ്പിക്കാനുള്ള കാര്യങ്ങളോടൊപ്പം ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളും നോക്കണമെന്ന് പാർലമെൻ്ററി കമ്മിറ്റിയും ടെലിക്കോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിആർഎസ് 2.0യ്ക്കായി ഫണ്ട് അനുവദിക്കണമെന്ന ബിഎസ്എൻഎല്ലിൻ്റെ ആവശ്യത്തിന് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications







