ഇതെന്ത് മറിമായം! നല്ല സേവനമാണ്, എന്നിട്ടും വിഐ ബിഎസ്എൻഎല്ലിനോട് വരെ തോൽക്കുന്നു, ഉത്തരമുണ്ടോ?
ഇന്ത്യൻ ടെലിക്കോം രംഗത്തെ ആധികാരികമായി വിലയിരുത്തുന്ന ഡാറ്റയാണ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ പ്രതിമാസ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച 2025 ഒക്ടോബറിലെ പ്രതിമാസ റിപ്പോർട്ട് ട്രായി പുറത്തുവിടുകയുണ്ടായി. അതിൽ ഏവരെയും അമ്പരപ്പിച്ചത് ഒക്ടോബറിൽ വൊഡാഫോൺ ഐഡിയ (VI) വിട്ടുപോയ വരിക്കാരുടെ എണ്ണം ഏതാണ്ട് 20 ലക്ഷത്തോളമുണ്ട് എന്നതായിരുന്നു, അതോടൊപ്പം തന്നെ ബിഎസ്എൻഎൽ പോലും വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ തുടർച്ചയായി വിഐയെ പിന്നിലാക്കുന്നു എന്ന വിവരവും ശ്രദ്ധിക്കപ്പെട്ടു. ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിലും ബിഎസ്എൻഎൽ പുതിയ വരിക്കാരെ നേടുന്നതിൽ ജിയോയ്ക്കും എയർടെലിനും ഒപ്പമുണ്ടായിരുന്നു. ഒക്ടോബറിലും അത് തുടർന്നു.
വിഐ വരിക്കാർ കുറയുന്നു എന്നത് ട്രായിയുടെ പ്രതിമാസ റിപ്പോർട്ടിലെ ഒരു സ്ഥിരം കാര്യമാണ്. എന്നാൽ വിഐക്ക് ഒപ്പം വരിക്കാരെ നഷ്ടപ്പെട്ട കമ്പനികളുടെ പട്ടികയിലായിരുന്നു പലപ്പോഴും ബിഎസ്എൻഎല്ലും ഉണ്ടായിരുന്നത്. വിഐക്കോ, ബിഎസ്എൻഎല്ലിനോ - ഇതിൽ ആർക്കാണ് ഏറ്റവുമധികം വരിക്കാരെ നഷ്ടമായിരിക്കുന്നത് എന്ന് മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്.

എന്നാൽ ഒഴപ്പി നടന്ന വിദ്യാർഥി റാങ്ക് മേടിച്ചതുപോലെയുള്ള പെർഫോമൻസ് ആണ് കഴിഞ്ഞ മൂന്ന് മാസമായി ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്. അതായത് പുതിയ വരിക്കാരെ നേടുന്നതിൽ തുടർച്ചയായി മൂന്ന് മാസവും ബിഎസ്എൻഎൽ വിജയിച്ചു. പുതിയ വരിക്കാരുടെ എണ്ണത്തിൽ പല ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും വരിക്കാരെ നഷ്ടമായ കമ്പനികളുടെ പട്ടികയിൽ പെടാതെ, വരിക്കാരെ സ്വന്തമാക്കിയ കമ്പനികളുടെ പട്ടികയിൽ ഇടംപിടിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞത് വലിയ സംഭവം തന്നെയാണ്.
എന്നാൽ വിഐ തുടർച്ചയായി വരിക്കാരെ നഷ്ടപ്പെടുത്തുകയും ബിഎസ്എൻഎൽ പുതിയ വരിക്കാരെ സ്വന്തമാക്കി മുന്നോട്ട് പോകുകയും ചെയ്യുന്നത് കാണുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. ബിഎസ്എൻഎല്ലിനെക്കാൾ മികച്ച ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് വൊഡാഫോൺ ഐഡിയ. സത്യത്തിൽ, ബ്രാൻഡിന്റെ കാര്യത്തിൽ പോലും വിഐ ബിഎസ്എൻഎല്ലിനെക്കാൾ മുകളിലുള്ള കമ്പനിയാണ്. എന്നിട്ടും എന്തുകൊണ്ട് വിഐക്ക് വരിക്കാർ കുറയുകയും ബിഎസ്എൻഎല്ലിന് വരിക്കാർ കൂടുകയും ചെയ്യുന്നു എന്നതാണ് ഉയരുന്ന ചോദ്യം.

ബിഎസ്എൻഎൽ 4ജി വ്യാപനം നിലവിൽ പുരോഗമിക്കുന്നതേയുള്ളൂ, അതേസമയം വിഐ മികച്ച നിലവാരത്തിലാണ് ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ വിഐക്ക് 5ജി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എങ്കിലും 5ജി ഇല്ലാത്ത ഇടങ്ങളിലും ഡാറ്റ വേഗതയിലടക്കം വിഐ മികവ് പുലർത്തുന്നുണ്ട്. കൂടാതെ ഡാറ്റ ധാരാളം ലഭ്യമാക്കുന്ന ഓഫറുകളും വിഐ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോയും എയർടെലും ഇപ്പാൾ 4ജി വരിക്കാരെ കാര്യമായി പരിഗണിക്കാറില്ല, എന്നാൽ 4ജി വരിക്കാർക്ക് ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച റീച്ചാർജ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനി വൊഡാഫോണ ഐഡിയയാണ്. അവരുടെ ഓൾ നൈറ്റ് ഡാറ്റ ഓഫർ, ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ, നോൺസ്റ്റോപ്പ് ഹീറോ അൺലിമിറ്റഡ് ഡാറ്റ ഓഫർ എന്നിവയോട് പകരം വയ്ക്കാൻ പറ്റുന്ന റീച്ചാർജ് പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പക്കൽ കാണാനേ കഴിയില്ല.
ഇത്രയും ആനുകൂല്യങ്ങൾ കുറ്റമറ്റ രീതിയിൽ നൽകിയിട്ടും എന്തുകൊണ്ട് വരിക്കാർ വിഐയെ ഉപേക്ഷിക്കുന്നു. മറുവശത്ത് ബിഎസ്എൻഎൽ 4ജി വ്യാപനം ചെറിയ നിലയിൽ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ, ഇനിയും ഒട്ടേറെ മെച്ചപ്പെടാനുണ്ട്. എന്നിട്ടും ബിഎസ്എൻഎല്ലിലേക്ക് വരിക്കാർ പുതിയതായി എത്തുന്നുണ്ട്. ഇവിടെ മികച്ച സേവനം നൽകിയിട്ടും എന്തുകൊണ്ടാണ് വിഐ പിറകോട്ട് പോകുകയും കാര്യമായി 4ജി പോലും ലഭ്യമാക്കാഞ്ഞിട്ടും ബിഎസ്എൻഎൽ മുന്നേറുകയും ചെയ്യുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ അൽപ്പം ബുദ്ധിമുട്ടാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ (ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ 2025) ബിഎസ്‌എൻഎൽ 20 ലക്ഷത്തിലധികം വയർലെസ് വരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം വിഐക്ക് ആകട്ടെ 30 ലക്ഷത്തിലധികം വയർലെസ് വരിക്കാരെ നഷ്ടമാകുകയും ചെയ്തു. കൂടാതെ ബിഎസ്‌എൻഎല്ലിന്റെ വിപണി വിഹിതം 41.08% ൽ നിന്ന് 41.36% ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
സ്വകാര്യ കമ്പനികളുടെ ഉയർന്ന റീച്ചാർജ് പ്ലാനുകളോടുള്ള പ്രതിഷേധവും, കുറഞ്ഞ ചെലവിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന കമ്പനി എന്നതും ബിഎസ്എൻഎൽ കണക്ഷൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടാകാം. ബിഎസ്എൻഎൽ സേവനങ്ങൾ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ആളുകളെ ആകർഷിച്ചേക്കാം. എന്തായാലും വരും മാസങ്ങളിലും ഈ അനുകൂല അന്തരീക്ഷം നിലനിർത്തി മുന്നോട്ട് പോകാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications







