ബ്രോഡ്ബാൻഡ് വേഗം സൗജന്യമായി കൂട്ടാം! ബിഎസ്എൻഎല്ലിന്റെ സ്വാതന്ത്ര്യദിന സമ്മാനം, ഹൈ ക്വാളിറ്റി കണക്ടിവിറ്റി!
ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബ്രോഡ്ബാൻഡ് വരിക്കാർക്ക് കിടിലൻ ഓഫറുമായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ രംഗത്ത്. ഭാരത് ഫൈബർ അമൃത് ഉത്സവ് എന്ന് പേരിട്ടിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ഓഫറിന്റെ ഭാഗമായി വരിക്കാർക്ക് മികച്ച കണക്ടിവിറ്റി ബിഎസ്എൻഎൽ സൗജന്യമായി നൽകും. ബിഎസ്എൻഎല്ലിന്റെ FTTH ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കാണ് ഓഫർ ലഭ്യമാകുക.
നിലവിലുള്ള ബ്രോഡ്ബാൻഡ് കണക്ഷന്റെ വേഗത 100 എംബിപിഎസിൽ താഴെയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കാണ് ഈ ആനുകൂല്യം ആസ്വദിക്കാൻ സാധിക്കുക. കാരണം 100എംബിപിഎസ് വേഗത സൗജന്യമായി ലഭ്യമാക്കുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ വേഗത ലഭ്യമാകുക.

ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ 2023 ഓഗസ്റ്റ് 15 മുതൽ 2023 സെപ്റ്റംബർ 15 വരെയാണ് ലഭ്യമാകുക. ഈ ഓഫറിന്റെ ഭാഗമായി കുറഞ്ഞ വേഗതയുടെ പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് അധിക പണം മുടക്ക് ഇല്ലാതെ പത്ത് ദിവസത്തേക്ക് 100എംബിപിഎസ് വേഗതയിൽ ഡാറ്റ ആസ്വദിക്കാം.
എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ ലളിതമായ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. സൗജന്യമായി പ്ലാൻ 100എംബിപിഎസ് വേഗതയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് വരിക്കാർ ആദ്യം ആപ്പ് സ്റ്റോറിൽ നിന്ന് "My BSNL ആപ്പ്" ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആപ്പ് വഴി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം.
അതിനായി ബിഎസ്എൻഎൽ ആപ്പിൽ കയറി തങ്ങളുടെ അക്കൗണ്ടിലേക്ക് ഫൈബർ-ടു-ദി-ഹോം (FTTH) നമ്പർ ചേർക്കുക. തുടർന്ന് സ്പീഡ് ബൂസ്റ്റർ സ്കീമിന് കീഴിൽ ഓഫറിനായി രജിസ്റ്റർ ചെയ്യാൻ ഒരു അറിയിപ്പ് ലഭിക്കും. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് (OTP) മൂല്യനിർണ്ണയം പൂർത്തിയാക്കണം.
സ്പീഡ് ബൂസ്റ്ററിനായുള്ള രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ, 48 മണിക്കൂറിനുള്ളിൽ ഉപയോക്താക്കളുടെ FTTH കണക്ഷനുകളിൽ 100 Mbps വേഗത ആക്ടീവ് ആകും. ഈ വേഗത പിന്നീടുള്ള 10 ദിവസത്തേക്ക് ലഭ്യമാകും. എന്നാൽ, ഈ ഓഫർ ലഭ്യമാകണമെങ്കിൽ ചില നിബന്ധനകളും യോഗ്യതകളും പാലിക്കേണ്ടതുണ്ട്.
449 രൂപ, 499 രൂപ, 599 രൂപ, 666 രൂപ എന്നീ ഫിക്സഡ് മന്ത്ലി ചാർജുകളുള്ള (എഫ്എംസി) പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ബിഎസ്എൻഎല്ലിന്റെ ഈ സ്വാതന്ത്ര്യദിന ഓഫർ ലഭ്യമാകുക. ഈ വരിക്കാർ സെപ്റ്റംബർ 15 ന് ഉള്ളിൽ ബിഎസ്എൻഎൽ ആപ്പ് വഴി രജിസ്റ്റർ ചെയ്താൽ 100എംബിപിഎസ് വേഗതയിൽ 10 ദിവസത്തേക്ക് ഡാറ്റ ആസ്വദിക്കാം.

ഈ പരിമിതകാല ഓഫർ ഇതിനകം തന്നെ എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് ലഭ്യമാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു. അതേസമയം പ്രതിമാസ ചാർജിൽ കുടിശികയുള്ള ഉപയോക്താക്കൾക്ക് ഓഫർ ആനുകൂല്യം ലഭ്യമാകില്ല എന്നും ബിഎസ്എൻഎൽ ഇതോടൊപ്പം അറിയിക്കുന്നുണ്ട്. സാമ്പത്തിക ചെലവ് കണക്കിലെടുത്ത് കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കുറച്ച് ദിവസത്തേക്കെങ്കിലും ഹൈസ്പീഡ് ഡാറ്റ ലഭിക്കാൻ ഈ ഓഫർ സഹായിക്കുന്നു.
രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ അവസരത്തിൽ തങ്ങളുടെ പാവപ്പെട്ട ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള കണക്റ്റിവിറ്റി നൽകാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎല്ലിന്റെ നിലപാടാണ് ഈ ഓഫറിൽ തെളിയുന്നത്. ഇതിലൂടെ സാധാരണക്കാരായ വരിക്കാർക്ക് സന്തോഷം പകരാനും അതുവഴി സ്വാതന്ത്ര്യദിനം ആഘോഷിക്കാനുമുള്ള ബിഎസ്എൻഎൽ തീരുമാനം പ്രശംസനീയം തന്നെ!


Click it and Unblock the Notifications








