നിലനിൽപ്പിനായി പോരാടുന്ന മുൻ രാജാവ്! ജിയോയ്ക്ക് എതിരേ ബിഎസ്എൻഎല്ലിന്റെ തന്ത്രം വീണ്ടും
ഒരു കാലത്ത് ഇന്ത്യയിലെ ഫിക്സഡ് ബ്രോഡ്ബാൻഡ് രംഗത്തെ രാജാവായിരുന്നു ബിഎസ്എൻഎൽ. എന്നാൽ റിലയൻസ് എന്ന വമ്പൻ ബിസിനസ് സാമ്രാജ്യത്തിൽ നിന്നുള്ള ജിയോയുടെ രംഗപ്രവേശത്തോടെ ബിഎസ്എൻഎല്ലിന്റെ മേധാവിത്വം അവസാനിക്കുകയും ജിയോയും എയർടെലുമൊക്കെ വിപണിയിലെ മുൻനിരക്കാരാകുകയും ചെയ്തു. സർക്കാർ സ്ഥാപനം എന്ന കെട്ടുപാട് ബിഎസ്എൻഎല്ലിന്റെ വളർച്ചയിൽ വലിയ തിരിച്ചടിയായിട്ടുണ്ട്.
യഥാർഥത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ സ്വകാര്യ കമ്പനികളെക്കാൾ കൂടുതൽ ജനം സ്നേഹിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ബിഎസ്എൻഎൽ സേവനങ്ങളെ ആയിരുന്നു. എന്നാൽ സർക്കാർ സ്ഥാപനം ആയതിനാൽ തന്നെ കെടുകാര്യസ്ഥത ബിഎസ്എൻഎല്ലിന്റെ ശാപമായി മാറി. കാലത്തിനൊത്ത് മാറാൻ തയാറാകാഞ്ഞതോടെ ബിഎസ്എൻഎൽ പിന്നിലേക്കും എതിരാളികൾ മുന്നിലേക്കും കുതിച്ചു.

അതിവേഗമുള്ള നെറ്റ്വർക്ക് വിന്യാസത്തിലൂടെയും മികച്ച പ്ലാനുകളിലൂടെയും ഒടിടി അടക്കമുള്ള ആനുകൂല്യങ്ങളിലൂടെയുമൊക്കെ ജിയോയും എയർടെലും വിപണി വിഹിതം കൈയടക്കി. എങ്കിലും തിരിച്ചടികളെ ചെറുത്തുകൊണ്ട് പുതിയ വരിക്കാരെ ചേർക്കാനും സെഗ്‌മെൻ്റിൽ തങ്ങളുടെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനും ബിഎസ്എൻഎൽ ഇപ്പോഴും പോരാടുകയാണ്. അതിനായി ചില ഓഫറുകളും ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നുണ്ട്.
പുതിയ വരിക്കാരെ ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള ഇൻസ്റ്റലേഷൻ ചാർജ് 2025 സാമ്പത്തിക വർഷം അവസാനം വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ ഓഫർ യഥാർഥത്തിൽ കുറച്ച് നാളുകളായി നൽകിവരുന്നുണ്ട്. എന്നാൽ 2024 മാർച്ച് 31 വരെയാണ് ഈ ഓഫർ പ്രഖ്യാപിച്ചിരുന്നത്. ഈ കാലവധി കഴിഞ്ഞതിന് പിന്നാലെയാണ് ഓഫർ 2025 വരെ നീട്ടിയത്.

ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാകുന്നതിലൂടെ എന്ത് നേട്ടം കിട്ടും: ഭാരത് ഫൈബർ ഉപയോക്താക്കൾക്കും എയർഫൈബർ ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ 2025 വരെ ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാക്കിയിരിക്കുന്നു. പുതിയ വരിക്കാരെ ആകർഷിക്കാൻ ഇത് ബിഎസ്എൻഎല്ലിനെ സഹായിക്കും. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് പുതിയ കണക്ഷൻ എടുക്കുമ്പോൾ 500 രൂപ ലാഭിക്കാൻ സാധിക്കും.
ഇത് കൂടാതെ കോപ്പർ കണക്ഷനുകൾ വിന്യസിക്കുന്നതിന് ഈടാക്കിയിരുന്ന 250 രൂപ ഇൻസ്റ്റലേഷൻ ഫീസും ഒഴിവാക്കിയിട്ടുണ്ട്. പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ തീരുമാനിക്കുമ്പോൾ ബിഎസ്എൻഎല്ലിനെ പരിഗണിക്കാൻ ഈ ഓഫർ ആളുകളെ പ്രോത്സാഹിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ചില സ്വകാര്യ ടെലിക്കോം കമ്പനികളും ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ ഇൻസ്റ്റാളേഷൻ ഫീസ് ഒഴിവാക്കുന്നുണ്ട്. എന്നാൽ അതിൽ ചില നിബന്ധനകളും അടങ്ങിയിരിക്കുന്നു.
നിശ്ചിത കാലയളവിലേക്കുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ ഒന്നിച്ച് ഫീസ് അടച്ച് സ്വന്തമാക്കുമ്പോഴാണ് സ്വകാര്യ കമ്പനികൾ ഇൻസ്റ്റാളേഷൻ ഫീസ് ഒഴിവാക്കുന്നത്. എന്നാൽ ഇവിടെ ബിഎസ്എൻഎല്ലിന് അത്തരം നിബന്ധനകളൊന്നുമില്ല. അതിനാൽ തന്നെ പരീക്ഷണ അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ മാസം ഉപയോഗിച്ച ശേഷം പറ്റില്ല എന്ന് തോന്നിയാൽ കണക്ഷൻ ഈസിയായി ഒഴിവാക്കാൻ സാധിക്കും.

എന്നാൽ മറ്റ് കമ്പനികളുടെ ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്താൽ ഒന്നിച്ച് കുറേ നാളത്തേക്കുള്ള ഫീസ് അടയ്ക്കുന്നതിനാൽ രണ്ട് മാസം കഴിഞ്ഞ് ഈ കണക്ഷൻ നമുക്ക് പറ്റിയതല്ല എന്ന് തിരിച്ചറിഞ്ഞ് വേണ്ട എന്ന് വയ്ക്കാൻ ബുദ്ധിമുട്ടാണ്. കാരണം മുൻകൂട്ടി അടച്ച തുക നഷ്ടമാകും. അല്ലെങ്കിൽ കണക്ഷനായി നൽകിയ തുക നഷ്ടമാകും.
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ പരീക്ഷിക്കാൻ ഇത്തരം നഷ്ടക്കണക്കുകൾ ഒന്നും ഭയക്കേണ്ടതില്ല. ശ്രദ്ധയമായ മറ്റൊരു കാര്യം എന്തെന്നാൽ, വാസ്തവത്തിൽ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. മാത്രമല്ല വേഗതയുടെ കാര്യത്തിലും ഇവിടെ ഒട്ടും പേടിക്കേണ്ടതില്ല. ഏത് പ്ലാൻ ആണോ തെരഞ്ഞെടുക്കുന്നത് അതിൽപ്പറഞ്ഞ വേഗത കിട്ടിയിരിക്കും.


Click it and Unblock the Notifications








