ജിയോയെ വിരട്ടാൻ 300 രൂപയ്ക്കുള്ളിൽ ഒന്നല്ല, രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ!
രാജ്യത്തെ ഏറ്റവും പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒന്നാണ് ബിഎസ്എൻഎൽ(BSNL). റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള ജിയോ അടക്കം നിരവധി എതിരാളികളോട് പോരാടിക്കൊണ്ടാണ് ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിനുള്ള പ്രശസ്തി ബ്രോഡ്ബാൻഡ് മേഖലയിലും മാറ്റമില്ലാതെ തുടരുന്നുണ്ട്.
കുറഞ്ഞ നിരക്കിൽ മറ്റുള്ളവർ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ടെലിക്കോം മേഖലയിൽ ബിഎസ്എൻഎല്ലിന് ഒപ്പമെത്തുന്ന ആരുംതന്നെയില്ല. എന്നാൽ 4ജി എല്ലായിടത്തും എത്തിക്കാൻ കഴിയാത്തതിനാൽ ബിഎസ്എൻഎൽ എത്ര ഡാറ്റ വാരിക്കോരി നൽകിയാലും അത് ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് ചില മൊബൈൽ ഉപയോക്താക്കൾ പരാതിപ്പെടാറുണ്ട്.

എന്നാൽ ബ്രോഡ്ബാൻഡ് മേഖലയിലേക്ക് എത്തുമ്പോൾ അത്തരം പരാതികൾക്കൊന്നും ഒട്ടും ഇടം നൽകാതെ മികച്ച വേഗതയിൽ ബിഎസ്എൻഎൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നുണ്ട്. അതിനൊപ്പം കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനം എന്ന തങ്ങളുടെ സൽപ്പേര് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ കാര്യത്തിലും നിലനിർത്തുകയും ചെയ്യുന്നു. എതിരാളികളോട് ഏറ്റുമുട്ടാൻ ഈ മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിന് കരുത്താകുന്നു.
ഡാറ്റ വേഗതയനുസരിച്ച് തെരഞ്ഞെടുക്കാവുന്ന കുറഞ്ഞ നിരക്കുമുതൽ കൂടിയ നിരക്കുവരെയുള്ള ധാരാളം ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ വെറും 300 രൂപയിൽ താഴെ നിരക്കിൽ പോലും ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. സാധാരണക്കാരിലേക്കും ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിൽ ഈ പ്ലാനുകൾ വളരെ വലിയ പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ നിലവിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പട്ടികയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ കൂടുതലും കാണുക ബിഎസ്എൻഎൽ പ്ലാനുകളാണ്. ഏറ്റവും വിശ്വസനീയതയുള്ള ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ള മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 300 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളുണ്ട്. അവയിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.
300 രൂപയിൽ താഴെ വിലയിൽ എത്തുന്ന രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ ഭാരത് ഫൈബർ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾക്ക് പ്രതിമാസം 249 രൂപയും 299 രൂപയുമാണ് ചെലവാകുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ പുതിയ ഉപഭോക്താക്കൾക്കായാണ് ഈ പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്ലാനുകൾ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്.
249 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ: 10 എംബിപിഎസ് ഡാറ്റ വേഗതയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുന്ന ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുക. ആകെ 10 ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 1Mbps ആയി കുറയും. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് കോളിങ്ങും ലഭിക്കും.

299 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ഈ പ്ലാനും ഉപയോക്താവിന് 10 Mbps ഡാറ്റ വേഗത തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഡാറ്റയുടെ അളവ് 249 രൂപയുടെ പ്ലാനിനെക്കാൾ കൂടുതലാണ്. 249 രൂപയുടെ പ്ലാനിൽ 10 ജിബി ഡാറ്റയാണ് ലഭിക്കുന്നത്, എന്നാൽ 299 രൂപയുടെ ഈ പ്ലാനിൽ 20 ജിബി ഡാറ്റ ലഭിക്കും.
നിശ്ചിത 20GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 1 Mbps ആയി കുറയും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം ലഭിക്കും. എന്നാൽ ഈ രണ്ട് പ്ലാനുകളിലും ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപകരണങ്ങൾ ഉപയോക്താവ് തന്നെ വാങ്ങണം. മറ്റൊരു കാര്യം എന്തെന്നാൽ ജിഎസ്ടി കൂടാതെയുള്ള പ്ലാൻ നിരക്കാണ് ഇത്.
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈ പ്ലാനുകളിലൂടെ പുതിയ വരിക്കാരെ ആകർഷിക്കാനും പിന്നീട് അവരെ മറ്റ് പ്ലാനുകളിലേക്ക് എത്തിക്കാനും ആണ് ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ പേരെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ സഹായിക്കാൻ ഈ പ്ലാനുകൾക്ക് കഴിയുന്നു. ഈ പ്ലാനുകളിൽ താൽപര്യമുള്ളവർക്ക് പുതിയ കണക്ഷനായി അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിൽ ബന്ധപ്പെടാം.


Click it and Unblock the Notifications








