സസന്തോഷം നീണാൾ വാഴാം! 100 എംബിപിഎസ് വേഗതയിൽ 1 വർഷത്തേക്ക് ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
ഒരു വർഷം മികച്ച വേഗതയോടെയും വളരെ ലാഭകരമായും ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് ബിഎസ്എൻഎൽ. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ബിഎസ്എൻഎല്ലിന്റെ വേഗതയേറിയ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാണ്. താങ്ങാനാകുന്ന നിരക്കിലാണ് സേവനങ്ങൾ നൽകുന്നത് എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരേയൊരു ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഭാരത് ഫൈബറിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ്. ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നു എന്നതിനൊപ്പം മികച്ച ആനുകൂല്യങ്ങൾ നൽകുന്നു എന്നതും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളെ ശ്രദ്ധേയമാക്കുന്നു.

ആവശ്യവും കൈയിലുള്ള പണത്തിന്റെ അളവും അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് സാമ്പത്തികമായി കുറച്ച് ലാഭം നൽകുന്നത്. ഒരു വർഷത്തേക്ക് മികച്ച വേഗതയിൽ ഇൻർനെറ്റ് സേവനങ്ങൾ നൽകുന്ന 100 എംബിപിഎസ് പ്ലാൻ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനിനെ പരിചയപ്പെടാം.
ഒരു വർഷത്തേക്കുള്ള ബിഎസ്എൻഎൽ 100 എംബിപിഎസ് പ്ലാൻ: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്(ബിഎസ്എൻഎൽ) തങ്ങളുടെ 100 എംബിപിഎസ് ഫൈബർ പ്ലാൻ 9324 രൂപ നിരക്കിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് ഉള്ള പ്ലാൻ ആയതിനാൽ ഒറ്റയടിക്ക് അൽപ്പം ഉയർന്ന തുക നൽകേണ്ടിവരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ് വേഗത ലഭിക്കും. എഫ്യുപി നയങ്ങൾക്ക് വിധേയമായി പ്രതിമാസം 1500ജിബി അഥവാ 1.5ടിബി ഡാറ്റ ആണ് ഈ പ്ലാനിൽ ലഭ്യമാകുക. ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കൾ പലപ്പോഴും 3.3ടിബി ഡാറ്റയാണ് നൽകുന്നത്. അതിനെ അപേക്ഷിച്ച് നോക്കിയാൽ ഈ പ്ലാനിൽ ലഭിക്കുന്ന ഡാറ്റയുടെ അളവ് കുറവാണെന്ന് തോന്നിയേക്കാം.
എന്നാൽ അത് വെറും തോന്നലാണ്. ഒരു മാസത്തെ ആവശ്യങ്ങൾ നിറവേറ്റാൻ 1.5ടിബി ഡാറ്റ ആവശ്യത്തിലധികമാണ്. ഏതെങ്കിലും മാസം ഡാറ്റ പരിധി പിന്നിട്ടാലും 5എംബിപിഎസ് വേഗതയിൽ ബ്രൗസിങ് തുടരാൻ സാധിക്കും. ഈ ബ്രോഡ്‌ബാൻഡ് കണക്ഷനൊപ്പം ഒരു സൗജന്യ റൂട്ടർ ലഭ്യമാണ്. കൂടാതെ, അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യത്തോടുകൂടിയ സൗജന്യ ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും.
ഒരു വർഷത്തേക്ക് വൻ തുക ഒന്നിച്ച് നൽകുന്നതിനാൽ ഈ പ്ലാനിൽ ഒടിടി സേവനങ്ങൾ കൂടി നൽകിയിരുന്നെങ്കിൽ ഏറെ മികച്ചതാകുമായിരുന്നു. എന്നാൽ ഒടിടി ആനുകൂല്യങ്ങൾ ഇല്ലെങ്കിൽപ്പോലും ഈ പ്ലാൻ ലാഭകരമാണ്. 9324 രൂപ നിരക്കിൽ എത്തുന്ന ഈ പ്ലാനിന്റെ പ്രതിമാസം ചെലവ് കണക്കാക്കിയാൽ, 777 രൂപയാണ് വരുന്നത്.

ജിഎസ്ടി കൂടാതെയുള്ള നിരക്കാണ് ഇത്. 2024 മാർച്ച് 31 വരെ ഫൈബർ കണക്ഷന്റെ 500 രൂപ ഇൻസ്റ്റലേഷൻ ചാർജ് ബിഎസ്എൻഎൽ ഒഴിവാക്കിയിട്ടുണ്ട്. സിനിമാപ്ലസ്.ബിഎസ്എൻഎൽ.ഇൻ എന്നതിൽ ഉപയോക്താക്കൾക്ക് പ്രതിമാസം 249 രൂപയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും. YUPP ടിവിയാണ് ഒടിടി പ്ലാറ്റ്‌ഫോം നൽകുന്നത്.
ബിഎസ്എൻഎല്ലിൽ 100 എംബിപിഎസ് വേഗതയുള്ള മറ്റൊരു ബ്രോഡ്ബാൻഡ് പ്ലാൻ കൂടി ലഭ്യമാണ്. 12 മാസത്തേക്ക് 10188 രൂപ ആണ് ഈ പ്ലാനിന് ചെലവാകുക. 9324 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനിലും ഉൾപ്പെടുന്നത്. ഡാറ്റയുടെ അളവിൽ മാത്രമാണ് വിത്യാസമുള്ളത്. 10188 രൂപയുടെ പ്ലാനിൽ 3.3 ടിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്.


Click it and Unblock the Notifications








